
ശ്വാസം മുട്ടലിൽ നിന്ന് തിരിച്ചറിവിലേക്ക്: എന്റെ അനുഭവം
2015 ലിലാണ് ആദ്യമായി പുലർച്ചെ എനിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉറക്കത്തിൽ നിന്നും ഉണർന്നു ഇരുന്നു, നടന്നു നോക്കി, ചെറു ചൂട് വെള്ളം കുടിച്ചു; ഒരു മാറ്റവും ഇല്ല. ശ്വാസം എടുക്കാൻ കൂടുതൽ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഹോസ്പിറ്റലിൽ പോയി. അവിടെ അവർ എനിക്ക് ഇഞ്ചക്ഷനും, നേബുലിസേഷനും തന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്വാസം എടുക്കുന്നത് നേരെയായി. ഡോക്ടർ പറഞ്ഞു രാവിലെ ഒപി യിൽ വന്നു കാണിക്കാൻ, എന്നാൽ ഞാൻ പോയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പുലർച്ചെ ശ്വാസ തടസ്സം നേരിട്ടു, ഹോസ്പിറ്റലിൽ പോയി. എന്നാൽ ഇപ്രാവശ്യം ഞാൻ രാവിലെ ഒപിയിൽ ഡോക്ടറെ കാണാൻ പോയി. ശ്വാസകോശവുമായി ബന്ധപ്പെട്ട ഡോക്ടർ ഇല്ലാത്തതിനാൽ ജനറൽ മെഡിസിൻ ഡോക്ടറെ കാണിച്ചു. അദ്ദേഹം മരുന്ന് കുറിച്ചിട്ടു പറഞ്ഞു, “ഇനിയും ശ്വാസ തടസ്സം വന്നാൽ ശ്വാസകോശവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണുക.”
വീണ്ടും ശ്വാസ തടസ്സം വന്നപ്പോൾ ഞാൻ ശ്വാസകോശ ഡോക്ടറെ കാണിച്ചു. എനിക്ക് അലർജി ഉള്ളതിനാൽ മരുന്നും കൂടെ ശ്വാസ തടസ്സം വരുമ്പോൾ ഉപയോഗിക്കാൻ ഇൻഹേലറും എഴുതി.
അതിനു ശേഷം എനിക്ക് സ്ഥിരമായി അല്ലെങ്കിലും തണുപ്പ് സമയത്തും, അലർജി ഉള്ളപ്പോഴും മൂക്ക് അടയും. പതിയെ ഞാൻ പോലും അറിയാതെ വായിൽ കൂടെ ശ്വസിക്കാൻ തുടങ്ങി. “ശ്വസിക്കാൻ പറ്റുന്നുണ്ടല്ലോ, അത് തന്നെ നല്ല കാര്യമാണല്ലോ” എന്ന് ഞാൻ ചിന്തിച്ചു.
അപ്പോഴാണ് മനസ്സിലാക്കിയത് വായിൽ കൂടെയുള്ള ശ്വാസം എടുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, മൂക്കിലൂടെ മാത്രമേ ശ്വാസം എടുക്കാവൂ എന്ന്. മാത്രമല്ല, വായുവിന്റെ ഗുണം പരിപൂർണമായി ലഭിക്കണമെങ്കിൽ മൂക്കിലൂടെ എടുത്താൽ മാത്രമേ കിട്ടുകയുള്ളൂ.
ശ്വസനം: ജീവന്റെ അടിസ്ഥാനം
ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഓക്സിജൻ ശരീരത്തിന് ലഭിക്കാൻ ശ്വസനം അത്യാവശ്യമാണ്. ശ്വസിക്കുമ്പോൾ വായു ശ്വാസകോശത്തിലേക്ക് സഞ്ചരിച്ച് ദശലക്ഷക്കണക്കിന് ചെറിയ ആൽവിയോളി (വായു സഞ്ചികൾ) നിറയ്ക്കുന്നു.
- ഓരോ ആൽവിയോളസും കാപ്പിലറികളുടെ (ചെറിയ രക്തക്കുഴലുകൾ) ശൃംഖലയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
- ആൽവിയോളിയിൽ നിന്ന് ഓക്സിജൻ അവയുടെ കടലാസ് പോലെ നേർത്ത മതിലുകളിലൂടെയും കാപ്പിലറി മതിലുകളിലൂടെയും രക്തത്തിലേക്ക് സഞ്ചരിക്കുന്നു.
