ആവശ്യവും ആഡംബരവും തമ്മിലുള്ള അതിർവരമ്പുകൾ മായുമ്പോൾ: ഉപഭോക്തൃ സംസ്കാരം ഒരു വിശകലനം

    ആധുനിക കാലത്ത് ജനസംഖ്യവർദ്ധനവിനനുസരിച്ച് ലോകം ഉപഭോക്തൃത്വത്തിലൂടെ അതിവേഗത്തിൽ വളരുകയാണ്. രാജ്യപുരോഗതിക്കും, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾ സഹായിക്കുന്നു. രാജ്യം പുരോഗതി നേടുമ്പോൾ ഗവണ്മെന്റ് നേട്ടമുണ്ടാക്കുന്നു, അത് വഴി നാടിനും ജനങ്ങൾക്കും വേണ്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നു.

    മാറുന്ന സമ്പദ്‌വ്യവസ്ഥയും ആവശ്യങ്ങളും

    ഒരു കാലത്ത് ഭക്ഷണവും, വെള്ളവും, വസ്ത്രവും മാത്രമാണ് മനുഷ്യർക്ക് ആവശ്യമായിരുന്നത്. എന്നാൽ വ്യവസായവൽക്കരണത്തിനു ശേഷം പുതിയ ആവശ്യങ്ങൾ ഉടലെടുത്തു. അത് പിന്നീട് വർദ്ധിക്കുകയും, ഉപഭോക്തൃ വ്യവസ്ഥ വലുതാവുകയും ചെയ്തു. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉൽപ്പാദനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് വളരെ വേഗത്തിൽ മാറ്റം സംഭവിച്ചു. പുതിയ സാങ്കേതിക വിദ്യയും, സാധനങ്ങളും, സേവനങ്ങളും ലോകമെമ്പാടും ആവശ്യമായി വരുകയും അതിനെ സ്വന്തമാക്കാൻ എല്ലാവർക്കും അവസരം ലഭിക്കുകയും വന്ന സാഹചര്യം ഉത്പാദകരും, വിതരണക്കാരും നല്ല രീതിയിൽ പരസ്യം പ്രയോജനപ്പെടുത്തി ജനങ്ങളിൽ എത്തിച്ചു.

    പാവപ്പെട്ടവൻ മുതൽ അതിസമ്പന്നൻമാർക്ക് വരെ ആവശ്യമുള്ള സാധനങ്ങളും, സേവങ്ങളും ഉത്പാദകർ നിർമ്മിക്കുന്നു. സെക്കൻഡ്‌സ് പോലും വില കൽപ്പിക്കുന്ന മനുഷ്യൻ ഇപ്പോൾ സഞ്ചരിക്കാൻ ഇലക്ട്രിക്ക് സൈക്കിൾ മുതൽ സ്വകാര്യ ജെറ്റ് വരെ ഉപയോഗിക്കുന്നു. മൊബൈൽ ഫോണും, കമ്പ്യൂട്ടറും, ടീവിയും ഇല്ലാത്തൊരു ലോകം ഇനി സങ്കൽപ്പിക്കാൻ കൂടെ സാധിക്കില്ല.

    എന്താണ് അമിത ഉപഭോഗം?

    ഒരാൾ ആവശ്യങ്ങൾക്കപ്പുറം സാധനങ്ങളും സേവനങ്ങളും സ്ഥിരമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ അമിത ഉപഭോഗം എന്ന് വിളിക്കാം.

    വിപണിയിലുള്ള എല്ലാ വസ്തുക്കളും ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? നമുക്ക് ആവശ്യമുള്ളത് മാത്രമാണോ വാങ്ങുന്നത്? ഒരേ വസ്തു ഒന്നിലധികം കൈവശം വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പരസ്യം കാണിക്കുന്നത് പോലെയുള്ള ഗുണം ആ വസ്തുവിൽ നിന്ന് ലഭിക്കുന്നുണ്ടോ?

