
സോഷ്യൽ മീഡിയ: തെറ്റും ശരിയും
പലരുടെയും അഭിപ്രായത്തിൽ സോഷ്യൽ മീഡിയ ഒരു തെറ്റായ ഇടമാണ്. പക്ഷെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. ഒരുപക്ഷെ ഒരുപാട് പുതിയ കാര്യങ്ങൾ അറിയാനും, പഠിക്കാനും, ബിസിനസ് വളർത്താനും, ബന്ധങ്ങൾ വളർത്താനും, സമയം ചെലവഴിക്കാനും സോഷ്യൽ മീഡിയ ഒരു ഉപാധിയാണ്.
സമൂഹത്തിലെയും, വ്യക്തികളുടെയും പ്രശ്നങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കാനും പരിഹാരം കാണാനും ഒരു പരിധി വരെ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പ്രായപരിധി, ഏതൊക്കെ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കണം ഉൾപ്പെടെ പല നിബന്ധനകൾ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. ഗവൺമെൻ്റുകൾ സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ നിയമങ്ങൾ ഓരോ രാജ്യത്തിനും അനുയോജ്യമായി നിർമിച്ചിട്ടുണ്ട്. എന്നാൽ അത് പൂർണമായും പാലിക്കപ്പെടുന്നില്ല.
എന്താണ് സോഷ്യൽ മീഡിയയുടെ പ്രയോജനം?
സോഷ്യൽ മീഡിയ ബന്ധങ്ങൾ, വിനോദം, വിവരങ്ങൾ എന്നിവയ്ക്കുള്ള അടിസ്ഥാന മനുഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിൽ വന്നതാണ്. സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തുന്നതിനും, വാർത്തകൾ പിന്തുടരുന്നതിനും, പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ വളർത്തുന്നതിനും, ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു.
ആധുനിക കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഇല്ലാതെയും ജീവിക്കാൻ സാധിക്കും. നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല. എന്നാൽ വേണ്ടപ്പെട്ടവർ വളരെ ദൂരത്താണ് ഉള്ളതെങ്കിൽ സോഷ്യൽ മീഡിയ ആവശ്യമാണ്. കാരണം സോഷ്യൽ മീഡിയ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയാണ്. വാർത്തകൾ അറിയാനും മറ്റനവധി വിവരങ്ങൾക്കും സോഷ്യൽ മീഡിയ ആവശ്യമാണ്.
പക്ഷെ, അധികമായാൽ അമൃതും വിഷമാണ് എന്നതുപോലെ, അമിത സോഷ്യൽ മീഡിയ ഉപയോഗം നമ്മളെ സോഷ്യൽ ആക്കുകയല്ല പകരം ഒറ്റപ്പെടുത്തുന്നു, ആസക്തി ഉണ്ടാക്കുന്നു. ദീർഘകാലം അമിതമായി ഉപയോഗിച്ചാൽ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
പരിണാമവും സോഷ്യൽ മീഡിയയും
മനുഷ്യൻ വർഷങ്ങൾ കൊണ്ട് അതിജീവിച്ച് പരിണമിച്ച് വന്നവരാണ്. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ ഒരു സാമൂഹിക ജീവിതമാണ് നയിക്കുന്നത്. അതേ മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിൽ സഹജീവികളോട് കുറച്ചു മാത്രം നേരിട്ട് സംസാരിക്കുന്നത്. ഒരു ദിവസത്തിലെ കൂടുതൽ നേരവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു.
മനുഷ്യൻ സോഷ്യൽ മീഡിയകളിൽ തിരയുന്നത് മനുഷ്യനെയാണ്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് നമ്മൾ സോഷ്യൽ ജീവിതത്തിൽ നിന്നും പുറത്താണ് പോകുന്നത്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ബ്രെയിൻ ഫോഗിനും, ആസക്തിക്കും, ഫോമോയ്ക്കും (FOMO) കാരണമാകും.
കുട്ടികൾക്കും, ചെറുപ്പക്കാർക്കും ദീർഘകാലം കഴിയുമ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെടും.
