ചിന്തയോ അതോ വെറും പ്രതികരണമോ? ഒരു ഗോസിപ്പ് തകർത്ത ജീവിതവും അതിന്റെ പിന്നിലെ ശാസ്ത്രവും

ആമുഖം:”കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുക” – ഈ പഴമൊഴി വെറുതെ ഉണ്ടായതല്ല. നമ്മളിൽ പലരും ഒരു കാര്യം കേട്ടാലുടൻ സത്യമെന്തെന്ന് ചിന്തിക്കാതെ പ്രതികരിക്കാറുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ ഒരനുഭവത്തിലൂടെ, എന്തുകൊണ്ടാണ് മനുഷ്യർ ഇത്ര വേഗത്തിൽ വൈകാരികമായി പ്രതികരിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ഇതിന് പിന്നിൽ നമ്മുടെ തലച്ചോറിലെ ‘അമിഗ്ദാല’ എന്ന ഭാഗത്തിന് വലിയൊരു പങ്കുണ്ട്.

സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ, ഞങ്ങളുടെ മറ്റൊരു കൂട്ടുകാരൻ കടന്നു വന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ, ഗോസിപ്പുകൾ പറയാൻ തുടങ്ങി ഇപ്പോൾ വന്ന കൂട്ടുകാരൻ. പറയുന്നതിനിടെ ഞങ്ങൾക്ക് അറിയാവുന്ന ഒരു പെൺകുട്ടിയെ പറ്റി സംസാരിച്ചു. അവന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ഞാൻ ഒരു കാര്യം അറിഞ്ഞു, ആ പെൺകുട്ടി ഒരു ആൺകുട്ടിയുമായി പ്രണയത്തിലാണ്. അവൾ വേറൊരു പയ്യനെ സ്കൂളിൽ പഠിക്കുന്ന സമയം സ്നേഹിച്ചിട്ട് പറ്റിച്ചിട്ട് പോയതാണ്. അല്ലെങ്കിലും പെൺകുട്ടികളെ വിശ്വസിക്കാൻ പറ്റില്ല, ഇപ്പോൾ ഉള്ള പയ്യൻ ഒരു പാവമാണ് അവനെ അവൾ ഉറപ്പായും പറ്റിക്കും. ഇത് അവളുടെ സ്ഥിരം പരിപാടിയാണ്. ഗോസ്സിപ് പറഞ്ഞ കൂട്ടുകാരൻ കുറച്ചു കഴിഞ്ഞു പോയി, ശേഷം എന്റെ സുഹൃത്ത് വളരെ മൂകനായിരിക്കുന്നു.

ആദ്യം ഞാനത് ഗൗരവത്തിൽ എടുത്തില്ല, അവൻ വേറെ എന്തെങ്കിലും ചിന്തിക്കുന്നുണ്ടാകും എന്നാണ് കരുതിയത്. പിന്നെ ഞാൻ പറയുന്നത് ഒന്നും അവൻ കേൾക്കുന്നില്ല എന്ന ബോധ്യം വന്നപ്പോൾ ചോദിച്ചു, എന്ത് പറ്റി നിനക്ക് ? ഒന്ന് മടിച്ചെങ്കിലും അവൻ പറഞ്ഞു. വന്ന കൂട്ടുകാരൻ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞില്ലേ, അവളും ഞാനും തമ്മിൽ ആറു മാസമായി പ്രണയത്തിലാണ്. ഇത് കേട്ടതും ഞാൻ ശരിക്കും ഞെട്ടി, എന്താണ് പറയേണ്ടതെന്ന് അല്ലെങ്കിൽ അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ പകച്ചു നിന്നും. ഒട്ടും വൈകിയില്ല അവൻ ഫോൺ എടുത്തു അവളെ വിളിച്ചു. ഒന്നും ചോദിക്കാതെ വളരെ ഉച്ചത്തിൽ, ക്ഷോഭിതനായി അവൻ സംസാരിക്കുന്നു. ഇങ്ങോട്ട് ഒന്നും സംസാരിക്കാൻ അവൻ സമയം കൊടുക്കാതെ എന്തൊക്കൊയോ പറയുന്നു. ഇതിനിടയിൽ അവൾ ഫോൺ കട്ട് ചെയ്യുന്നു അവൻ തിരിച്ചു വിളിച്ചു, അവൾ ഫോൺ എടുത്തു. വീണ്ടും അവൻ ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങി. ഇപ്പോൾ അവൾ ഫോൺ കട്ട് ചെയ്ത് സ്വിച് ഓഫ് ചെയ്തു. ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല, രാത്രി ഞാൻ അവനെ വിളിച്ചിട്ടു ചോദിച്ചു, നീ ഓക്കേ ആണോ ?

