സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിലും ജോലിയില്ലേ? മാറുന്ന കാലത്ത് വൈദഗ്ധ്യമാണ് യഥാർത്ഥ സമ്പാദ്യം

സ്കൂളിൽ പഠിക്കാൻ തുടങ്ങിയ കാലം മുതൽ എന്നെ പറഞ്ഞു പഠിപ്പിച്ച കാര്യമാണ്, പഠിക്കുന്നത് ജോലി കിട്ടാൻ വേണ്ടിയാണ്. ഉയർന്ന ക്ലാസ്സുകളിൽ എത്തിയപ്പോൾ, കായിക പരിശീലന ക്ലാസ്സിന് പകരം മറ്റ് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് വരുന്നത്, അല്ലെങ്കിൽ കളിയ്ക്കാൻ പോകും. NCC പൊക്കം ഒരു തടസ്സമായപ്പോൾ സ്കൗട്ട് ആൻഡ് ഗൈഡിൽ പ്രവേശനം നേടി എന്നാൽ അധികം വൈകാതെ എന്റെ സ്കൂളിൽ സ്കൗട്ട് നിർത്തി. കൈത്തൊഴിൽ ഉൾപ്പെടെ എല്ലാതൊഴിലധിഷ്ഠിത ക്ലാസ്സുകളും ഏഴാം ക്ലാസ്സിലോ എട്ടാം ക്ലാസ്സിലോ അവസാനിച്ചു. പത്താം ക്ലാസ്സിൽ എത്തിയപ്പോൾ ജീവിതം സമ്മർദ്ദം കൊണ്ട് മൂടപ്പെട്ടു. ജീവിതത്തിന്റെ വഴിത്തിരിവും, മുന്നോട്ടുള്ള ജീവിതം തീരുമാനിക്കുന്നത് പത്താം ക്ലാസ്സാണ് നല്ല മാർക്ക് വാങ്ങണം.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മനസ്സിലായി പ്ലസ്ടുവിന് ഏത് വിഷയം എടുക്കണമെന്ന് തീരുമാനിക്കുന്നത് പത്താം ക്ലാസ്സിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കാണ് ഉപരി പഠനത്തിന് സഹായിക്കുന്നത്. ഡിഗ്രി പഠനം പൂർത്തീകരിച്ചപ്പോൾ ഏകദേശം ഒരു രൂപം കിട്ടി, ഡിഗ്രി കൊണ്ട് ജോലി കിട്ടില്ല. ഗവണ്മെന്റ് ജോലി ലഭിക്കാൻ നടത്തുന്ന എക്സാം എഴുതാൻ സാധിക്കും അതുമല്ലെങ്കിൽ പ്രൈവറ്റ് ജോലി. ജോലി കിട്ടാൻ ഏറ്റവും എളുപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ശക്തി

പുറം നാടുകളിലും, നാട്ടിലും കൂടുതൽ ശമ്പളം ലഭിക്കുന്നതും, ആളുകളെ ആവശ്യമുള്ളതും ആയ ജോലി ലഭിക്കണമെങ്കിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂർത്തിയാക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തൊഴിലിലേക്കുള്ള വേഗതയേറിയതും നേരിട്ടുള്ളതുമായ മാർഗ്ഗമാണ്. കാരണം അത് നിർദ്ദിഷ്ടവും ജോലിക്ക് തയ്യാറായതുമായ കഴിവുകൾ പഠിപ്പിക്കുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നു.

ട്രേഡുകൾ, കരകൗശലവസ്തുക്കൾ, സാങ്കേതിക തൊഴിൽ എന്നിവയ്ക്ക് പഠിപ്പിക്കുന്നു. പരമ്പരാഗത അക്കാദമിക് നിന്ന് വ്യത്യസ്തമായി, തൊഴിൽ അല്ലെങ്കിൽ സ്വയം തൊഴിൽ എന്നിവയ്ക്കായുള്ള സന്നദ്ധതയ്ക്കും വൈദഗ്ധ്യത്തിനും ഊന്നൽ നൽകുന്നു. ഐടി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ഇത് അറിവും സാങ്കേതിക വൈദഗ്ധ്യവും നൽകുന്നു. അപ്രന്റീസ്ഷിപ്പുകൾ അല്ലെങ്കിൽ സ്കിൽ ലാബുകൾ വഴി, തൊഴിൽ ശക്തിയിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ സഹായിക്കുന്നു.

