
അവയവദാനം: മരണത്തെ തോൽപ്പിക്കുന്ന സ്നേഹത്തിന്റെ അനശ്വര അടയാളങ്ങൾ
ജീവിതത്തിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമാണ് ദാനം. എന്നാൽ അതിനേക്കാൾ മഹത്തരമായ കാര്യമാണ് അവയവദാനം. അതിനുള്ള കാരണം അവയവദാനം ലോകത്ത് വളരെ കുറച്ചാണ് നടക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ രക്തമെങ്കിലും ഉറപ്പായും ദാനം ചെയ്യണം. നമ്മുടെ മരണ ശേഷം ശരീരം ജീർണിക്കുകയോ, ദഹിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അവയവം ദാനം ചെയ്താൽ മറ്റൊരാൾക്ക് പുതു ജീവൻ നൽകാൻ സാധിക്കും.
ലോകത്തിലെയും ഇന്ത്യയിലെയും പ്രായം കുറഞ്ഞ അവയവ ദാതാക്കൾ
നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് യുകെയിലെ ന്യൂമാർക്കറ്റിൽ നിന്നുള്ള ഹോപ്പ് ലീ (Hope Lee) ആണ്. ജനിച്ച് വെറും 74 മിനിറ്റിനു ശേഷമാണ് അവയവം ദാനം നൽകിയത്. 2015 നവംബർ 24 ന് കുഞ്ഞിന്റെ വൃക്കകളും, കരൾ കോശങ്ങളും ദാനം ചെയ്തത്. അൾട്രാസൗണ്ട് അപ്പോയിന്റ്മെന്റിനിടെയാണ് ഹോപ്പിന്റെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. അനെൻസ്‌ഫാലി (Anencephaly) എന്ന രോഗാവസ്ഥയിലായിരുന്നു കുഞ്ഞ്. ഡോക്ടർമാർ ദമ്പതികൾക്ക് ഗർഭഛിദ്രം ചെയ്യാൻ അവസരം നൽകി, എന്നാൽ കുഞ്ഞ് ജനിക്കണമെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്ന് അവർ തീരുമാനിച്ചു. ജനിച്ചു 74 മിനിറ്റ് കഴിഞ്ഞപ്പോൾ കുഞ്ഞ് മരണപ്പെട്ടു.
2010-ൽ, ഇന്ത്യയിലെ ഹൈദരാബാദിൽ മാസം തികയാതെയുള്ള പ്രസവത്തെത്തുടർന്ന്, 4 ദിവസം പ്രായമുള്ള കുഞ്ഞ് സങ്കീർണതകൾ ഉണ്ടായതിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളിൽ ഒരാളായി മാറി. മോഹൻ ഫൗണ്ടേഷൻ (MOHAN Foundation) സഹായത്തോടെ കുഞ്ഞിന്റെ ഹൃദയ വാൽവുകളും കണ്ണുകളും ദാനം നൽകി.
കേരളത്തിന്റെ പ്രിയപുത്രി ആലിൻ ഷെറിൻ
ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തു മാസം പ്രായമുള്ള കുഞ്ഞ് കേരളത്തിലെ (സ്റ്റേറ്റ് ഇൻ ഇന്ത്യ) ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറി. അതും നാല് പേർക്ക് പുതുജീവൻ നൽകികൊണ്ട്. 2026 ഫെബ്രുവരി 5 ന് നടന്ന ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 12 മസ്തിഷ്ക മരണം സംഭവിച്ചു.
ആലിൻ ഷെറിന്റെ പിതാവ് അരുൺ എബ്രഹാമും, അമ്മ ഷെറിൻ ആൻ ജോണും അവയവദാനത്തിന് അനുമതി നൽകി. സർക്കാരിന്റെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (കെ-സോട്ടോ – K-SOTO) വഴി അവയവ ദാനത്തിന്റെ നടപടികൾ പൂർത്തീകരിച്ചു. ആലിന്റെ ഹൃദയ വാൽവും, കരളും, വൃക്കകളും, കണ്ണുകളും ദാനം ചെയ്തു. ആദര സൂചകമായി കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് അന്ത്യകർമങ്ങൾ നടന്നത്.