വർഷങ്ങൾ കഴിഞ്ഞു ഞാനും എന്റെ സുഹൃത്തും ഇപ്പോൾ പഴയ പോലെ കാണാറില്ല, വിളിക്കാറില്ല. അവന്റെ വിവാഹം വിളിച്ചിരുന്നു, ഞാൻ പോയിരുന്നു. ഒരിക്കൽ എന്നെ വിളിച്ചിട്ടു എന്തോ പറയണമെന്നുണ്ട് കാണാൻ സാധിക്കുമോ എന്ന് ചോദിച്ചു. രണ്ട് ദിവസം കഴിഞ്ഞു ഞങ്ങൾ കണ്ടു. കുറച്ചു നേരം കുടുംബ കാര്യങ്ങൾ പറഞ്ഞ ശേഷം അവൻ എന്നോട് പഴയ കാമുകിയെ പറ്റി സംസാരിച്ചു. മുഴുവൻ സംസാരിച്ചു തീർന്നപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ഞാൻ ഇരുന്നു. അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണു, ഞാൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൻ വളരെ വിഷമിച്ചു തിരികെ വാഹനത്തിൽ കയറും മുന്നേ പറഞ്ഞു, ഞാൻ എത്രയും കാലം അവളെ തെറ്റിദ്ധരിച്ചു. സത്യം അറിഞ്ഞപ്പോൾ സഹിക്കാൻ സാധിച്ചില്ല, അതാ നിന്നെ കാണാൻ വന്നതും, നിനക്ക് ഇക്കാര്യം അറിയാവുന്നത്കൊണ്ട് നിന്നോട് ഇത് പറയുന്നതും.

സത്യത്തിൽ എന്റെ സുഹൃത്തിനെ കാമുകി വെറുമൊരു ഗോസ്സിപ്പിന് ഇരയായി എന്നല്ലാതെ, അവൾക്ക് വേറെ ആരുമായും പ്രണയത്തിലല്ലായിരുന്നു. എന്റെ സുഹൃത്ത് കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്തു. ഇതിപ്പോൾ അറിഞ്ഞത് പെൺകുട്ടിയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് പറഞ്ഞ പയ്യനെ രണ്ടു ദിവസം മുൻപ് അവിചാരിതമായി എന്റെ സുഹൃത്ത് കാണാൻ ഇടയായി. അവൻ പറഞ്ഞു അവനു യഥാർത്ഥത്തിൽ വേറൊരു പെൺകുട്ടിയുമായി പ്രേമത്തിലായിരുന്നു, അവളെയാണ് അവൻ വിവാഹം കഴിച്ചതും.

ന്യൂറോപ്ലാസ്റ്റിറ്റി

മനുഷ്യരെല്ലാവരും ഒരു കാര്യം മുഴുവൻ അറിയുന്നതിന് മുൻപ് അല്ലെങ്കിൽ, വേറൊരാളുടെ ഭാഗം കേൾക്കാതെയുമാണ് പ്രതികരിക്കുന്നത്. അതിനുള്ള പ്രധാന കാരണം മനുഷ്യന്റെ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിറ്റി ആണ്. ജീവിതത്തിലെ അനുഭവങ്ങളും, പഠനങ്ങൾക്കും അനുസരിച്ച് തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സ്വയം പുനഃക്രമീകരിക്കാനും, പൊരുത്തപ്പെടുത്താനുമുള്ള കഴിവിനെയാണ് ന്യൂറോപ്ലാസ്റ്റിറ്റി എന്ന് പറയുന്നത്. അതായത് നമ്മൾ ചെറുപ്പം മുതൽ കണ്ടതും, കേട്ടതും മനസ്സിലാക്കിയതും, ചുറ്റുമുള്ളവർ എങ്ങനെ പെരുമാറുന്നുവോ അതുപോലെ ഗ്രഹിച്ചു, അറിഞ്ഞും അറിയാതെയും ജീവിതത്തിൽ പകർത്തുന്നു.