സോഷ്യൽ മീഡിയ അടിമത്തം: അമേരിക്കൻ കോടതിയുടെ ചരിത്ര വിധി
ഈയിടെ അമേരിക്കയിൽ നടന്ന ഒരു കോടതി വിധി ലോകം മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. ഈ കേസ് നമ്മളെ ചിന്തിപ്പിക്കുന്നതും, ഭാവിയിൽ സോഷ്യൽ മീഡിയ ഉപയോഗത്തെ മാറ്റാൻ സാധ്യതയുള്ളതുമാണ്.
ഒരു യുവതി ചെറുപ്പം മുതൽ സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങി. പല പ്ലാറ്റ്ഫോമുകൾ അവളുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാകുകയും ചെയ്തു. കാലക്രമേണ അവൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ കഴിയാതെ വന്നു. മാനസീക സമ്മർദ്ദം, സ്വന്തം രൂപത്തെ കുറിച്ചുള്ള ആശങ്ക ഇവയെല്ലാം അവളെ ബാധിച്ചു. ഇതിനാൽ അവൾ ഈ കമ്പനികൾക്കെതിരെ കോടതിയിൽ കേസ് നൽകി.
കോടതി ഒരു പ്രധാന കാര്യം കണ്ടെത്തി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആളുകളെ കൂടുതൽ സമയം ഉപയോഗിക്കാൻ അടിമയാക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു
- അവസാനമില്ലാത്ത സ്ക്രോൾ (Infinite Scroll)
- തനിയെ അടുത്ത വീഡിയോ പ്ലേ ആകുന്നു (Auto-play)
- നോട്ടിഫിക്കേഷൻ സംവിധാനം
ഈ ഫീച്ചറുകൾ ഉപയോക്താക്കളെ തുടർച്ചയായി ആപ്പിൽ തുടരാൻ പ്രേരിപ്പിക്കുന്നു. അതിനാൽ കോടതി കമ്പനികളെ ഉത്തരവാദികളായി കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു.
ഈ കേസ് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല. ഇത് ഒരു വലിയ സന്ദേശമാണ്. സോഷ്യൽ മീഡിയ “ഉപയോഗം” മാത്രം പ്രശ്നമല്ല, അതിനെ “അടിമയാക്കാൻ” രൂപകൽപ്പന ചെയ്യുന്നതും പ്രശ്നമാണ്. ഇത് ഭാവിയിൽ കൂടുതൽ കേസുകൾക്ക് വഴി തുറക്കും. കമ്പനികൾ അവരുടെ ഡിസൈൻ മാറ്റാൻ നിർബന്ധിതരാകും.
ഈ കേസ് നമ്മളോട് ഒരു പ്രധാന ചോദ്യമുയർത്തുന്നു: “നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണോ, അല്ലെങ്കിൽ സോഷ്യൽ മീഡിയ നമ്മളെ ഉപയോഗിക്കുകയാണോ?”
അമേരിക്കൻ കോടതി പറഞ്ഞത് ഒരു സാധാരണ വിധിയല്ല. അത് ഒരു മുന്നറിയിപ്പാണ്: “സോഷ്യൽ മീഡിയ ഒരു ഉപകരണം മാത്രമല്ല, അത് നമ്മുടെ മനസിനെ സ്വാധീനിക്കുന്ന ശക്തിയാണ്.” അതിനെ നാം നിയന്ത്രിക്കണം… അല്ലെങ്കിൽ അത് നമ്മളെ നിയന്ത്രിക്കും
സങ്കല്പങ്ങളിലെ കലഹങ്ങളും സ്ത്രീവിരുദ്ധതയും
സോഷ്യൽ മീഡിയയിൽ കാണിക്കുന്നതെല്ലാം ശരിയാകണമെന്നില്ല. അതിനുള്ള കാരണം ഒരു കാര്യത്തിൻ്റെ ഒരു വശം മാത്രമാണ് നമ്മൾ കാണുന്നത്. മാത്രമല്ല അക്കാര്യം ശരിയാണോ തെറ്റാണോ എന്ന് നമ്മൾ ഒരിക്കൽ പോലും അന്വേഷിക്കുന്നില്ല.
