വംശീയത: ശാസ്ത്രം തള്ളിക്കളയുന്ന കപടസിദ്ധാന്തവും മനുഷ്യപരിണാമത്തിന്റെ യാഥാർത്ഥ്യവും

13.8- ബില്യൺ വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചം ഉണ്ടായി. 4.5- ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമി രൂപം കൊണ്ടു. 2.5- മില്യൺ വർഷങ്ങൾക്ക് മുൻപ് ഈസ്റ്റ് ആഫ്രിക്കയിൽ ആദ്യത്തെ മനുഷ്യർ പ്രത്യക്ഷപ്പെട്ടു. മനുഷ്യർ കുരങ്ങിൽ നിന്നും പരിണമിച്ചു ഉണ്ടായവരല്ല, മറിച്ചു മനുഷ്യരും ചിമ്പാൻസികളും ഒരു പൊതു പൂർവികന്റെ പിന്തുടർച്ചക്കാരാണ്. അവരിൽ നിന്ന് മനുഷ്യരും, ചിമ്പാൻസികളും വ്യത്യസ്തമായി വ്യതിചലിക്കുകയും പരിണമിക്കുകയും ചെയ്തു. ലഭിച്ച തെളിവുകൾ അടിസ്ഥാനമാക്കി ആദ്യത്തെ മനുഷ്യന് ഓസ്ട്രലോപിത്തേക്കസ് എന്ന പേര് നൽകി. അത് കഴിഞ്ഞു ഹോമോ ഹാബിലിസ്, ഇറക്റ്റസ്, നിയാണ്ടർത്തലെൻസിസ് – നിയാണ്ടർത്തലുകൾ യൂറോപ്പിലും ഏഷ്യയിലും പരിണമിച്ചു.

ഹോമോസാപ്പിയൻസ്

അവസാനമായി പരിണമിച്ചു ഉണ്ടായ ആധുനിക മനുഷ്യവർഗമാണ് ഹോമോസാപ്പിയൻസ്. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ പരിണമിച്ചു.70,000 വർഷങ്ങൾക്ക് മുമ്പ് ഹോമോസാപ്പിയൻസ് ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും കുടിയേറി, വർഷങ്ങൾ വേണ്ടി വന്നു കുടിയേറാൻ. എന്നിട്ടവർ നിയാണ്ടർത്തലുകൾ, ഡെനിസോവൻസ് തുടങ്ങിയ പുരാതന മനുഷ്യ ഇനങ്ങളെ കണ്ടുമുട്ടുകയും, അവരുമായി ഇടപഴകുകയും ചെയ്തു. ഹോമോസാപിയൻസ് കടൽ കടന്ന്‌ ആരും അതുവരെ എത്താത്ത ഓസ്ട്രേലിയയിൽ 45,000 വർഷങ്ങൾക്ക് മുൻപ് എത്തിച്ചേർന്നു.

ഇന്ന് കാണുന്ന വിവിധ രൂപത്തിലും, ഭാവത്തിലും, നിറത്തിലുമുള്ള ഉള്ള മനുഷ്യൻ വ്യത്യസ്ത കാലാവസ്ഥയിലും, ഭക്ഷണത്തിന്റെ രീതിയിലും, ജീവിത ശൈലി കൊണ്ടും പൊരുത്തപ്പെട്ട് ജീവിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ആർട്ടിക് പ്രദേശം, ഇടതൂർന്ന മഴ പ്രദേശം, മരുഭൂമിയിൽ വരെ മനുഷ്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു അതിജീവിച്ചു. ആഫ്രിക്കയിൽ അതി കഠിനമായ ചൂടുള്ള സാഹചര്യത്തിൽ ജനിച്ച മനുഷ്യർ കറുത്ത നിറം ലഭിച്ചു. തണുത്ത പ്രദേശത്തു ജീവിച്ചവർക്ക് വിറ്റാമിൻ ഡി യുടെ അഭാവത്തിൽ ഇളം ചർമം ലഭിച്ചു. മുൻപ് ജീവിച്ച ഒരു മനുഷ്യ വർഗത്തിനും വൈവിധ്യമാർന്ന ആഗോള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. അതുകൊണ്ടാണ് ഹോമോസാപിയൻസ് ഭൂമി മുഴുവൻ വ്യാപിച്ചത്.

ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരൊറ്റ സ്പീഷിസായ ഹോമോ സാപ്പിയൻസിൽ പെടുന്നു. ഇന്ന് ജീവിക്കുന്ന, മൺമറഞ്ഞുപോയ എല്ലാ മനുഷ്യരും ഒരു സാമൂഹിക പരിവർത്തനത്തിന്റെ നിർമിതിയാണ്. മനുഷ്യരുടെ DNA 99.9 ശതമാനം ഒന്നാണ്. കുടിയേറ്റവും, മിശ്രിതവും കാരണം ഭൂമിയിലുള്ള ഒരു ജനസംഖ്യയും ശുദ്ധമല്ല. മുഖം, ഘടന, മുടി, നിറം എന്നിവ പ്രാദേശിക പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വംശം എന്നാൽ യഥാർത്ഥത്തിൽ സാമൂഹിക ശ്രേണികൾ, കീഴടക്കൽ, അടിമത്തം എന്നിവയെ ന്യായീകരിക്കുന്നതിനായി കൊളോണിയലിസത്തിന്റെ കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത ഒരു കപടശാസ്ത്ര സിദ്ധാന്തമായിരുന്നു.

എല്ലാ മനുഷ്യരിലും തല, ശരീരം, കൈകാലുകൾ തുടങ്ങിയ ബാഹ്യ ഭാഗങ്ങളും, അവയവങ്ങൾ, അസ്ഥികൾ, പേശികൾ തുടങ്ങിയ ആന്തരിക ഭാഗങ്ങളും അടങ്ങിയിരിക്കുന്നു. പ്രധാന അവയവങ്ങളിൽ തലച്ചോറ് (നിയന്ത്രണ കേന്ദ്രം), ഹൃദയം (രക്തം പമ്പ് ചെയ്യുന്നു), ശ്വാസകോശം (ശ്വസിക്കുന്നു), വൃക്കകൾ (മാലിന്യം ഫിൽട്ടർ ചെയ്യുന്നു) അസ്ഥികൂടം (ഘടന), നാഡീവ്യൂഹം (സിഗ്നലുകൾ), ദഹനം (ഭക്ഷണ സംസ്‍കരണം) എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

വംശീയത

വംശീയത എന്നാൽ ഒരു വ്യക്തിക്കോ, ഒരു കൂട്ടം ജനങ്ങൾക്കോ എതിരായി മുൻവിധികളോടെ, വിവേചനത്തോടെയോ, ശത്രുതാപരമായോ പെരുമാറുന്ന രീതിയാണ്. ഒരു ഗ്രൂപ്പുകാർ തങ്ങൾ ശ്രേഷ്ടരാണെന്നും മറ്റുള്ളവർ തങ്ങളേക്കാൾ താഴ്ന്ന തട്ടിലാണെന്നും വിശ്വസിക്കുന്നു. വംശീയത എന്നത് വ്യവസ്ഥകളും, നയങ്ങളും, പ്രവർത്തനങ്ങളും, മനോഭാവങ്ങളും, അസമത്വം സൃഷ്ടിക്കുന്ന പ്രക്രിയയാണ്.

ആധുനിക സമൂഹത്തിന് ഒരു വിധത്തിലും യോജിക്കാത്തതാണ് വംശീയത. ഒരു വ്യക്തിക്കും സമൂഹത്തിന്റെ ഭാഗമല്ലാതെ ജീവിക്കാൻ സാധിക്കില്ല. നമ്മളെ ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം തന്നെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത മനുഷ്യർ നിർമിക്കുന്നതാണ്. ഒരു രാജ്യം വളരുന്നത് ഒരു കൂട്ടരുടെ സംഭാവന കൊണ്ട് മാത്രം അല്ല. ഒരു രാജ്യം സാമ്പത്തികമായി പുരോഗതി കൈവരിക്കുന്നതിന് ഒരു പങ്ക്, മറ്റു രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നത് കൊണ്ടാണ്. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മുതൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെടുത്തി ഒരു ഹോസ്പിറ്റലിൽ ചെന്നാൽ തീരുന്നതേ ഉള്ളു വംശീയത.

എല്ലാ മനുഷ്യരും സ്വതന്ത്രരും,തുല്യരും, അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണെന്ന് മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (1948) സ്ഥാപിച്ചു. എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള യുഎന്നിന്റെ അന്താരാഷ്ട്ര കൺവെൻഷൻ (1965) പൊതു, സ്വകാര്യ മേഖലകളിലെ വംശീയ വിവേചനം ഇല്ലാതാക്കാൻ രാഷ്ട്രങ്ങളെ നിയമപരമായി ബാധ്യസ്ഥമാക്കുന്നു.

സാമൂഹിക ഘടന

വംശീയത ഒരു സാമൂഹിക ഘടന എന്ന നിലയിൽ ചരിത്രത്തിൽ കൊണ്ട് വന്നതാണ്. കാലക്രമേണ സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു സംവിധാനമായി തുടരുന്നു. വംശീയതയുടെ സ്ഥിരതയെ ഉറപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും, ആളുകൾ പരസ്പരം സമ്പർക്കം പുലർത്തുമ്പോൾ വ്യത്യസ്ത പരിഗണനയെ ന്യായികരിക്കാൻ ഉപയോഗിച്ചു. ചില സാമൂഹിക വർഗ്ഗങ്ങൾക്ക് മറ്റുള്ളവയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ വംശീയത വാദം ഉയർത്തി.

