അമിഗ്ദല ഹൈജാക്ക്: ദേഷ്യവും വികാരങ്ങളും നമ്മുടെ യുക്തിയെ തടവിലാക്കുമ്പോൾ

അമിഗ്ദല ഹൈജാക്ക് — നമ്മുടെ ചിന്തകളെ വികാരങ്ങൾ തടവിലാക്കുമ്പോൾ

ഒരിക്കൽ ഒരു യാത്ര പോയപ്പോൾ വഴിയിൽ തടസ്സമായി ഒരാൾക്കൂട്ടവും, വാഹനങ്ങളുടെ നീണ്ട നിരയും കണ്ടു. കുറച്ചു സമയം കഴിഞ്ഞിട്ടും തടസ്സം മാറാതെ വന്നപ്പോൾ, വാഹനം ഒതുക്കി കാര്യം അന്വേഷിക്കാൻ പോയി. അവിടെ കണ്ട കാഴ്ച രണ്ട് പേരെ ആളുകൾ പിടിച്ചു വെച്ചിരിക്കുന്നു എന്നതാണ്. കാര്യം തിരക്കിയപ്പോൾ പലരും പല കഥകൾ പറയുന്നു. ഏതാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ തൊട്ടടുത്തുള്ള കടയിൽ പോയി ചോദിച്ചു, “ചേട്ടാ എന്താ പ്രശ്നം?

“അദ്ദേഹം പറഞ്ഞു: “എന്റെ കടയിൽ വന്നു വെള്ളം കുടിച്ച ശേഷം ഒരു കൂട്ടം ചെറുപ്പക്കാർ അവരവരുടെ ബൈക്കുകളിൽ ഇരുന്നു പാട്ട് പാടുകയായിരുന്നു. ഇതിനിടയിൽ ഒരാൾ പാട്ട് പാടിയപ്പോൾ വരികൾ തെറ്റി, കൂടെയുള്ളവർ കളിയാക്കി ചിരിക്കാൻ തുടങ്ങി. അപ്പോൾ അതുവഴി പോയ മറ്റ് രണ്ട് പേർക്ക് തോന്നി ചെറുപ്പക്കാർ തങ്ങളെയാണ് കളിയാക്കുന്നതെന്ന്. ആ രണ്ടു പേർ വന്ന് ചെറുപ്പക്കാരോട് ‘എന്തിനാ ചിരിക്കുന്നത്?’ എന്ന് ചോദിച്ചു. ചെറുപ്പക്കാർ തിരിച്ചു ചോദിച്ചു, ‘ഞങ്ങൾക്കെന്താ ചിരിച്ചുകൂടേ?’ പിന്നെ തർക്കമായി. പരസ്പരം ഉന്തും തള്ളുമായി. ആ രണ്ട് പേരും ചേർന്ന് തറയിൽ കിടന്ന കമ്പെടുത്തു ചെറുപ്പക്കാരെ തല്ലാൻ തുടങ്ങി, അവർ ഓടാനും തുടങ്ങി. നാട്ടുകാർ ഓടിക്കൂടി എല്ലാവരെയും തടഞ്ഞുവെച്ചു, പോലീസിനെ അറിയിച്ചു.

“നാട്ടുകാർ വിവരങ്ങൾ തിരക്കിയപ്പോൾ തെറ്റ് ആരുടെ ഭാഗത്താണെന്ന് മനസ്സിലായി. എന്നാൽ ആ ചേട്ടന്മാർക്ക് അഹംഭാവവും കൂടെ കടുത്ത നാണക്കേടും തോന്നിത്തുടങ്ങി. “ഒരു വിധത്തിലും ഞങ്ങളല്ല വഴക്കിന് കാരണക്കാർ” എന്ന് അവർ വാദിച്ചുകൊണ്ടിരുന്നു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പോലീസ് വന്നു വിവരങ്ങൾ തിരക്കി. ചേട്ടന്മാരോട് ദേഷ്യപ്പെട്ടപ്പോൾ ആദ്യം അവർ തർക്കിച്ചെങ്കിലും, പിന്നെ ഒന്നും മിണ്ടാതെ ‘തെറ്റ് പറ്റിപ്പോയി’ എന്ന ഭാവമായി. ഒടുവിൽ അവരെ പോലീസുകാർ വണ്ടിയിൽ കയറ്റി കൊണ്ടുപോയി.