- ചുവന്ന രക്താണുക്കൾക്കുള്ളിൽ, ഹീമോഗ്ലോബിൻ തന്മാത്രകൾ ഓക്സിജനുമായി ചേർന്ന് കൊണ്ടുപോകുന്നു.
അതേ സമയം, കാർബൺ ഡൈ ഓക്സൈഡ് രക്തത്തിൽ നിന്ന് ആൽവിയോളിയിലേക്ക് നീങ്ങുന്നു. കാർബൺ ഡൈ ഓക്സൈഡ് രക്തത്തിൽ നിന്ന് ആൽവിയോളിയിലേക്ക് എത്തുന്നത് നാം ശ്വാസം പുറത്തുവിടുമ്പോൾ ശരീരത്തിന് പുറത്തേക്ക് കളയാനാണ്
ഓക്സിജൻ സമ്പുഷ്ടമായ രക്തം ഹൃദയത്തിലേക്ക് മടങ്ങുന്നു, അത് ശരീരത്തിന്റെ മറ്റ് കോശങ്ങളിലേക്കും, കലകളിലേക്കും പമ്പ് ചെയ്യുന്നു. കോശങ്ങളിൽ എത്തുന്ന ഓക്സിജൻ ആഹാരത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപോൽപ്പന്നമായാണ് കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നത്.
ജീവന്റെ അടിസ്ഥാനത്തിൽ ഒന്നാണ് ശ്വസനം, നന്നായി ശ്വസിച്ചാൽ നിങ്ങൾ ഭൂമിയിൽ ദീർഘകാലം ജീവിക്കും. ശ്വസനം പ്രാഥമികമായി ജീവൻ നിലനിർത്തുന്നതിനായി തലച്ചോറിന്റെ അനിയന്ത്രിത പ്രക്രിയയാണ്. ഇത് ബ്രെയിൻ സ്റ്റം നിയന്ത്രിക്കുന്നു. ഉറങ്ങുന്ന നേരവും യാന്ത്രികമായി നമ്മൾ ശ്വാസം എടുക്കുന്നു. പൊതുവെ വായിലൂടെ ശ്വസിക്കാറില്ല, എന്നാൽ മൂക്ക് അടയുമ്പോൾ സ്വാഭാവികമായി വായിലൂടെ ശ്വാസം എടുക്കുന്നു. എന്നാൽ വായിലൂടെയുള്ള ശ്വസനം ആരോഗ്യത്തിന് നല്ലതല്ല.
മൂക്കിലൂടെ ശ്വസിച്ചാൽ ഉള്ള ഗുണങ്ങൾ
നമുക്ക് ശ്വാസം മൂക്കിലൂടെ മാത്രമല്ല എടുക്കാൻ കഴിയുന്നത്, വായിൽ കൂടെയും സാധിക്കും. എന്നാൽ മൂക്കിലൂടെയുള്ള ശ്വസനം നിർണായകമാണ്, കാരണം ഇത് ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും ചൂടാക്കുകയും, ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. മൂക്കിലെ രോമങ്ങൾ പൊടിപടലങ്ങൾ തടയുന്നു. മൂക്കിലൂടെ ശ്വസിക്കുമ്പോൾ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു, ഇത് ശ്വാസകോശത്തിന്റെ ഓക്സിജൻ ആഗിരണം വർദ്ധിപ്പിക്കുന്നു.
മൂക്കിലൂടെയുള്ള ശ്വസനം സാവധാനത്തിൽ ആയതിനാൽ ഡയഫ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പാരാസിംപതിറ്റിക് നാഡീവ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനാൽ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയുകയും, മനസ്സും ശരീരവും ശാന്തമാകുന്നു, ഉറക്കം മെച്ചപ്പെടുത്തുന്നു.
മൂക്കിലൂടെ ശ്വസിക്കുമ്പോൾ രക്തത്തിലെ ഉയർന്ന കാർബൺ ഡൈ ഓക്സൈഡ് ഓക്സിജനും, ഹീമോഗ്ലോബിനും തമ്മിലുള്ള ബന്ധം കുറയ്ക്കുന്നു. ഇത് ടിഷ്യൂകളുടെയും അവയവങ്ങളുടെയും ഓക്സിജൻ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
വായിലൂടെ ശ്വസിച്ചാൽ ഉള്ള പ്രശ്നങ്ങൾ
സ്ഥിരമായി വായിലൂടെ ശ്വസിക്കുന്നത് ഉറക്കക്കുറവ്, ഉറക്കത്തിൽ ശ്വാസ തടസ്സം, കൂർക്കം വലി, പകൽ ഉറക്കം, വിട്ടുമാറാത്ത ക്ഷീണം, വരണ്ട വായ, വിണ്ടു കീറിയതോ പൊട്ടിയതോ ആയ ചുണ്ടുകൾ, അലർജി, ദുർഗന്ധം എന്നീ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇത് പല്ല് ക്ഷയം, മോണരോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ കുട്ടികളിൽ, പല്ലുകൾ തെറ്റായി ക്രമീകരിക്കാൻ കാരണമാകുന്നു.