“വിദ്യാഭ്യാസമുള്ള തൊഴിലില്ലായ്മ”യുടെ പ്രതിസന്ധി

ഉയർന്ന വിദ്യാഭ്യാസവും, വൈറ്റ് കോളർ ജോലികളോടുള്ള ശക്തമായ മുൻഗണനയും നിലവിലെ തൊഴിൽ പ്രതിസന്ധിയുടെ ഒരു പ്രധാന കാരണമാണ്. പലപ്പോഴും വിദ്യാഭ്യാസമുള്ള തൊഴിലില്ലായ്മ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസം കൊണ്ട് സർട്ടിഫിക്കറ്റ് മാത്രമേ ലഭിക്കു, അല്ലെങ്കിൽ കുറഞ്ഞ വൈദഗ്ധ്യമുള്ളതും കുറഞ്ഞ ശമ്പളമുള്ളതുമായ ജോലികൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. പഠിച്ചിറങ്ങുന്ന എല്ലാപേർക്കും ഗവണ്മെന്റ് ജോലി കിട്ടില്ല, എല്ലാ പ്രൈവറ്റ് ജോലികളിൽ വൈറ്റ് കോളർ ജോലി കിട്ടില്ല, വിദേശത്ത് പോകാൻ സാധിക്കില്ല, ബിസിനസ് തുടങ്ങാൻ കഴിയില്ല. ജോലി ഇല്ലാതെ ജീവിക്കാനും സാധിക്കില്ല.

നമ്മുടെ വിദ്യാഭ്യാസം പ്രാക്ടിക്കൽ കഴിവുകളുമായി ബന്ധപ്പെട്ടില്ല, വൈറ്റ് കോളർ ജോലികൾക്കു മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്. ജീവിതത്തിൽ എങ്ങനെ വിജയിക്കാമെന്നോ, സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്നോ, സ്വന്തം കഴിവുകൾ കണ്ടെത്തി അത് ജീവിതത്തിൽ ഉപയോഗിക്കണമെന്നോ, സ്വന്തമായി എങ്ങനെ ചെറിയ ബിസിനസ് തുടങ്ങാൻ കഴിയും എന്നോ, ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല. വൊക്കേഷണൽ വിദ്യാഭാസം ഉണ്ടെങ്കിലും അതിന്റെ പ്രാധാന്യം മാതാപിതാക്കൾ തിരിച്ചറിയുന്നില്ല.

വിദ്യാഭ്യാസം

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ശക്തിയാണ്. ഒരാളുടെ വ്യക്തിഗത വികാസത്തിനും, സാമൂഹിക മുന്നേറ്റത്തിനും അടിസ്ഥാനമാണ്. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ചിന്താശേഷി വികസിപ്പിക്കുകയും, സ്വയം പര്യാപ്തരാക്കുകയും ചെയ്യും. വിദ്യാഭ്യാസം കൊണ്ട് ഒരു വ്യക്തിക്കും, കുടുംബത്തിനും, സമൂഹത്തിനും ഉപകാരപ്രദമായി ചിന്തിക്കാനും, പ്രവർത്തിക്കാനും പ്രാപ്തനാക്കുന്നു. വിദ്യാഭ്യാസത്തിനൊപ്പം സ്കിൽ കൂടെ വളർത്തിയെടുത്താൽ ഒരാൾക്ക് സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനും, പുതിയ ആശയങ്ങൾ മുന്നോട്ടു വെയ്ക്കാനും കഴിയും. വിദ്യാഭ്യാസം ജോലി ലഭിക്കാനുള്ള മാർഗം മാത്രമല്ല, മറിച്ചു വ്യക്തിയുടെയും, കുടുംബത്തിന്റെയും, സമൂഹത്തിന്റെയും വളർച്ചയ്ക്ക് അത്യാവശ്യമാണ്.

മാതാപിതാക്കളുടെ ആഗ്രഹം തങ്ങളുടെ മക്കളെ ഉയർന്ന ജോലികളിൽ പ്രവേശിപ്പിക്കുക എന്നതാണ്. അതിനിടയിൽ കുട്ടിയ്ക്ക് എന്താണ് ആഗ്രഹമെന്നോ ? കുട്ടിയ്ക്ക് എന്ത് കഴിവാണ് ഉള്ളതെന്നോ ? പുതിയ കാലഘട്ടത്തിൽ വരുന്ന തൊഴിൽ മാറ്റങ്ങളോ, ഏത് ജോലിയാണ് ഇനിയുള്ള കാലത്ത് ഉള്ളത് എന്നോ, അവർ അന്വേഷിക്കുന്നില്ല അല്ലെങ്കിൽ അവർ അറിയാതെ പോവുകയോ, തെറ്റായ വിവരങ്ങളാണ് അറിയുകയോ ചെയ്യുന്നത്. സ്കിൽ സംബന്ധമായ വിദ്യാഭ്യാസം നല്കാൻ മാതാപിതാക്കൾ തയ്യാറായാൽ ഒരു വിധത്തിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കും. തൊഴിലധിഷ്ഠിതമായി പഠിച്ച ഒരു കുട്ടി ജീവിതത്തിൽ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

