മീശപുലിമല ട്രക്കിംഗ്: KFDC ബുക്കിംഗ്, യാത്ര, താമസം – അറിയേണ്ടതെല്ലാം

പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മീശപ്പുലിമല(8,661അടി). മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  റോഡോഡെൻഡ്രോൺ പുഷ്പങ്ങളുടെ താഴ്വര (റോഡോ വാലി), നീലക്കുറിഞ്ഞിയുടെ പൂക്കൾ (12 വർഷത്തിലൊരിക്കൽ പൂക്കുന്നത്), നീലഗിരി താർ,  സാംബർ മാൻ, ഗൗർ എന്നിവയുടെ സാന്നിധ്യം. 

2018ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻറെ ചാർലിയിലൂടെയാണ് മീശപുലിമല സഞ്ചാരികളുടെ   ശ്രദ്ധയാകർഷിച്ചത്, “മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ” ഇതാണ് പ്രശസ്തമായ സംഭാഷണം. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപുലിമല. ഇപ്പോൾ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ഒരു സ്ഥലം കൂടിയാണ് മീശപുലിമല. നമ്മുടെ സഞ്ചാരികൾ മാത്രമല്ല, വിദേശികൾ ഉൾപ്പെടെ ഒരുപാട് പേർ ഇവിടെ വരുന്നുണ്ട്. കൂടുതലും ട്രക്കിംഗ് ഇഷ്ടപ്പെടുന്ന ആളുകളാണ് ഇവിടേക്ക് വരുന്നത്, കാരണം 8  കിലോമീറ്റർ ട്രക്കിംഗ് അനുഭവം നേടാം. ഇവിടെ നിന്നും   കൊളുക്കുമലയും, കേരള തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തിയും കാണാവുന്നതാണ്. മീശപുലിമലയിൽ നിന്ന് താഴോട്ട് നോക്കിയാൽ മേഘങ്ങൾ നല്ല പഞ്ഞിക്കെട്ടു പോലെ അടുക്കി അടുക്കി കിടക്കുന്നത് കാണാൻ സാധിക്കും, കൂടെ സൂര്യോദയവും, തണുത്ത കാറ്റും, മഞ്ഞും പറഞ്ഞറിയിക്കാൻ സാധിക്കില്ല, ഇവിടെ വന്നു നേരിട്ട് അനുഭവിക്കണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വന്ന് ഈ സ്വർഗം ഓരോരുത്തരും കാണണം.

മീശപുലിമലയിലേക്കുള്ള യാത്ര എന്റെ ലിസ്റ്റിൽ ഇടം  നേടിയിട്ട് നാളേറെയായി. അങ്ങനെ ഞങ്ങൾ 3  സുഹൃത്തുക്കൾ ചേർന്ന് യാത്ര പദ്ധതിയിട്ടു. KSRTC ബസ്സിൽ ആയിരുന്നു യാത്ര(1മാസം മുന്നേ ബുക്ക് ചെയ്തു). കെ.എഫ്.ഡി.സി (കേരള വനം വികസന കോർപ്പറേഷൻ) വഴി ട്രക്കിംഗ് ബുക്ക് ചെയ്തു. 3 രീതിൽ താമസം ബുക്ക് ചെയ്യാം.1, Base Camp   2, Sky Cottage   3,Rhodo mansion. ഞങ്ങൾ base ക്യാമ്പിൽ ടെന്റിൽ താമസിക്കാൻ തീരുമാനിച്ചു.ഒരു ടെന്റിൽ രണ്ട് പേർക്ക് മാത്രമേ ബുക്ക് ചെയ്യാൻ പറ്റൂ, ഒരാൾക്ക് ബുക്ക് ചെയ്യാൻ അവിടെ വന്നതിനു ശേഷം.