ഉപബോധമനസ്സ്

മനുഷ്യന്റെ പ്രവർത്തികളിൽ കൂടുതലും ഉപബോധമനസ്സാണ് ചെയ്യുന്നത്. തലച്ചോർ ഒരു കാര്യം പഠിച്ചെടുത്താൽ, പിന്നെ അത് ഓട്ടോമാറ്റിക്കായി ചെയ്യും. ഒരു വ്യക്തിയ്ക്ക് ഇഷ്ടപ്പെട്ട ഏത് കാര്യവും മറ്റൊരാൾ കുറ്റം പറഞ്ഞാൽ, സംശയം പ്രകടിപ്പിച്ചാൽ ഉടനെ പ്രതികരിക്കുന്നു. പറഞ്ഞ കാര്യം ശരിയാണോ തെറ്റാണോ എന്ന് ഉറപ്പിക്കാതെ. എല്ലാവരും അവരവരുടെ കാഴ്ചപ്പാടാണ് ശരി എന്ന് കൂടി കരുതുന്നുണ്ട്. ഒരാളുടെ അഹംഭാവം നിമിത്തം താൻ ചെയ്തത് തെറ്റാണ് എന്ന ബോധ്യം ഉണ്ടായാലും ഒരിക്കലും സമ്മതിക്കില്ല. അതിനാൽ വേറൊരാളുമായി തർക്കത്തിൽ ഏർപ്പെടുമ്പോൾ ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് ഉറപ്പിക്കാൻ, മറ്റൊരാൾക്ക് സമയം കൊടുക്കാതെ ദേഷ്യത്തോടെ, ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരിക്കും.

ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ കൂടുതലും തെറ്റായ വിവരങ്ങളാണ് പങ്കു വെയ്ക്കുന്നത്. കാണുന്നത് യാഥാർത്ഥമാണോ എന്ന് ഉറപ്പു വരുത്താതെ ഷെയർ ചെയ്യുകയാണ്. ഉദാഹരണമായി 2019 നടന്ന ഒരു സംഭവത്തെ അടുത്തകാലത്തായി നടന്നു എന്ന് അവകാശപ്പെട്ട് 2025ലും സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുന്നു. ഏതെങ്കിലും ഒരു കമ്പനി ഫ്രീ ആയി സാധങ്ങൾ കൊടുക്കുന്നു,അല്ലെങ്കിൽ പ്രധാനപ്പെട്ട ഒരാൾ മരണപ്പെടുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വന്നാൽ, അതിന്റെ ആധികാരികത പരിശോധിക്കാതെ ഉടനെ അത് മറ്റുള്ളവരുമായി പങ്കു വെയ്ക്കുകയാണ്.

അമിഗ്ദാല

മനുഷ്യരുടെ തലച്ചോറിൽ അമിഗ്ദാല എന്ന അവയവം ഉണ്ട്. അതിന്റെ പ്രധാന ചുമതല അതിജീവനമാണ്. ഭയമില്ലാത്ത മനുഷ്യരില്ല, അതുനുള്ള കാരണം അമിഗ്ദാലയാണ്. മനുഷ്യരുടെ വികാരങ്ങളുടെ കേന്ദ്രമാണ് അമിഗ്ദാല. നമ്മൾ നടന്നു പോകുമ്പോൾ പെട്ടെന്ന് ഒരാൾ അടുത്ത് വരുന്നുണ്ടെങ്കിൽ, അയാളുടെ ഉദ്ദേശം എന്താണെന്ന് അറിയുന്നതിന് മുൻപ്, സെക്കൻഡുകൾക്കുള്ളിൽ നമ്മൾ പ്രതികരിക്കും. ഒന്നുകിൽ അയാളെ തടയാൻ ശ്രമിക്കും അല്ലെങ്കിൽ പുറകിലേക്ക് പോകും. വിവരങ്ങൾ എല്ലാം പ്രോസസ്സ് ചെയ്യുന്നത് തലച്ചോറിലെ സെറിബ്രൽ കോർട്ടെക്സിലാണ്. എന്നാൽ പെട്ടെന്നുള്ള അപകടങ്ങൾ സെറിബ്രൽ കോർട്സ് മനസ്സിലാക്കുന്നതിന് മുൻപ് അമിഗ്ദല പ്രവർത്തിക്കുന്നു. അപ്പോൾ നമ്മൾ പ്രതികരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ.

അമിത ചിന്ത, ആഴത്തിലുള്ള ചിന്ത

അമിതമായി ചിന്തിക്കുന്നതും, ആഴത്തിൽ ചിന്തിക്കുന്നതും രണ്ടാണ്. കൂടുതൽ മനുഷ്യരും വളരെ ആഴത്തിൽ ചിന്തിക്കുന്നവർ അല്ല. അവർ തീരുമാനങ്ങൾ അതിവേഗത്തിൽ ഓട്ടോമാറ്റിക് ആയി എടുക്കുന്നു. അതിനാൽ എടുക്കുന്ന തീരുമാനങ്ങൾ കൂടുതലും തെറ്റായി പോകുന്നത്. വൈകാരികമായി എടുക്കുന്ന തീരുമാനങ്ങൾ മിക്കതും ശരിയായിക്കൊള്ളണമില്ല, കാരണം ചിന്തിക്കുന്നില്ല. വികാരങ്ങൾ എപ്പോഴും ഒരുപോലെ നിൽക്കില്ല. അതുകൊണ്ടാണ് വൈകാരികമായി ഒരിക്കലും തീരുമാനങ്ങൾ എടുക്കരുത് എന്ന് പറയുന്നത്.