എന്താണ് അമിഗ്ദല ഹൈജാക്ക്?

ജീവിതത്തിൽ എപ്പോഴെങ്കിലും പെട്ടെന്നുണ്ടായ ദേഷ്യത്തിലോ ഭയത്തിലോ നമ്മൾ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറിയിട്ടുണ്ടാകും. തർക്കത്തിനിടയിൽ വിവേകശൂന്യമായി എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകാം, അല്ലെങ്കിൽ ചെറിയൊരു പ്രതിസന്ധിയിൽ കടുത്ത ആശങ്കയിലായിട്ടുണ്ടാകാം. ആ സമയം കടന്നുപോയതിന് ശേഷം ശാന്തമായി ചിന്തിക്കുമ്പോൾ നമ്മൾ സ്വയം ചോദിക്കും: “ഞാൻ എന്തിനാണ് അങ്ങനെ പ്രതികരിച്ചത്? എനിക്ക് ആ നേരം എന്തുപറ്റി?

“യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് നമ്മൾ വിചാരിക്കുന്നതിലും വലിയൊരു മനശാസ്ത്ര-ശാസ്ത്രീയ പ്രതിഭാസമാണ്. ഇമോഷണൽ ഹൈജാക്ക് (Emotional Hijack) അല്ലെങ്കിൽ അമിഗ്ദല ഹൈജാക്ക് (Amygdala Hijack). നമ്മുടെ യുക്തിചിന്തയെ വികാരങ്ങൾ പൂർണ്ണമായി തടവിലാക്കുന്ന അവസ്ഥയാണിത്.

ഇമോഷണൽ ഹൈജാക്കിങ്ങിന് പിന്നിലെ ശാസ്ത്രം

മനുഷ്യന്റെ തലച്ചോറിന്റെ ഘടന പരിശോധിച്ചാൽ ഇതിന്റെ പിന്നിലെ ശാസ്ത്രം വ്യക്തമായി മനസ്സിലാക്കാം. തലച്ചോറിന്റെ ലിംബിക് സിസ്റ്റത്തിന്റെ ഭാഗമായി, ടെമ്പറൽ ലോബുകളിൽ ഇരുവശത്തും ബദാമിന്റെ ആകൃതിയിലുള്ള ഒരു ഭാഗമുണ്ട്; ഇതാണ് അമിഗ്ദല (Amygdala). ഭയം, ദേഷ്യം തുടങ്ങിയ അടിസ്ഥാന വികാരങ്ങളെ പ്രോസസ് ചെയ്യുന്ന കേന്ദ്രമാണിത്.

അതേസമയം, നമ്മുടെ നെറ്റിയുടെ ഭാഗത്തുള്ള പ്രീഫ്രണ്ടൽ കോർട്ടെക്സ് (Prefrontal Cortex) ആണ് യുക്തിസഹമായി ചിന്തിക്കാനും, കാര്യങ്ങൾ വിശകലനം ചെയ്യാനും, ശരിയായ തീരുമാനങ്ങൾ എടുക്കാനും നമ്മളെ സഹായിക്കുന്നത്.

[ബാഹ്യമായ ഒരു ഭീഷണി / ട്രിഗർ] │ ├──► (പെട്ടെന്നുള്ള വഴി) ──► അമിഗ്ദല (വികാരങ്ങൾ / അടിയന്തര പ്രതികരണം) │ └──► (സാധാരണ വഴി) ──► പ്രീഫ്രണ്ടൽ

നമുക്ക് ഒരു അപകടം അല്ലെങ്കിൽ ഭീഷണി ഉണ്ടാകുമ്പോൾ, വിവരങ്ങൾ പ്രീഫ്രണ്ടൽ കോർട്ടെക്സിൽ എത്തി യുക്തിപരമായി ചിന്തിക്കുന്നതിന് മുൻപ് തന്നെ അമിഗ്ദല സജീവമാകുന്നു. അത് ശരീരത്തിലേക്ക് അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളെ അടിയന്തരമായി പമ്പ് ചെയ്യുന്നു. ഇതൊരു ‘ഫൈറ്റ്-ഓർ-ഫ്ലൈറ്റ്’ (Fight-or-Flight) അവസ്ഥയാണ്. അതായത് ഒന്നെങ്കിൽ ആക്രമിക്കുക, അല്ലെങ്കിൽ പിന്മാറുക, അതുമല്ലെങ്കിൽ ഒന്നും ചെയ്യാനാകാതെ വെറുതെ നിൽക്കുക.

