
ഓൺലൈൻ ലോകത്ത് കുറച്ചു നേരം മാറി നിന്നാൽ എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭീതിയായ ‘ഫോമോ’ (FOMO) അഥവാ ’ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്’ ആധുനിക സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന ഒരു മാനസിക അവസ്ഥയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരന്തരം സജീവമായിരിക്കുന്നവരിൽ ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു.
താൻ ഓൺലൈനില്ലാത്ത സമയത്ത് പ്രധാനപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ നടക്കുമോ? മറ്റുള്ളവർ ആഘോഷിക്കുന്ന അവസരങ്ങളിൽ നിന്ന് താൻ ഒഴിവാക്കപ്പെടുമോ? എന്ന ആശങ്കയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്.
ഫോമോയുടെ ലക്ഷണങ്ങൾ
ഏതു സമയത്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാലും ഉടൻ വന്ന് ലൈക്കോ കമന്റോ ചെയ്തിട്ടു പോകുന്നവർ ഫോമോ ഉള്ളവർ ആകാനുള്ള സാധ്യത കൂടുതലാണ്. ഇവർ സോഷ്യൽ മീഡിയയിൽ അഹോരാത്രം കുത്തിയിരിക്കുകയും, തങ്ങൾ ഓൺലൈനിൽ ഇല്ലാത്ത സമയത്ത് മറ്റുള്ളവർ അവിടെ സന്തോഷിക്കുന്നുണ്ടാകും എന്ന ചിന്ത ഇവരിൽ കൂടുതലായിരിക്കും. ഒരു യാത്ര പോകുന്ന ഒരാൾ അവിടെ എത്തിയാൽ ആദ്യം ചെയ്യുന്നത്, മൊബൈൽ എടുത്ത് പുതിയ അപ്ഡേറ്റുകൾക്കുവേണ്ടി സോഷ്യൽ മീഡിയ നോക്കുക എന്നതാണ്.
ഫോമോ ബാധിച്ചവർ നിരന്തരം ഫോൺ പരിശോധിക്കും. വേറൊരു വ്യക്തിയുമായി സംസാരിക്കുമ്പോഴും, ആഹാരം കഴിക്കുമ്പോഴും, ബാത്റൂമിലും, ക്ലാസ്സിലും, വണ്ടിയോടിക്കുമ്പോഴും ശ്രദ്ധ ഫോണിലാകും. ഇത് പഠനത്തെയും തൊഴിലിനെയും ചിലപ്പോൾ ജീവിതത്തെ വരെ പ്രതികൂലമായി ബാധിച്ചെന്ന് വരാം.
താരതമ്യങ്ങളും അസംതൃപ്തിയും
ഫോമോയുടെ മറ്റൊരു പ്രശ്നമാണ് മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം നിരന്തരം താരതമ്യം ചെയ്യുന്നത്. മറ്റുള്ളവർ പങ്കുവയ്ക്കുന്ന ആഘോഷങ്ങളിലും സന്തോഷങ്ങളിലും താൻ പങ്കെടുക്കാത്തതിൽ അസംതൃപ്തി തോന്നുന്നതും ഇതിന്റെ ഭാഗമാണ്. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം മുഴുവനായി വിശ്വസിക്കുകയും, “എനിക്ക് ഇതിനൊന്നും കഴിയുന്നില്ല” അല്ലെങ്കിൽ “എന്റെ ജീവിതത്തിൽ ഇതൊന്നും സംഭവിക്കുന്നില്ല” എന്ന് ചിന്തിച്ചു വിഷമിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.
ഫോമോയുടെ ആഘാതങ്ങൾ
പുതിയ നോട്ടിഫിക്കേഷനുകൾക്കായി കാത്തിരിക്കുന്നതും, അവ ലഭിക്കാത്തപ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നതും ഫോമോ ബാധിച്ചവരിൽ സാധാരണമാണ്.
- അസംതൃപ്തി: നിത്യജീവിതത്തിൽ നിന്ന് വലിയ സംതൃപ്തി കിട്ടാത്തവരും, മോഹങ്ങൾ പലതും നടക്കാതെ പോയവരും ഫോമോയ്ക്ക് കൂടുതൽ സാധ്യതയുള്ളവരാണ്.