    പ്രാഥമികമായി ഒരു വ്യക്തിക്ക് താഴെ പറയുന്ന ആവശ്യങ്ങൾ നിറവേറ്റാനുണ്ട്:

    • ശാരീരിക ആവശ്യങ്ങൾ: ഭക്ഷണം, വെള്ളം, അഭയം.
    • സുരക്ഷാ ആവശ്യകതകൾ: നല്ല ആരോഗ്യം, സ്ഥിരമായ വരുമാന സ്രോതസ്സ്.
    • മാനസിക ആവശ്യങ്ങൾ: സൗഹൃദം, വിശ്വാസം, സ്വീകാര്യത.
    • ബഹുമാന ആവശ്യകതകൾ: ആത്മാഭിമാനം, അന്തസ്സ്, കഴിവ്, സ്വാതന്ത്ര്യം.
    • സ്വയം യാഥാർത്ഥ്യമാക്കൽ: ഒരാൾക്ക് ആകാൻ കഴിയുന്നതെല്ലാം ആയിത്തീരുക.

    സാങ്കേതിക വിദ്യയും മാറുന്ന ജീവിതശൈലിയും

    കാലഘട്ടം മാറിയപ്പോൾ ആധുനിക ജീവിതം അധിക ആവശ്യങ്ങൾ കൊണ്ടുവന്നു. കോവിഡ് സമയത്ത് ഇന്റർനെറ്റും മൊബൈലും ഒരു സുപ്രധാന ആവശ്യമായി മാറി. ഇന്ന് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ ആളുകൾ വാങ്ങി കൂട്ടുന്നു. ഇൻഫർമേഷൻ ടെക്നോളജിയുടെ കടന്നുകയറ്റം സാധനങ്ങളും സേവനങ്ങളും വീട്ടുപടിക്കൽ എത്തിച്ചു.

    ജനസംഖ്യ കൂടിയപ്പോൾ ഉൽപ്പാദനം വർദ്ധിച്ചു. ഒരേ വസ്തു വിവിധ വിലയിൽ പല കമ്പനികൾ പുറത്തിറക്കി. പരസ്യത്തിന്റെ അതിപ്രസരണം, EMI സൗകര്യങ്ങൾ, ഇ-കൊമേഴ്‌സ് വളർച്ച, ഡിസ്‌കൗണ്ടുകൾ എന്നിവ ജനങ്ങളെ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ചു.

    ആഡംബരവും വ്യക്തിത്വവും

    6000 രൂപയ്ക്ക് ഫോൺ ലഭ്യമാണെങ്കിലും പലരും ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ വാങ്ങുന്നു. ഓരോ വർഷവും പുതിയ മോഡൽ വരുമ്പോൾ പഴയതിന് കുഴപ്പമില്ലെങ്കിൽ പോലും അത് മാറ്റുന്നു. പലരുടെയും വീക്ഷണകോണിൽ വിലകൂടിയ ഫോണും വസ്ത്രങ്ങളും അവരുടെ ഐഡന്റിറ്റി നിശ്ചയിക്കുന്നു.

    നല്ല സാമ്പത്തികമുള്ളവർ വാങ്ങുന്നതിൽ തെറ്റില്ലെങ്കിലും, ഇവയെല്ലാം ഭൂമിയിലെ പരിമിതമായ വിഭവങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നതെന്നും പിന്നീട് ഇവ മാലിന്യമായി മാറുമെന്നും ഓർക്കുക. വരുമാനമില്ലാത്തവർ ഇത്തരം പ്രവണതകളിലൂടെ കടക്കെണിയിലേക്ക് വീഴുകയാണ്. ഷോപ്പിംഗ് ഇപ്പോൾ ഒരു വിനോദമായി മാറിയിരിക്കുന്നു.