വിമർശനങ്ങൾ നേരിടുമ്പോൾ, ഉച്ചത്തിലുള്ള സംസാരം കേൾക്കുമ്പോൾ, അല്ലെങ്കിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സ് കടുത്ത സമ്മർദ്ദത്തിലാവുകയും ഇത് ട്രിഗർ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയെ വൈകാരികമായി മാത്രം പ്രതികരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

ആദിമ മനുഷ്യന് കാട്ടുമൃഗങ്ങളുടെ മുന്നിൽപ്പെടുമ്പോൾ ജീവൻ രക്ഷിക്കാൻ അമിഗ്ദലയുടെ ഈ പെട്ടെന്നുള്ള പ്രതികരണം ആവശ്യമായിരുന്നു. എന്നാൽ ആധുനിക ഡിജിറ്റൽ യുഗത്തിൽ ഒരു മെസ്സേജ്, ഓഫീസിലെ തർക്കങ്ങൾ, വ്യക്തിപരമായ വിയോജിപ്പുകൾ എന്നിവയൊക്കെ നേരിടുമ്പോൾ പോലും നമ്മളിൽ ഇതേ ഭീഷണിയുടെ വികാരമാണ് ഉണ്ടാകുന്നത്. ഇവിടെ യുക്തിചിന്തയുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും അമിഗ്ദല തലച്ചോറിനെ ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നു.

അമിഗ്ദല ഹൈജാക്കും നിത്യജീവിതവും

മദ്യം കഴിക്കുമ്പോൾ ചില ആളുകൾ കടുത്ത അക്രമവാസന കാണിക്കുന്നത് ഇതിനാലാണ്. മദ്യം നമ്മുടെ യുക്തിചിന്തയെ നിയന്ത്രിക്കുന്ന പ്രീഫ്രണ്ടൽ കോർട്ടെക്സിന്റെ പ്രവർത്തനത്തെയാണ് പ്രധാനമായും തളർത്തുന്നത്. അതോടെ അമിഗ്ദലയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ഉള്ളിൽ നിന്നും വരുന്ന വാക്കുകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണില്ലാതാവുകയും ചെയ്യുന്നു. അവർ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റായിപ്പോകുന്നതും ഇതുകൊണ്ടാണ്.

അതുപോലെ തന്നെ, രണ്ടുപേർ തല്ലുകൂടുമ്പോൾ ഒരിക്കലും ഇടയിൽ കയറി പിടിച്ചുമാറ്റാൻ ശ്രമിക്കരുത്. തല്ലുകൂടുന്നതിന് മുൻപ് അത് തടയാൻ ശ്രമിക്കുകയാണ് വേണ്ടത്. കാരണം, ആ സമയത്ത് അവർ ‘അമിഗ്ദല ഹൈജാക്കിൽ’ ആയിരിക്കും; അവർക്ക് മുന്നിൽ നിൽക്കുന്നത് ആരാണെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടാകില്ല.

ഒരു വ്യക്തിഗത അനുഭവം: ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാർ തമ്മിൽ തല്ലുകൂടിയപ്പോൾ പിടിച്ചുമാറ്റാൻ പോയതോർക്കുന്നു. അന്ന് തല്ലുകൂടിയവർക്ക് പകരം നല്ല അടി കിട്ടിയത് എനിക്കായിരുന്നു! അടി കൂടുന്നവർ അവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന ആളുകളെ ആ നിമിഷത്തിൽ ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.

മാനസിക സമ്മർദ്ദവും അമിഗ്ദലയും

ഇന്നത്തെ അതിവേഗ ജീവിതത്തിൽ നമ്മൾ നേരിടുന്ന നിരന്തരമായ മാനസിക സമ്മർദ്ദം അമിഗ്ദലയെ എപ്പോഴും ഉണർന്നു പ്രവർത്തിക്കുന്ന (Hypersensitive) ഒരവസ്ഥയിൽ എത്തിക്കുന്നു. എന്നാൽ ഇത് ചെറിയ കാലയളവിൽ പോലും മനുഷ്യന് ശാരീരികമായും മാനസികമായും നല്ലതല്ല. ഇത് വ്യക്തിബന്ധങ്ങളെ തകർക്കുക മാത്രമല്ല, വിട്ടുമാറാത്ത വിഷാദം, ഉത്കണ്ഠ, ശാരീരിക അസുഖങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു.