ചില മനുഷ്യർക്ക് പല സന്ദർഭങ്ങളിലും പ്രതികരിക്കാൻ സാധിക്കില്ല. അവർക്ക് പ്രതികരിക്കാൻ കഴിവില്ലാത്തത്കൊണ്ടല്ല മറിച്ചു അവിടെ പ്രതികരിച്ചാൽ പ്രശ്നങ്ങൾ നേരിടും എന്ന തിരിച്ചറിവുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന നിരാശകളും, വിഷമങ്ങളും എല്ലാം മനസ്സിൽ കൊണ്ട് നടക്കും. എന്നിട്ട് മറ്റുള്ളവരിൽ എന്തിനും, ഏതിനും കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കും, ശരിയാണോ എന്ന് പോലും ചിന്തിക്കാതെ. ഇക്കൂട്ടർ തിരിച്ചു പ്രതികരിക്കാൻ സാധ്യത ഇല്ലാത്ത ആളുകളുമായി വെറുതെ തർക്കും, പ്രശ്നമുണ്ടാക്കും.

വേഗത്തിൽ ജീവിക്കുന്ന മനുഷ്യൻ

മനുഷ്യരുടെ ജീവിത ശൈലി വളരെ വേഗത്തിലാണ്. വേഗത്തിലുള്ള ജീവിത ശൈലി ചിന്ത കുറയ്ക്കും, തീരുമാനം വേഗത്തിൽ കൈക്കൊള്ളും. ഇന്ന് മനുഷ്യരുടെ വായന ശീലം തീരെ കുറഞ്ഞു, എളുപ്പത്തിനായി വീഡിയോ കാണുന്നു. ചെറിയ സമയമുള്ള വീഡിയോ കാണുന്നത് വഴി, നമ്മുടെ തലച്ചോറിനെ വേഗത്തിൽ പ്രവർത്തിക്കാൻ പഠിപ്പിക്കുന്നു. അതിനാൽ കാര്യങ്ങൾ വളരെ വേഗത്തിൽ ചെയ്യാൻ മനുഷ്യൻ ശീലിക്കുന്നു. തലച്ചോർ എനർജി ലഭിക്കാൻ വേണ്ടി എളുപ്പം പ്രതികരിക്കാൻ ശ്രമിക്കും.

മന്ദഗതിയിലുള്ള ജീവിതം

മനുഷ്യൻ പരിണമിച്ചു വന്നതാണ്. മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് കിട്ടിയെങ്കിൽ അതിനെ നിലനിർത്തേണ്ട ഉത്തരവാദിത്തം നമ്മുക്ക് തന്നെയാണ്. അമിതമായ ചിന്തയില്ല വേണ്ടത്, പകരം ആഴത്തിലുള്ള ചിന്തയാണ്. അതിനുവേണ്ടി വായന ശീലമാക്കുക, ധ്യാനിക്കുക, യോഗ ചെയ്യുക, വ്യായാമം ചെയ്യുക. ജീവിതം ഓടി തീർക്കാതെ ക്ഷമയോടെ സാവധാനത്തിൽ മുന്നോട്ട് നീങ്ങുക. താത്കാലിക സന്തോഷങ്ങൾക്കായി ദീർഘകാലത്തേക്ക് തീരുമാനങ്ങൾ എടുക്കരുത്.

ഉപസംഹാരം

മനുഷ്യനെ മറ്റു ജീവി വർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കിയത് തലച്ചോറാണ്. ചിന്തിക്കാനും, തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവിനെ നമ്മൾ തന്നെ സ്വയം ഇല്ലാതാക്കുന്നു. ജീവിതം നദിപോലെയാണ്, അത് ഒഴുകട്ടെ. വേഗത്തിലാണ് ഒഴുകുന്നതെങ്കിൽ കടലിൽ വളരെ പെട്ടെന്ന് എത്തിച്ചേരും. പതുക്കെ പോയാൽ ആസ്വദിച്ചു പോകാം.

Subscription Form

Leave a Comment