വായിലൂടെ ശ്വസിച്ചാൽ, വായു ശുദ്ധീകരിക്കപ്പെടുന്നില്ല, ചൂടാക്കപ്പെടുന്നില്ല, ഈർപ്പം വർദ്ധിക്കുന്നില്ല. ഇത് ഓക്സിജൻ ആഗിരണം കുറയുന്നതിനും, ശ്വാസനാള അണുബാധകൾ വർദ്ധിക്കുന്നതിനും, ശ്വാസകോശ അസുഖങ്ങൾ വഷളാകുന്നതിനും കാരണമാകും.
വായിലൂടെയുള്ള ശ്വസനം എപ്പോഴും കൂടുതലാണ്, അതിനാൽ അമിതമായി ശ്വസിക്കുമ്പോൾ, രക്തത്തിൽ നിന്ന് വളരെയധികം കാർബൺ ഡൈ ഓക്സൈഡ് നഷ്ടപ്പെടുകയും, ഇത് ടിഷ്യൂകളുടെയും അവയവങ്ങളുടെയും ഓക്സിജൻ കുറയുന്നതിന് കാരണമാകുന്നു.
പേശികളുടെ ഓക്സിഡേറ്റീവ് ശേഷിയിൽ നൈട്രിക് ഓക്സൈഡ് നിർണായക പങ്ക് വഹിക്കുന്നു, ഇത് പേശികളുടെ ശക്തി നിർണയിക്കുന്നു. കഠിനമായ ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ മൂക്കിലൂടെയുള്ള ശ്വസനത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. കാരണം മൂക്കിലൂടെ ശ്വസിക്കുമ്പോൾ നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിക്കുന്നു.
മനുഷ്യന്റെ പരിണാമവും ശ്വസന രീതിയും
ഇന്ന് കാണുന്ന മനുഷ്യൻ പരിണമിച്ചു വന്നതാണ്. പരിണമിച്ചത് കൊണ്ടാണ് നമ്മുടെ തലച്ചോർ വികാസം പ്രാപിച്ചതും, അതിജീവിച്ചതും, സാങ്കേതികവിദ്യ കണ്ടുപിടിക്കപെട്ടതും. എന്നാൽ പരിണാമത്തിന്റെ ഭാഗമായി മനുഷ്യൻ ഭക്ഷണം വേവിച്ചു മൃദുവാക്കി കഴിക്കാൻ തുടങ്ങിയപ്പോൾ, മൂക്ക് ചെറുതായി, വായു മാർഗ്ഗം ചെറുതായി, ശുദ്ധീകരിക്കുന്ന വായുവിന്റെ അളവ് കുറഞ്ഞു. വ്യാവസായിക യുഗത്തിന് ശേഷമാണ് കൂടുതലും മോശമായി ശ്വസിക്കാൻ തുടങ്ങിയത്.
ശ്വസനം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. നല്ലൊരു ശതമാനം മനുഷ്യരും ആരോഗ്യം നിലനിർത്താൻ ആവശ്യമായ ശ്വാസം എടുക്കുന്നില്ല. ലോകത്തിലെ മനുഷ്യൻ എല്ലാപേരും അനുഭവിക്കുന്ന സാധാരണ പ്രശ്നമാണ് മൂക്കടപ്പ്. വീക്കം അല്ലെങ്കിൽ അലർജിയുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.
അതിനാൽ മൂക്കിലൂടെ ശ്വാസം എടുക്കാൻ കഴിയാതെ വരുമ്പോൾ വായിലൂടെ എടുക്കാൻ തുടങ്ങും. വായിലൂടെ ശ്വസിക്കാൻ തുടങ്ങുമ്പോൾ രോഗാണുക്കളെ തടയാൻ സാധിക്കാതെ വരും. മൂക്കിലൂടെ ശ്വസിച്ചാൽ അസുഖങ്ങൾ കുറവായിരിക്കും. വായിലൂടെ ശ്വസിക്കുന്നത് ആസ്ത്മ ലക്ഷണങ്ങൾക്കും ഉത്കണ്ഠയ്ക്കും കാരണമാകാം അല്ലെങ്കിൽ വഷളാക്കാം. തണുത്തതും, വരണ്ടതും, ശുദ്ധീകരിക്കാത്തതുമായ വായു ശ്വാസനാളങ്ങളെ അവതാളത്തിലാക്കുന്നു.