ഉയർന്ന സമ്മർദ്ദമുള്ളപ്പോൾ നമ്മൾ സാഹചര്യം പോലും നോക്കാതെ പല കാര്യങ്ങളിലും ഇടപെട്ട് പ്രശ്നങ്ങൾക്ക് മുതിരുന്നു. നമ്മളുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത ചെറിയ കാര്യങ്ങളിൽ പോലും വളരെ രൂക്ഷമായി പ്രതികരിക്കുന്നു. സമ്മർദ്ദം കാരണം പെട്ടെന്ന് ദേഷ്യം തോന്നുകയും, എല്ലാ കാര്യത്തിലും സംശയമുണ്ടാകുകയും ചെയ്യുന്നു. ഇത് തലവേദന, നെഞ്ചിടിപ്പ് കൂടുക, ഉറക്കക്കുറവ് എന്നിവയിലേക്കും നമ്മെ നയിക്കുന്നു.

ഇമോഷണൽ ഹൈജാക്കിനെ മറികടക്കാനുള്ള വഴികൾ

നമ്മുടെ തലച്ചോറിനെ വികാരങ്ങളുടെ തടവറയിൽ നിന്നും മോചിപ്പിക്കാൻ ചില പ്രായോഗിക ശീലങ്ങളിലൂടെ സാധിക്കും:

1.മൈൻഡ്ഫുൾനെസ്സും മെഡിറ്റേഷനും: ഇപ്പോഴത്തെ നിമിഷത്തിൽ (Present moment) പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ മനസ്സിനെ പ്രാപ്തമാക്കുന്ന ഒന്നാണ് മൈൻഡ്ഫുൾനെസ്സ്. വികാരങ്ങളെ നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്താതെ, അവയെ വെറുമൊരു നിരീക്ഷകനായി കാണാൻ ഇത് നമ്മെ ശീലിപ്പിക്കുന്നു. പതിവായ ധ്യാനം അമിഗ്ദലയുടെ അമിത പ്രവർത്തനത്തെ കുറയ്ക്കുകയും പ്രീഫ്രണ്ടൽ കോർട്ടെക്സുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്യുന്നു.

2.ആഴത്തിലുള്ള ശ്വാസോച്ഛാസം (Deep Breathing): ഒരു വൈകാരിക നിമിഷം ഉണ്ടാകുമ്പോൾ ദീർഘമായി ശ്വാസമെടുക്കുന്നത് ശരീരത്തിലെ പാരസിമ്പതെറ്റിക് നാഡീവ്യൂഹത്തെ ഉണർത്തുന്നു. ഇത് ഹൃദയമിടിപ്പ് കുറയ്ക്കാനും തലച്ചോറിന് എല്ലാം ശാന്തമാണെന്ന സന്ദേശം നൽകാനും സഹായിക്കുന്നു. ഇതിനായി ‘4-7-8’ രീതി ഉപയോഗിക്കാം (4 സെക്കൻഡ് ശ്വാസമെടുക്കുക, 7 സെക്കൻഡ് അത് അടക്കിപ്പിടിക്കുക, 8 സെക്കൻഡ് കൊണ്ട് ശ്വാസം പൂർണ്ണമായും പുറത്തുവിടുക). ഇത് മനസ്സിനെ വളരെ ഫലപ്രദമായി ശാന്തമാക്കും.

3. ചിന്തകളെ പുനഃക്രമീകരിക്കുക (Cognitive Reframing): നമ്മുടെ ഉള്ളിലെ അനാവശ്യ ഭയങ്ങളെയും ചിന്തകളെയും തിരിച്ചറിഞ്ഞ് അവയെ തിരുത്തുക. എല്ലാം അവസാനിച്ചു എന്ന് ചിന്തിക്കുന്നതിന് പകരം, “ഇതൊരു താത്കാലിക പ്രതിസന്ധി മാത്രമാണ്, എനിക്ക് ഇതിനെ നേരിടാൻ കഴിയും” എന്ന് ചിന്തകളെ മാറ്റിയെടുക്കാൻ മനസ്സിനെ ശീലിപ്പിക്കുക.

4. പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ (Progressive Muscle Relaxation): മാനസിക സമ്മർദ്ദം ശരീരത്തിലെ പേശികളെ കഠിനമായി മുറുക്കാറുണ്ട്. ശരീരത്തിലെ വിവിധ പേശീ ഗ്രൂപ്പുകളെ ബോധപൂർവ്വം ശക്തമായി മുറുക്കുകയും, പിന്നീട് സാവധാനം അയച്ചുവിടുകയും ചെയ്യുന്ന വ്യായാമമാണിത്. ഇത് നാഡീവ്യൂഹത്തെ ശാന്തമാക്കുകയും അമിഗ്ദലയുടെ പ്രതികരണ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.

5. പതിവായ ശാരീരിക വ്യായാമം: വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ‘എൻഡോർഫിൻ’ (Endorphins) എന്ന ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നവരുടെ പ്രീഫ്രണ്ടൽ കോർട്ടെക്സ് കൂടുതൽ ശക്തമാകുമെന്നും, സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അവർക്ക് കൂടുതൽ ശേഷിയുണ്ടാവുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

6. സാമൂഹിക ബന്ധങ്ങൾ (Social Connections): വിശ്വസിക്കാൻ കൊള്ളാവുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് ഒരു വലിയ ആശ്വാസമാണ്. നല്ല സാമൂഹിക ബന്ധങ്ങൾ മാനസിക സമ്മർദ്ദങ്ങൾക്ക് എതിരെയുള്ള സുരക്ഷാകവചമായി പ്രവർത്തിക്കുന്നു. പ്രശ്നങ്ങളെ എത്രമാത്രം ഉള്ളിൽ അടക്കിപ്പിടിക്കുന്നുവോ, അത്രയും കൂടുതൽ മാനസിക പ്രയാസങ്ങൾ സംഭവിക്കുന്നു.

7. കൃത്യമായ ഉറക്കം: ഉറക്കക്കുറവ് അമിഗ്ദലയെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. കൃത്യമായ ഉറക്കം ലഭിക്കാത്ത ദിവസങ്ങളിൽ നമുക്ക് ഉത്കണ്ഠയും ദേഷ്യവും കൂടുന്നത് ഇതുകൊണ്ടാണ്. ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഗുണമേന്മയുള്ള തുടർച്ചയായ ഉറക്കം ഉറപ്പാക്കുക.

ഉപസംഹാരം

മനുഷ്യരുടെ വികാരങ്ങൾ തികച്ചും സ്വാഭാവികമാണ്. പക്ഷേ, വികാരങ്ങൾ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കുമ്പോഴാണ് പ്രശ്നങ്ങൾ സംഭവിക്കുന്നത്. വികാരങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്ന ആ നിമിഷത്തെ സ്വയം തിരിച്ചറിയാൻ പഠിക്കുക എന്നതാണ് പ്രധാനം. പെട്ടെന്ന് പ്രതികരിക്കുന്നതിന് മുൻപ് ഒരു നിമിഷം ശാന്തമായി മാറിനിന്ന് ശ്വാസമെടുക്കാൻ കഴിഞ്ഞാൽ, അവിടെ നമ്മൾ വിജയിച്ചു.

ജീവിതത്തിൽ പ്രശ്നങ്ങൾ പലതുമുണ്ടാകും. എന്നാൽ അതിനെ സമീപിക്കുന്ന രീതി തീരുമാനിക്കാൻ പഠിച്ചാൽ നമുക്ക് ജീവിതത്തിൽ വിജയിക്കാം. വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നവർക്ക് ക്ഷമയുണ്ടാകും, അവർ പ്രതിസന്ധികളെ അതിജീവിക്കും. നമ്മുടെ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും നമ്മൾ പ്രതികരിക്കേണ്ട ആവശ്യമുണ്ടോ എന്ന് ആഴത്തിൽ ചിന്തിക്കുക. കാരണം, ബാഹ്യമായ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല.

“വികാരങ്ങളുടെ പുറത്ത് ഒരിക്കലും ദൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കരുത്. അതുകഴിഞ്ഞാൽ മനുഷ്യന്റെ അഹംഭാവം കാരണം, എടുത്ത തീരുമാനം തെറ്റായാൽ പോലും അതിനെ പുനഃപരിശോധിക്കാൻ മനസ്സ് അനുവദിക്കില്ല.”

Leave a Comment