ഒരാൾ ഒരു പോസ്റ്റ് ഇടുമ്പോൾ അതിനെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും ഉണ്ട്. പിന്നെ ഇവർ പരസ്പരം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കലഹിക്കുന്നു. ഒരിക്കൽ പോലും പരിചയമില്ലാത്ത ആളുകളുമായി തല്ലുകൂടുന്നു. നമ്മുടെ ജീവിതവുമായി ഒരു ബന്ധമില്ലാത്ത കാര്യത്തിനാണ് നമ്മൾ പരസ്പരം കൊമ്പ് കോർക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്ന തർക്കത്തിൻ്റെ പേരിൽ കൊലപാതകം വരെ നടന്നിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളിൽ നല്ല കാര്യങ്ങളുമുണ്ട്, അതുപോലെ തന്നെ സാമൂഹിക വിരുദ്ധ കാര്യങ്ങളുമുണ്ട്. ലോകത്തിൻ്റെ പല ഭാഗത്തുമുള്ള സാമൂഹിക വിരുദ്ധർ പല തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം കുട്ടികൾ ഉൾപ്പെടെ ഉള്ളവർ കാണുന്നു.
ഏതൊക്കെയോ പുരുഷന്മാർക്ക് സ്ത്രീകളെ ഇഷ്ടമല്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് എതിരെ പോസ്റ്റുകൾ ഉണ്ടാക്കുന്നു. എല്ലാ സ്ത്രീകളും മോശമാണ്, പുരുഷന്മാർ എല്ലാവരും നല്ലവന്മാരും എന്ന രീതിയിൽ. പക്ഷെ സമൂഹത്തിൽ ഇത് ഏത് രാജ്യമെടുത്താലും ഏറ്റവും കൂടുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നത് സ്ത്രീകളാണ്. കുറച്ചു സ്ത്രീകളെയും, സിനിമ ഭാഗത്തിലെ സ്ത്രീകൾ അഭിനയിച്ച കട്ട് ചെയ്ത രംഗങ്ങളെയും കാണിച്ചു, സമൂഹത്തിലുള്ള എല്ലാ സ്ത്രീകളുടെയും സ്വഭാവത്തെ മോശമായി കാണിക്കുന്നു. സ്ത്രീകളെ മാത്രമല്ല ഇപ്പോൾ പുരുഷന്മാരും മോശമാണ് എന്ന രീതിയിൽ ഉള്ള ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ട്.
താരതമ്യങ്ങളും മാനസിക സംഘർഷങ്ങളും
സോഷ്യൽ മീഡിയ യഥാർത്ഥത്തിൽ നമ്മളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയാണ്. എല്ലാവരും അവരവരുടെ ജീവിതത്തിലെ നല്ല വശമാണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. അത് കണ്ടിട്ട് “എനിക്ക് അതിന് സാധിക്കുന്നില്ല, അത് എനിക്കില്ല,” എന്നിങ്ങനെ സ്വയം പരാതിപ്പെടുന്നു.
സോഷ്യൽ മീഡിയ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഏകാന്തതയ്ക്കും, ഉറക്കക്കുറവിനും, അസംതൃപ്‌തിക്കും, ആശങ്കയ്ക്കും, മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. മുൻപ് ഒന്നും ഇല്ലാത്ത ആധുനിക സമൂഹത്തിൽ പടർന്നു പിടിക്കുന്ന ഒരു പ്രശ്നമാണ് മാനസിക സംഘർഷങ്ങൾ. ഒരു പരിധി വരെ അധികമായ സോഷ്യൽ മീഡിയ ഉപയോഗമാണ് ഇതിന് കാരണം.
മനുഷ്യർ ഒത്തുകൂടുന്നത് പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും, നമ്മുടെ സാമൂഹിക മനോഭാവം വളരാനും വേണ്ടിയാണ്. എന്നാൽ സോഷ്യൽ മീഡിയ ആസക്തിയുള്ളവർ അത്യാവശ്യമില്ലെങ്കിലും ഒരുമിച്ചിരിക്കുമ്പോൾ പോലും സോഷ്യൽ മീഡിയ ഉപയോഗിക്കും. എത്രത്തോളം അമിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവോ അത്രമാത്രം ആശയവിനിമയത്തിലെ കുറവിനും, സാമൂഹിക ബന്ധങ്ങളുടെ കുറവിനും കാരണമാകുന്നു.