നവംബർ മാസം വ്യാഴാച്ച ദിവസം രാവിലെ 5 മണിക്ക് തിരുവനന്തപുരം KSRTC ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ചു.  ഉച്ചയ്ക്ക് 2 മണിയോട് അടുത്ത് മൂന്നാർ എത്തിച്ചേർന്നു. മൂന്നാർ  നിന്നും 3 കിലോമീറ്റർ ദൂരമുണ്ട്‌  Kerala Forest Development Corporation  ഓഫീസിലേക്ക്. മൂന്നാറിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഓട്ടോ പിടിച്ചു ഓഫീസിൽ എത്തിച്ചേർന്നു. ഓഫീസിൽ ആധാർ ഉപയോഗിച്ച്  രജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി ക്യാഷ് പേ ചെയ്തു.  അവിടെ 2  യാത്രക്കാർ വേറെ ഉണ്ടായിരുന്നു, അങ്ങനെ ഞങ്ങൾ 5 പേർക്ക് ഒരു ജീപ്പ് യാത്രയ്ക്ക് അനുവദിച്ചു. മീശപുലിമലയിലേക്കു വേറെ വാഹനങ്ങളെ അനുവദിക്കില്ല.ഒരു മണിക്കൂർ വേണ്ടിവന്നു base  ക്യാമ്പിൽ എത്താൻ, പോകുന്ന വഴി ഒരു ചെറിയ കട ഉണ്ട്, അവിടെ ജീപ്പ് നിർത്തി സാധനം വാങ്ങി. കടക്ക് മുന്നിൽ വലിയ ഒരു മൈതാനം പുറകിൽ മല. നല്ല പ്രകൃതി ഭംഗി ആസ്വദിച്ചു തണുപ്പിലൂടെ ഞങ്ങൾ  base ക്യാമ്പിൽ എത്തി. വന്നപ്പോൾ തന്നെ ഒരു കട്ടൻചായ കിട്ടി,  കുടിച്ചിട്ട് നേരെ ടെന്റിലേക്ക്.  ടെന്റിൽ ബാഗ് വെച്ചിട്ട് ചുറ്റും കറങ്ങി നടന്നു. ഞങ്ങളെയും ചേർത്ത് 38 പേർ ഉണ്ടായിരുന്നു. 

വൈകുന്നേരം ആയപ്പോൾ ക്യാമ്പ്ഫയർ ഒരുക്കി. രാത്രി   കഴിക്കാനായി ചപ്പാത്തിയും,റൈസും,ചിക്കൻ കറിയും, അതും കഴിച്ച് ഞങ്ങൾക്ക് 3 പേർക്കും 3 സ്ലീപ്പിങ് ബാഗ് കിട്ടി അതുമായി നേരെ ടെന്റിലേക്ക്.  രാവിലെ 5 മണിക്ക് ട്രിപ്പ് ആരംഭിക്കും എന്നു പറഞ്ഞതുകൊണ്ട് നേരത്തെ കിടന്നു. പുലർച്ചെ 4.30 ഉണർന്ന്, യാത്രയ്ക്ക് തയ്യാറായി 5  മണിക്ക് ഞങ്ങൾ എത്തിയപ്പോൾ, കട്ടനും ബ്രെഡും ജാമും കഴിക്കാൻ തന്നു. പിന്നെ base ക്യാമ്പിൽ വന്ന ജീപ്പിലൂടെ മുകളിലോട്ട് യാത്ര ആരംഭിച്ചു. ഏകദേശം അര മണിക്കൂർ കൂടുതൽ എടുത്തു മീശപുലിമല സൺറൈസ് വ്യൂ പോയിന്റ് എത്തിച്ചേരാൻ.

മീശപുലിമല

Rhodo Mansion താമസ സ്ഥലത്ത് ജീപ്പ് നിർത്തി, അവിടെ നിന്നും മുകളിലോട്ട് നടന്നു ചെറിയ കയറ്റം കയറി മീശപുലിമല സൺറൈസ് പോയിൻറ് എത്തി. അവിടത്തെ ഒരു കാഴ്ച അത് അത്ര മനോഹരമാണ് പറഞ്ഞറിയിക്കാൻ കഴിയുന്നതിൽ അപ്പുറമാണ്.ഇവിടെ കാണിച്ചിരിക്കുന്ന ചിത്രം നേരിൽ കാണണം. ദൂരെ മലകൾ, താഴ്വരകൾ, മേഘങ്ങൾ, നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നു, കൂടെ കോടമഞ്ഞും, സൂര്യനുദിച്ചു തുടങ്ങിയതേ ഉള്ളു, അത്രയ്ക്കു സുന്ദരമാണ് സൺ റൈസ്‌ വ്യൂ പോയിന്റ്.

സൺ റൈസ് വ്യൂ പോയിന്റ് നിന്ന് ഗൈഡിന്റെ സഹായത്തോടെ മീശപുലിമലയിലേക്ക് യാത്ര ആരംഭിച്ചു.  ഞങ്ങളുടെ കൂടെ ഗൈഡും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ഓരോ ഓരോ മലകൾ കയറി മീശപുലിമല ലക്ഷ്യമാക്കി നടക്കുകയാണ്. പോകുന്ന വഴി അരുവിയും, മരങ്ങളും, മഞ്ഞു തുള്ളികൾ കൊണ്ട് മൂടപ്പെട്ട പച്ച പുല്ലും, ചെടികളും,പൂക്കളും, പക്ഷികളും കൊണ്ട് ഇവിടം സമൃദ്ധമാണ്. നടക്കാൻ കുറച്ചധികം ദൂരമുണ്ട് എന്നിരുന്നാലും ഇവിടത്തെ കാഴ്ചകൾ ഒരിക്കലും മറക്കാൻ കഴിയില്ല, അത്രയ്ക്ക് സുന്ദരമാണ് ഇവിടം, ഭൂമിയിലെ സ്വർഗമാണ്.