നിലവിൽ ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ജോലി ചെയ്യാൻ ആവശ്യമായ കഴിവുകൾ ഉള്ളവർ കുറഞ്ഞു വരുന്നു. തൊഴിലധിഷ്ഠിതമായി പഠിച്ചാൽ വർഷങ്ങളോളം പഠിക്കേണ്ട ആവശ്യം വരുന്നില്ല, മാത്രമല്ല ജോലിക്കായി നീണ്ട കാലം കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി വലിയ മുടക്ക് മുതൽ ആവശ്യം ഇല്ലാത്തതിനാൽ ലോൺ എടുക്കേണ്ട ആവശ്യം വരുന്നില്ല. വേഗത്തിൽ ജോലി കിട്ടുന്നതിന്റെ കൂടെ വരുമാനവും ലഭിക്കുമ്പോൾ, സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നു. ഒരു രാജ്യത്തിൻറെ അടിസ്ഥാനം ഏതെങ്കിലും ഉയർന്ന ജോലികൾ മാത്രമല്ല, അത് ടെക്‌നീഷ്യൻമാർ, തൊഴിലാളികൾ, സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ്.

സാമ്പത്തിക സ്വാതന്ത്ര്യവും AI യുഗവും

ഇനി വരുന്നത് ആർട്ടിഫിക്കൽ ഇന്റലിജൻസിന്റെ കാലഘട്ടമാണ്. ലോകത്തുള്ള പല ജോലികൾക്കും മാറ്റം സംഭവിക്കുകയും, എന്നന്നേക്കുമായി നിലക്കുകയും ചെയ്യും. എന്നാൽ തൊഴിലധിഷ്ഠിതമായി പഠിച്ചത് അഥവാ കൈവശമുള്ള കഴിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളത്, ഒരിക്കലും അപ്രസക്തമാകില്ല. സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തുന്നവന് ലോകത്ത് എവിടെയും ധൈര്യമായി ജീവിക്കാൻ സാധിക്കും. ആരുടെയും മുന്നിൽ നിങ്ങൾക്ക് തൊഴിൽ വേണം എന്ന് അപേക്ഷിക്കണ്ട സാഹചര്യം വരുന്നില്ല. സ്വന്തം നിലക്ക് ജോലി ചെയ്തു, സർവീസ് കൊടുക്കാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസം ഒരാളുടെ ചിന്താശേഷിയെയും ലോകവീക്ഷണത്തെയും വികസിപ്പിക്കുന്നു. എന്നാൽ അത് തൊഴിൽ നൈപുണ്യവുമായി കൂട്ടിയിണക്കിയാൽ മാത്രമേ പൂർണ്ണമാകൂ

ഉപസംഹാരം

ഉന്നത വിദ്യാഭ്യാസമുള്ള ആളുകളുടെ ഒരു പ്രധാന പ്രശ്നമാണ്, ചെറിയ ജോലികൾ ചെയ്യാനുള്ള മടി. ജീവിതത്തിൽ തീർച്ചയായും അന്തസ്സ് വേണം എന്നാൽ ജോലി വൈറ്റ് കോളർ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചാൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ്. ജോലി എന്നത് അന്തസ്സിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് അതിജീവനത്തിന്റേയും സാമ്പത്തിക സുരക്ഷിതത്വത്തിന്റേയും കൂടെ ഭാഗമാണ്.

എല്ലാ മാസവും അവസാനം ശമ്പളം കൈയിൽ കിട്ടുന്നതിനേക്കാൾ നല്ലത്, ദിവസവും വരുമാനം കിട്ടുന്നതാണ്. വിദ്യാഭ്യാസം ജീവിതത്തിൽ ആത്മവിശ്വാസം നൽകും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നിങ്ങൾക്ക് ധൈര്യം നൽകും.

Leave a Comment