സമൂഹത്തിലെ ഉന്നതരും, സെലിബ്രിറ്റികളും, ഉള്ളടക്കങ്ങൾ ഉണ്ടാക്കുന്നവരും (Content Creators), സോഷ്യൽ മീഡിയ വളരെ കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ പേജുകൾ നിയന്ത്രിക്കുന്നത് മറ്റ് ആളുകളാണ്.
മനുഷ്യന് മരുന്ന് മനുഷ്യനാണ്
മനുഷ്യന് മരുന്ന് മനുഷ്യനാണ്, അതുകൊണ്ടാണ് സോഷ്യൽ മീഡിയയിലും അവർ മറ്റൊരു മനുഷ്യനെ തേടുന്നത്. കൂടെ ഉള്ളവരോട് ആശയ വിനിമയം നടത്താതെ, വേറെ ആരോട് സംസാരിച്ചാലും നമ്മൾ ഒരു സാമൂഹിക വ്യക്തി ആകില്ല. അത്യാവശ്യ ഘട്ടങ്ങളിൽ തൊട്ടടുത്തുള്ളവരാണ് സഹായത്തിന് വരുന്നത്.
ഒരു വശത്ത് സോഷ്യൽ മീഡിയ അകലെയുള്ള എല്ലാപേരെയും ഒരു കുടകീഴിൽ കൊണ്ട് വരുന്നു. എന്നാൽ അതിനൊരു നെഗറ്റീവ് ആയ മറുവശവും കൂടെ ഉണ്ട്.
കുട്ടികളും സോഷ്യൽ മീഡിയ കെണികളും
സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി തട്ടിപ്പുകൾ, ദുരുപയോഗം എന്നിവ കൂടിവരുകയാണ്. പലരും അറിഞ്ഞും അറിയാതെയും കെണിയിൽ അകപ്പെടുന്നു. പോലീസ് കേസ് എടുക്കുമ്പോൾ മാത്രമാണ് പലരുടെയും ചിരിക്കുന്ന മുഖം മൂടി അഴിഞ്ഞു വീഴുന്നത്.
സോഷ്യൽ മീഡിയ കുട്ടികൾക്ക് ഉള്ളതല്ല. പല രാജ്യങ്ങളും ഇപ്പോൾ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ട് വരുന്നു. കുട്ടികളുടെ മാനസിക, സാമൂഹിക വളർച്ചയെ സോഷ്യൽ മീഡിയ വളരെയധികം ബാധിക്കുകയാണ്.
- കുട്ടികളുടെ വൈകാരിക ബുദ്ധി (Emotional Intelligence) കുറയുന്നു.
- സ്വന്തം കഴിവുകളെ തിരിച്ചറിയാൻ സാധിക്കാതെ വരുന്നു.
- കുട്ടികൾക്ക് യഥാർത്ഥ മാനുഷിക മൂല്യങ്ങളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.
സോഷ്യൽ മീഡിയയിലെ തെറ്റായ ആശയങ്ങൾ കണ്ട് വളരുന്ന ഒരു കുട്ടി അനുസരണക്കേട് കാണിക്കുന്നുണ്ടെങ്കിൽ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു വ്യക്തിയുടെ ചിന്തയും, ജീവിതവും അയാളുടെ ചുറ്റുപാടുകളാണ് തീരുമാനിക്കുന്നത്.
കുട്ടികളാണ് നാളത്തെ തലമുറ, അവരെ മാനുഷിക മൂല്യങ്ങൾ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. പൊതുവെ കുട്ടികൾക്ക് ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അന്നേരം തെറ്റായ ഉള്ളടക്കങ്ങൾ ഉള്ള സോഷ്യൽ മീഡിയ ഉപയോഗം അവരെ തീർച്ചയായും വഴിതെറ്റിക്കും.
സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ ആരുടെയും നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങൾ അല്ല. അതിനാൽ സമൂഹ വിരുദ്ധ ഉളളടക്കങ്ങൾ ഉള്ള ഒരുപാട് പേജുകൾ ഉണ്ട്. ഒരു പേജിനെ പൂട്ടിച്ചാൽ വേറെ 10 പേജുകൾ അവിടെ വരും.