    കടക്കെണിയും സമ്പാദ്യശീലവും

    പരസ്യം കണ്ടോ ഇൻഫ്ലുവൻസർമാരുടെ പ്രേരണയാലോ സാധനങ്ങൾ വാങ്ങുന്നത് പതിവായിരിക്കുന്നു. ക്രെഡിറ്റ് കാർഡുകളും EMI-യും ഇതിന് ആക്കം കൂട്ടുന്നു. വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വരുന്നത് ജനങ്ങളെ കടക്കെണിയിലാക്കുന്നു. 2022–23ലെ കണക്കനുസരിച്ച് ഇന്ത്യക്കാരുടെ സമ്പാദ്യ നിരക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണ് (29.7%). ഇതിന്റെ പ്രധാന കാരണം വർദ്ധിച്ചുവരുന്ന ഉപഭോക്തൃത്വമാണ്.

    ഭക്ഷ്യസംസ്കാരവും പാഴാക്കലും

    ഉപഭോക്തൃ സംസ്‍കാരത്തിലെ വലിയൊരു പ്രശ്നമാണ് ഭക്ഷണത്തിന്റെ പാഴാക്കൽ. ഹോട്ടലുകളിലും പൊതുപരിപാടികളിലും പാകം ചെയ്യുന്ന ഭക്ഷണം നല്ലൊരു ശതമാനവും മാലിന്യമായി മാറുന്നു. ഒരു വശത്ത് പട്ടിണി നിലനിൽക്കുമ്പോൾ മറുവശത്ത് ടൺ കണക്കിന് ഭക്ഷണം പാഴാകുന്നു. വൈകാരിക സംതൃപ്തിക്ക് വേണ്ടിയാണ് പലരും ഇന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്.

    മിനിമലിസം: ഒരു പോംവഴി

    ഉപഭോക്തൃത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാരമാണ് മിനിമലിസം.

    1. ആവശ്യം vs ആഗ്രഹം: ഒരു സാധനം വാങ്ങുന്നതിന് മുൻപ് ഇത് എനിക്ക് അത്യാവശ്യമാണോ അതോ വെറും ആഗ്രഹമാണോ എന്ന് ചിന്തിക്കുക.
    2. ഗുണനിലവാരം: കുറഞ്ഞ വിലയ്ക്ക് കുറെ സാധനങ്ങൾ വാങ്ങുന്നതിന് പകരം, കൂടുതൽ കാലം ഈടുനിൽക്കുന്ന ഗുണമേന്മയുള്ള ഒരെണ്ണം വാങ്ങുക.
    3. മാലിന്യ നിർമ്മാർജ്ജനം: ഭക്ഷണം പാഴാക്കാതിരിക്കാനും സാധനങ്ങൾ പുനരുപയോഗം ചെയ്യാനും ശ്രദ്ധിക്കുക.

    ഉപസംഹാരം

    അമിത ഉപഭോഗം വ്യക്തിപരമായും സാമ്പത്തികമായും പരിസ്ഥിതിപരമായും വലിയ വെല്ലുവിളിയാണ്. സന്തോഷം ലഭിക്കുന്നത് വസ്തുക്കളിൽ നിന്നല്ല, മറിച്ച് അനുഭവങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നുമാണ്. അടുത്ത തലമുറയ്ക്ക് വിഭവങ്ങൾ അവശേഷിപ്പിക്കാതെ ലാഭത്തിന് വേണ്ടി വിഭവങ്ങൾ ചൂഷണം ചെയ്യുന്നത് വിനാശകരമാണ്. സമ്പദ്‌വ്യവസ്ഥ വളരാൻ പണം വിപണിയിൽ ഇറങ്ങണം, പക്ഷേ അത് സുസ്ഥിരമായ രീതിയിലായിരിക്കണം. അമിത ഉപഭോഗം കുറച്ച്, മിതത്വത്തിന്റെ പാത സ്വീകരിക്കുന്നത് വ്യക്തിക്കും പ്രകൃതിക്കും ഗുണകരമാകും

    Leave a Comment