വംശീയത തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സാമൂഹിക പ്രശ്നമായി മാറി. ഇത് ഇന്ന് ലോകത്തെ ജനങ്ങളെ അസമത്വങ്ങളിലേക്ക് നയിച്ചു. 99.9% ഒരേ ജിനുള്ള മനുഷ്യർ വംശീയത കാരണം വ്യത്യസ്തരായി. ഇത് ആരുടെയും തെറ്റല്ല, പണ്ട് ആരോ ആരംഭിച്ച വംശീയത വ്യത്യസ്ത രീതിയിൽ ഇപ്പോഴും ലോകത്ത് നിലനിൽക്കുന്നു.

ആഘാതം

വംശീയത ഒരാളുടെ ജീവിതത്തെ മുഴുവൻ ബാധിക്കുന്നു പ്രശ്നമാണ്. ഒരാൾ നിരന്തരം വംശീയ വിവേചനം നേരിടുമ്പോൾ, ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവ അനുഭവിക്കുന്നു. മാനസിക പ്രശ്നങ്ങൾ എല്ലായ്പ്പോഴും കാലക്രമേണ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം, ഉറക്കക്കുറവ്, ശരീര വീക്കം എന്നിവ സൃഷ്ടിക്കുന്നു. സാമൂഹികമായും, തൊഴിൽപരമായും, വിദ്യാഭ്യാസപരമായും മാറ്റി നിർത്തും.

മനുഷ്യരെ ലിംഗഭേദം അനുസരിച്ച് തരംതിരിക്കുമ്പോൾ, എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒന്നാണ്, തുല്യരാണ്. ഒരു വ്യക്തിയെ വ്യത്യസ്തനാക്കുന്നത് അവന്റെ മാനസിക, ശാരീരിക ഗുണമേന്മ അനുസരിച്ചാണ്. വംശീയത എന്നാൽ വെറുപ്പിന്റെ വിശ്വാസമാണ്. അതുകൊണ്ടാണ് വംശീയത ആയുധമാക്കി മറ്റുള്ളവരോട് മോശമായി പെരുമാറാനും, അടിച്ചമർത്താനും, ആക്രമണം നടത്താനും ശ്രമിക്കുന്നത്. വംശീയത മുൻവിധിയോടെ പെരുമാറുന്നു.

ഉപസംഹാരം

വംശീയത എന്നത് പ്രകൃതിദത്തമായ ഒന്നല്ല, മറിച്ച് മനുഷ്യൻ ബോധപൂർവ്വം നിർമ്മിച്ചെടുത്ത ഒരു മനോഭാവമാണ്. ശാസ്ത്രീയമായി നോക്കിയാൽ നാമെല്ലാവരും ഒരേ മരത്തിന്റെ ശാഖകളാണ്; നമ്മുടെ രക്തത്തിന്റെ നിറവും ശാരീരിക പ്രവർത്തനങ്ങളും ഒന്നുതന്നെയാണ്. ബാഹ്യമായ വ്യത്യാസങ്ങൾ വെറും ഭൂമിശാസ്ത്രപരമായ അതിജീവനത്തിന്റെ അടയാളങ്ങൾ മാത്രമാണ്.

ആധുനിക ലോകത്ത് വംശീയമായ വിവേചനങ്ങൾ തുടരുന്നത് മാനവികതയ്ക്ക് തന്നെ അപമാനമാണ്. വിദ്വേഷത്തിന്റെ മതിലുകൾ തകർത്ത്, മനുഷ്യനെ മനുഷ്യനായി കാണാൻ നമുക്ക് സാധിക്കണം. വൈവിധ്യങ്ങളെ ഭയപ്പെടാതെ അവയെ ആഘോഷിക്കാനും, എല്ലാവർക്കും തുല്യനീതിയും അന്തസ്സും ഉറപ്പുവരുത്തുന്ന ഒരു സമൂഹത്തിനായി ഒന്നിച്ചു നിൽക്കാനും നമുക്ക് കഴിയണം. വംശീയതയില്ലാത്ത ലോകം എന്നത് ഒരു സ്വപ്നമല്ല, മറിച്ച് നമ്മുടെ അറിവിലൂടെയും പരസ്പര സ്നേഹത്തിലൂടെയും നേടിയെടുക്കേണ്ട ഒന്നാണ്.

Subscription Form

Leave a Comment