അവയവദാനം ചെയ്യാൻ തീരുമാനം എടുത്ത എമ്മ ലീക്കും, ഡ്രൂവിനും, അരുണിനും, ഷെറിനും, മറ്റുള്ള എല്ലാ മാതാപിതാക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. പല നല്ല തീരുമാനങ്ങൾ എടുക്കാൻ ശക്തമായ മനസ്സും, ധൈര്യവും ഉള്ളവർക്ക് മാത്രമേ സാധിക്കു. ആ കുഞ്ഞുങ്ങളുടെ അവയവങ്ങൾ മറ്റുള്ളവരിൽ ജീവിക്കുന്നു. മാതാപിതാക്കൾ എന്ന നിലയിൽ കുഞ്ഞിന് നല്കാൻ കഴിയുന്ന സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന തലമാണ് നിങ്ങൾ കൊടുത്തത്. ആരൊക്കെ മറന്നാലും നിങ്ങൾക്ക് അഭിമാനിക്കാം, കാരണം നിങ്ങളുടെ കുഞ്ഞ് മറ്റുള്ളവരുടെ ജീവനാണ് രക്ഷിച്ചത്.
എന്താണ് അവയവദാനം? എന്തൊക്കെ ദാനം ചെയ്യാം?
നഷ്ടപരിഹാരം കൂടാതെ ഒരു വ്യക്തിയ്ക്ക് അവയവങ്ങളോ, കലകളോ, മറ്റൊരു വ്യക്തിക്കോ വ്യക്തികൾക്കോ ഒന്നോ അതിലധികമോ നൽകുന്ന പ്രവൃത്തിയാണ് അവയവദാനം. അവയവദാനം വ്യക്തിപരവും, വ്യക്തിയുടെ അഭാവത്തിൽ ബന്ധുക്കൾ എടുക്കുന്ന സങ്കീർണ്ണവുമായ ഒരു തീരുമാനമാണ്. അവയവം മാറ്റി വെക്കൽ എന്നത് ജീവൻ രക്ഷിക്കാനും, ജീവിതം മെച്ചപ്പെടുത്താനുമുള്ള ഒരു മെഡിക്കൽ നടപടിയാണ്. പ്രായം കണക്കിലെടുക്കാതെ ആർക്കും ദാതാവാകാം.
അവയവങ്ങൾ: ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, പാൻക്രിയാസ്, കുടൽ
കലകൾ (Tissues): കോർണിയ (കണ്ണുകൾ), ചർമ്മം, അസ്ഥി, ഹൃദയ വാൽവുകൾ, സിരകൾ
ആധുനിക വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ല്
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നാണ് അവയവം മാറ്റിവെയ്ക്കൽ. തകരാറിലായ അവയവങ്ങളെ മാറ്റി വെയ്ക്കാൻ, മരിച്ച വ്യക്തികളിൽ നിന്നും അല്ലെങ്കിൽ ജീവനുള്ള വ്യക്തികളിൽ നിന്നും അവയവങ്ങൾ എടുക്കാൻ സാധിക്കും. ഇതുവഴി അനേകായിരം വ്യക്തികളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്നു.
അവയവദാനം ലഭിച്ച ലോകത്തിലെ ആദ്യ വ്യക്തി അമേരിക്കക്കാരനായ റൊണാൾഡ് ലീ ഹെറിക്ക് (Ronald Lee Herrick) ആണ്. 1954 ഡിസംബർ 23ന്, തന്റെ ഇരട്ട സഹോദരനായ റിച്ചാർഡിന് വൃക്ക ദാനം നൽകി. വിജയകരമായ ശസ്ത്രക്രിയ നടത്തിയത് ബോസ്റ്റണിലെ പീറ്റർ ബെന്റ് ബ്രിഗാം ഹോസ്പിറ്റലിൽ ഡോ. ജോസഫ് മുറെ (Dr. Joseph Murray) ആണ്. ഇതിന്റെ പേരിൽ ജോസഫ് മുറയ്ക്ക് നോബൽ സമ്മാനം ലഭിച്ചു.