ശ്വസന സ്വഭാവം എങ്ങനെ മാറ്റാം?
മൂക്കിലൂടെ ശ്വസിച്ചാൽ സാവധാനത്തിലും, ദീർഘവുമായ ശ്വാസമെടുക്കാൻ സഹായിക്കും. ഉത്കണ്ഠ, സമ്മർദ്ദം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാധിക്കും. മൂക്കിലൂടെ ശ്വസിക്കുന്നത് ശ്വസന നിരക്ക് കുറയ്ക്കുന്നു, രക്തപ്രവാഹത്തിലേക്ക് ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നത് വഴി ശരീരം വിശ്രമ-ദഹന അവസ്ഥയിലേക്ക് മാറുന്നു.
യോഗയും, ധ്യാനവും മൂക്കിലൂടെയുള്ള ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്നു. വായിൽ കൂടെയാണ് നിങ്ങൾ ശ്വസിക്കുന്നതെങ്കിൽ സാവധാനം മൂക്കിലൂടെ ശ്വസിക്കാൻ ശീലിക്കുക.
- ഡയഫ്രാഗ്മാറ്റിക് (വയറ്) ശ്വസനം: ഒരു കൈ നിങ്ങളുടെ നെഞ്ചിലും, മറു കൈ വയറ്റിലും വയ്ക്കുക. മൂക്കിലൂടെ ശ്വസിക്കുക, വായ പൂർണമായും തുറക്കാതെ, ചുണ്ടുകൾ ചുരുട്ടി പതുക്കെ ശ്വാസം വിടുക. വയറിലെ പേശികളെ മുറുക്കുക.
- 4-7-8 ശ്വസനം: 4 സെക്കൻഡ് മൂക്കിലൂടെ ശ്വസിക്കുക, 7 സെക്കൻഡ് ശ്വാസം പിടിച്ചു വെയ്ക്കുക, 8 സെക്കൻഡ് വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക.
- ബോക്സ് ബ്രീത്തിംഗ് (4-4-4-4): 4 സെക്കൻഡ് മൂക്കിലൂടെ ശ്വസിക്കുക, 4 സെക്കൻഡ് ശ്വാസം പിടിച്ചു വെയ്ക്കുക, 4 സെക്കൻഡ് വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക, 4 സെക്കൻഡ് ശ്വാസം എടുക്കാതെ നിൽക്കുക.
ശ്രദ്ധിക്കുക: 5-10 മിനിറ്റ് ദിവസവും പരിശീലിക്കുക. അമിത ഉത്കണ്ഠ അനുഭവിക്കുന്ന സമയത്തും ഇത് പരിശീലിക്കുക. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഗർഭിണികൾ, വിട്ടുമാറാത്ത ശ്വാസതടസ്സം, COPD അല്ലെങ്കിൽ ആസ്ത്മ ഉള്ളവർ ഒരു ഡോക്ടറുടെ ഉപദേശം കേൾക്കുന്നത് നന്നായിരിക്കും.
ശരിയായ വായുടെ ഘടന (Resting Posture):
ചുണ്ടുകൾ അടച്ചു – നിങ്ങളുടെ വായ അടച്ചിരിക്കണം.
പല്ലുകൾ പരസ്പരം ചെറുതായി സ്പർശിക്കുന്നു – ശക്തമായി മുറുകെ പിടിക്കുന്നില്ല, ചെറുതായി വിശ്രമിക്കുന്നു.
നാവ് അണ്ണാക്കിന്റെ മുകളിൽ – നാവ് മുഴുവനും മുകളിലെ അണ്ണാക്കിൽ മൃദുവായി അമർത്തിവയ്ക്കുന്നു.
ഇങ്ങനെ ചെയ്യുന്നത് മൂക്കിലൂടെയുള്ള ശ്വാസത്തിന് സഹായിക്കുന്നു. വരണ്ട വായ, കൂർക്കം വലി, വായിൽ കൂടെയുള്ള ശ്വാസം എന്നിവ കുറയ്ക്കുന്നു. ശരീരത്തിലെ ഓക്സിജൻ സ്ഥിരമായി നിലനിർത്തുന്നു. വിശ്രമ സമയത്ത് മുകളിൽ പറഞ്ഞ രീതിയിൽ ശീലിക്കുക.