അനന്തമായ ലൂപ്പും സാങ്കല്പിക യാഥാർത്ഥ്യവും
മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ അനുഭവങ്ങളാണ്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗം അതിനെ സാരമായി ബാധിക്കുന്നു. സോഷ്യൽ മീഡിയ ഉപയോഗം ഒരിക്കലും യാഥാർത്ഥമായ അനുഭവങ്ങൾ നൽകില്ല. കാരണം അനുഭവങ്ങൾ തലച്ചോറാണ് ഉളവാക്കുന്നത്, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ സാങ്കല്പികയാഥാ൪ത്ഥ്യമാണ്. തലച്ചോർ സങ്കല്പികയാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടും എന്നാൽ ദീർഘകാലം കഴിയുമ്പോൾ മാനസിക പ്രയാസങ്ങൾ നേരിടും.
സമൂഹത്തെ ഒരു കുടകീഴിൽ കൊണ്ടുവരാൻ വേണ്ടിയാണ് സോഷ്യൽ മീഡിയ ശ്രമിച്ചത്. പക്ഷെ സംഭവിച്ചത് പതിയെ സമൂഹത്തിൽ നിന്നും അകലുന്നതാണ്. വർത്തമാനകാലത്തിൽ ജീവിക്കാൻ അല്ലെങ്കിൽ ഇപ്പോൾ, ഈ നിമിഷം ജീവിക്കാൻ സോഷ്യൽ മീഡിയ നമ്മളെ സമ്മതിക്കില്ല.
എത്രപേർക്ക് വെറുതെ ഇരിക്കാൻ സാധിക്കും? സാധിക്കില്ല. ഉറങ്ങുന്നതിന് മുൻപും, ഉണർന്ന ഉടനെയും, വാഷ്‌റൂമിൽ പോകുമ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. എത്ര സ്ക്രോൾ ചെയ്താലും സോഷ്യൽ മീഡിയ പോസ്റ്റുകൾ അവസാനിക്കില്ല. സോഷ്യൽ മീഡിയ ഒരു അനന്തമായ ലൂപ്പ് ആണ്, ഒരിക്കലും നിങ്ങൾക്ക് അതിനു പുറത്തിറങ്ങാൻ സാധിക്കില്ല.
നിങ്ങൾ പതിയെ ഫോമോയ്ക്ക് (FOMO) അടിമയാകും. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത നേരത്ത് അവിടെ എന്തെങ്കിലും നടക്കുമെന്നും, അത് തനിക്ക് കൃത്യ സമയത്ത് അറിയാൻ കഴിയാതെ വരുമെന്നും ഭയക്കുന്നു. ഇങ്ങനെ ഭയക്കുന്ന കാരണം എപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു.
സോഷ്യൽ മീഡിയയിൽ കാണിക്കുന്നതെല്ലാം ഒരു നുണയല്ല – പക്ഷേ അത് പൂർണ്ണ സത്യവുമല്ല. സോഷ്യൽ മീഡിയയിൽ നല്ലൊരു ശതമാനവും മുൻകൂട്ടി തയ്യാറാക്കിയ ഉള്ളടക്കങ്ങളാണ്. എല്ലാവരും സ്വയം കരുതുന്നത് “ഞാൻ സോഷ്യൽ മീഡിയയുടെ അടിമയല്ല, എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്” എന്നാണ്. എന്നാൽ അത് എത്രമാത്രം ശരിയാണെന്ന് ഒന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്.
ഉപസംഹാരം
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് ഓർമ്മകളാണ്. അത് നിങ്ങളുടെ അനുഭവങ്ങളിൽ കൂടെയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന മറ്റുള്ളവരുടെ അനുഭവങ്ങൾ ആയിരിക്കരുത് നിങ്ങളുടെ ഓർമകളിൽ നിലനിൽക്കേണ്ടത്.
നിങ്ങളുടെ ഓർമയിൽ നിങ്ങളായിരിക്കണം മുഖ്യ കഥാപാത്രം, മറ്റുള്ളവർ അല്ല. ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അറിയണം എന്ന മനോഭാവം മാറ്റണം.