ലോക അവയവദാന ദിനം: ഓഗസ്റ്റ് 13
ഇന്ത്യൻ അവയവദാന ദിനം: ഓഗസ്റ്റ് 3 (ഇന്ത്യയിൽ ആദ്യ മരണപ്പെട്ട ദാതാവിന്റെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത് ഓഗസ്റ്റ് 3ന് ആയതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്).
ആഗോള-ദേശീയ കണക്കുകൾ (Statistical Reports)
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) കണക്ക്
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടും 2024 ൽ 173,724 അവയവദാന ശസ്ത്രക്രിയകൾ നടന്നതായി രേഖപ്പെടുത്തുന്നു. ഇത് 2023 നെ അപേക്ഷിച്ചു രണ്ട് ശതമാനം വർദ്ധനവാണ് കാണിക്കുന്നത്.
47,180 മരണമടഞ്ഞ ദാതാക്കളിൽ നിന്നും ഭൂരിഭാഗവും വൃക്കകളാണ് ലഭിച്ചത്.
40,995 ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നും കൂടുതലും കരളും, വൃക്കകളും ലഭിച്ചു.
ആഗോളതലത്തിൽ അവയവം ദാനം ചെയ്യുന്നവരിൽ ഭൂരിഭാഗവും (ഏകദേശം 80%) സ്ത്രീകളാണെന്നും, എന്നാൽ അവയവം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും മസ്തിഷ്ക മരണം സംഭവിച്ചതിലൂടെയാണ് അവയവം ലഭിച്ചത്. ആഗോള ആവശ്യത്തിന്റെ 10 ശതമാനത്തിന് താഴെ മാത്രമാണ് നിലവിൽ അവയവമാറ്റം നടക്കുന്നുള്ളൂ എന്ന് കണക്കാക്കുന്നു.
നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം (India)
നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം 2023-24 ലെ വാർഷിക റിപ്പോർട്ട് പ്രകാരം, ആദ്യമായി ഇന്ത്യയിൽ ഒരു വർഷം മരണപ്പെട്ട ആളുകളുടെ അവയവദാനം 2023ൽ 1000 കടന്നു. 2013ൽ രാജ്യത്തെ മൊത്തം അവയവദാനം വെറും 4,990 ആയിരുന്നത്, 2023 ആയപ്പോൾ 18,378 ആയി ഉയർന്നു.
അവയവദാനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്ത് മൂന്നാം സ്ഥാനത്തും, കോർണിയ ട്രാൻസ്പ്ലാൻറേഷനിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുമാണ്. notto.abdm.gov.in ൽ പുതിയ ആധാർ ആധികാരിക ദേശീയ പ്രതിജ്ഞ രജിസ്ട്രി ആരംഭിച്ചു. പൗരന്മാർക്ക് ഇപ്പോൾ ഒരു QR കോഡ് സ്കാൻ ചെയ്തുകൊണ്ട് അവരുടെ അവയവദാനം എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം.
- തെലുങ്കാന: മരണപ്പെട്ടവരുടെ അവയവദാനത്തിൽ മുന്നിൽ.
- ഡൽഹി: ഏറ്റവും കൂടുതൽ ജീവനുള്ള ദാതാക്കളുടെ ട്രാൻസ്‌പ്ലാന്റ് രേഖപ്പെടുത്തി.
- തമിഴ്നാട്: അവയവദാന ദിനത്തിൽ മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ലഭിച്ചു.
- ജൂലൈ മാസം: ഔദ്യോഗിക അവയവദാന മാസമായി പ്രഖ്യാപിച്ചു.