- യുവതലമുറയിലെ സ്വാധീനം: കൗമാരക്കാരിലും യുവജനങ്ങളിലും ഫോമോ കൂടുതലായി കാണപ്പെടുന്നു. സാമൂഹിക അംഗീകാരത്തിനും സ്വീകാര്യതയ്ക്കും വേണ്ടിയുള്ള ആഗ്രഹം ഈ പ്രായക്കാരിൽ ശക്തമായതിനാൽ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെ അവർ അമിതമായി ആശ്രയിക്കുന്നു.
- ആരോഗ്യപ്രശ്നങ്ങൾ: ഉറക്കക്കുറവ്, ആശങ്ക, മാനസിക സമ്മർദ്ദം എന്നിവയും ഫോമോ ബാധിച്ചവരിൽ കൂടുതലായി കാണപ്പെടുന്നു. നിരന്തരമായ സോഷ്യൽ മീഡിയ പരിശോധന ഉറക്കസമയത്തെ കുറയ്ക്കുകയും ശാരീരികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
- ബന്ധങ്ങളിലെ വിള്ളൽ: യഥാർത്ഥ ജീവിതത്തിലെ സാമൂഹിക ഇടപെടലുകളെക്കാൾ ഓൺലൈൻ ലോകത്തിന് പ്രാധാന്യം നൽകുന്നത് ബന്ധങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. കുടുംബബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലും ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഫോമോയെ അതിജീവിക്കാനുള്ള മാർഗങ്ങൾ
ഫോമോയെ മറികടക്കാൻ ചില കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്നതാണ്:
- ഡിജിറ്റൽ ഡിറ്റോക്സ്: ആഴ്ചയിൽ ഒരു ദിവസം പൂർണ്ണമായും സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക.
- സമയക്രമീകരണം: ദിവസത്തിൽ ഒരു നിശ്ചിത സമയം മാത്രം സോഷ്യൽ മീഡിയക്കായി മാറ്റിവെക്കുക. സ്ക്രീൻ ടൈം സെറ്റ് ചെയ്യുക.
- നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക: മൊബൈൽ ഫോണിലെ അനാവശ്യ അറിയിപ്പുകൾ (Notifications) ഓഫ് ചെയ്യുക.
- ഫോൺ രഹിത സമയം: ഭക്ഷണം കഴിക്കുമ്പോഴും കുടുംബാംഗങ്ങളോടൊപ്പമുള്ള സമയത്തും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഫോൺ ഉപയോഗം ഒഴിവാക്കുക.
- മാനസികാരോഗ്യം: ധ്യാനം, യോഗ, ശ്വാസനിയന്ത്രണ വ്യായാമങ്ങൾ എന്നിവയിലൂടെ നിലവിലെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശീലിക്കുക.
- പുതിയ ഹോബികൾ: നല്ല പുസ്തകങ്ങൾ വായിക്കുക, കായിക വിനോദങ്ങളിൽ ഏർപ്പെടുക, പ്രകൃതിയുമായി ഇടപഴകുക.
- നേരിട്ടുള്ള സംഭാഷണങ്ങൾ: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നേരിട്ട് സംസാരിക്കാൻ സമയം കണ്ടെത്തുക.
ഉപസംഹാരം
ഫോമോയുടെ ലക്ഷണങ്ങൾ തിരിച്ചറിയുകയും അത് നമ്മുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുക. സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ പലപ്പോഴും സത്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും, ആളുകൾ സ്വന്തം ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രമാണ് അവിടെ പങ്കുവയ്ക്കുന്നതെന്നും തിരിച്ചറിയുക. ഓൺലൈൻ ലോകം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും, അതിനെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിനും അതിന് അടിമപ്പെടാതിരിക്കുന്നതിനും ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികാരോഗ്യത്തിന് ഫോമോ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെങ്കിൽ, ഒരു വിദഗ്ദ്ധന്റെ സഹായം തേടാൻ മടിക്കരുത്