അവയവം ലഭ്യമാകാത്തതിന്റെ കാരണങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും
ആധുനിക വൈദ്യശാസ്ത്രം വികസിച്ചപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അവയവങ്ങളുടെ ലഭ്യത കുറവ്. അവയവങ്ങളുടെ ആവശ്യം നാൾക്കുനാൾ കൂടി വരുകയാണ്. ഈ അന്തരം ആഘാതമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലോകമെമ്പാടും ആയിരകണക്കിന് രോഗികൾ അവയവങ്ങൾ കിട്ടാനുള്ള കാത്തിരിപ്പിന്റെ പട്ടികയിലാണ്. ഓരോ ദിവസവും വൈകുന്നത് വഴി അവയവങ്ങൾ ലഭിക്കാതെ മരണപ്പെടുന്ന ആളുകളുടെ എണ്ണവും കൂടുന്നു.
പ്രധാന തടസ്സങ്ങൾ:
- ആരോഗ്യ സംരക്ഷണ സംവിധാനത്തിലുള്ള വിശ്വാസക്കുറവ്
- അവയവദാനത്തെക്കുറിച്ചുള്ള ഭയം
- സാംസ്കാരികവും, മതപരമായ വിശ്വാസങ്ങൾ
- തെറ്റിദ്ധാരണകളും, മിഥ്യകളും
- സുതാര്യമായ ആശയവിനിമയത്തിന്റെ കുറവ്
- കുടുംബങ്ങൾക്കിടയിലെ ദുഖവും, നഷ്ടവും
- നിയമപരമായ തടസ്സങ്ങൾ
- ദാതാവിന്റെ ശരീരം കൈകാര്യം ചെയ്യുന്നതിലെ ആശങ്കകൾ
- പൊതുവായ അറിവില്ലായ്മ
ഭൂരിഭാഗം പുരുഷന്മാരുടെ അഭിപ്രായത്തിൽ അവർ വളരെ ധൈര്യശാലികൾ എന്നാണ് അവകാശവാദം. ഞങ്ങൾ സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്ത എല്ലാ കാര്യങ്ങളും ചെയ്യും. പക്ഷെ അവയവദാനത്തിന്റെ കാര്യത്തിൽ പുരുഷന്മാർ വളരെ വളരെ പുറകിലാണ്, സ്ത്രീകളാണ് മുന്നിൽ. സമൂഹത്തിലെ എല്ലാവരും അവയവം ദാനം ചെയ്യാൻ തയ്യാറായാൽ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.
അവയവം ദാനം ലഭിക്കാൻ എത്ര രൂപ മുടക്കാനും തയ്യാറാണ് മനുഷ്യൻ. ലക്ഷക്കണക്കിന് മനുഷ്യരാണ് ഓർഗൻ പോർട്ടലിൽ പേര് നൽകി കാത്തിരിക്കുന്നത്. അതെ കുടുംബത്തിൽ പൂർണ ആരോഗ്യത്തോടെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവയവം കിട്ടിയാലും ഇല്ലെങ്കിലും അവർ അവരുടെ അവയവം പോയിട്ട്, രക്തം പോലും മറ്റൊരാൾക്കും നൽകില്ല. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി സമൂഹത്തെ കുറ്റം പറയുന്ന മനുഷ്യരോട്, നിങ്ങളും ഈ ആ സമൂഹത്തിൽ ഉൾപ്പെട്ട മനുഷ്യനാണ്. സമൂഹമെന്നാൽ കൂട്ടായി, ഒരുപോലെ ഉത്തരവാദിത്തപ്പെട്ട ഒരു കൂട്ടം ജനങ്ങളാണ്.
ഉപസംഹാരം
നമ്മുടെ മരണശേഷവും മറ്റൊരാളിലൂടെ ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുക എന്നത് ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന ആ മഹാദുരന്തത്തിന്റെ നിമിഷത്തിലും, മറ്റൊരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ആ മാതാപിതാക്കൾ കാണിച്ച ആ മനസ്സ്—അതാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും വലിയ ഉദാഹരണം. ഓർക്കുക, നാം നൽകുന്ന ഓരോ അവയവവും വെറുമൊരു ദാനമല്ല, മറിച്ച് മരണത്തിന് മേൽ ജീവിതം നേടുന്ന സ്നേഹത്തിന്റെ അനശ്വരമായ അടയാളമാണ്.