കാഴ്ചകൾ കണ്ട് മല കയറി മീശപ്പുലിമലയിൽ എത്തിയപ്പോൾ ചുറ്റും മൂടൽമഞ്ഞ്, തൊട്ടടുത്ത ഇരിക്കുന്ന ഒരാളെ മാത്രമേ കാണാൻ കഴിയു, അത്രയ്ക്ക് മഞ്ഞ്, കൂടെ തണുപ്പ്. കുറെ നേരം കഴിഞ്ഞപ്പോൾ മൂടൽമഞ്ഞ് മാറി ചുറ്റും തൂവെള്ള മേഘങ്ങൾ അടുക്കടുക്കായി കിടക്കുന്നു, അതൊരു കാണേണ്ട കാഴ്ച തന്നെയാണ്. അങ്ങകലെ മലകൾ,കുന്നുകൾ,മേഘങ്ങൾ. ഗൈഡ് വന്നു ദൂരെയുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നു. കേരള തമിഴ്നാട് അതിർത്തി, മൂന്നാറിലെ  ചുറ്റുമുള്ള പ്രദേശങ്ങൾ, എല്ലാം കണ്ട് മനസ്സ് നിറഞ്ഞു, ഞങ്ങൾ കുറെ നേരം അവിടെ വിശ്രമിച്ചു. പിന്നെ കാഴ്ചകൾ കണ്ടു തിരികെ വേറൊരു വഴി Rhodo Mansion ജീപ്പ് കിടക്കുന്ന അടുത്തേക്ക് യാത്ര.

തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ വീണ്ടും ആഗ്രഹം ഇനിയും വരണം.  പിന്നെയും ഒരുപാട് കാഴ്ചകൾ, അതിൽ പ്രധാനം ചുവന്ന നിറത്തിലുള്ള ഒരു പൂവ് പേര് കാട്ടുപൂവരശ് (Rhododendron arboreum). Rhodo Mansion എന്ന് പേര് കൊടുത്തതും ഇ ചെടി എവിടെ മാത്രം കാണുന്നത് കൊണ്ടാണ്. അതായത് കേരളത്തിൽ മീശപുലിമലയിൽ മാത്രമേ ഇ സസ്യം ഉള്ളു. തിരികെ ക്യാമ്പിൽ എത്തിയപ്പോൾ 11 മണി കഴിഞ്ഞു. ആഹാരം കഴിച്ചു ജീപ്പിൽ തിരികെ മൂന്നാറിലേക്ക്. ഓർമ്മിക്കാൻ തക്കവണ്ണം കുറെ ചിത്രങ്ങൾ എടുത്തു, മറക്കാനാകാത്ത ഒരുപാട് കാഴ്ചകൾ കണ്ടു. ഇത്  വായിക്കുന്നവർ തീർച്ചയായും എന്നെങ്കിലും ഇവിടെ വരണം. നമ്മൾ ആദ്യം പോകേണ്ടത്, കാണേണ്ടത് നമ്മുടെ നാട് തന്നെയാണ്‌ ഇത് “Gods On Country” തന്നെയാണ്. വളരെ ചുരുങ്ങിയ ചെലവിൽ വരാൻ കഴിയും.

ഒക്ടോബർ-ഫെബ്രുവരി മാസങ്ങളിൽ കാലാവസ്ഥ ഏറ്റവും അനുയോജ്യമാണ്. നല്ല താമസ സൗകര്യം,ടെന്റിൽ താമസം വേണ്ടാത്തവർക്ക് വീട് ഉണ്ട്, വൃത്തി, സുരക്ഷിതത്വം, കുടുംബാംഗങ്ങളായി വരാൻ പറ്റിയ സ്ഥലം. പ്രായമായവർ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർ, ചെറിയ കുഞ്ഞുങ്ങൾ എന്നിവർ വരാതിരിക്കുന്നതാകും ഉചിതം. ട്രക്കിംഗ് സമയത്തെ സുരക്ഷാ നിർദ്ദേശങ്ങൾ  പാലിക്കുക, പ്ലാസ്റ്റിക്ക് കൊണ്ട് പോകരുത്, മാലിന്യങ്ങൾ ഉപേക്ഷിക്കരുത്, മൃഗങ്ങളെ ശല്യപ്പെടുത്തരുത്.

ഉപസംഹാരം

യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ പശ്ചിമഘട്ടത്തിലെ മീശപ്പുലിമല, സാഹസികതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സംഗമസ്ഥാനമാണ്. യാത്ര ഇഷ്ടപ്പെടുന്നവരുടെ ഡയറിയിൽ ഈ മല ഒരു സ്വർണ്ണാക്ഷരത്തിൽ രേഖപ്പെടുത്താവുന്നതാണ്. ജീവിതം ഒന്നേ ഉള്ളൂ അത് ആസ്വദിക്കണം.സ്ഥലങ്ങൾ എല്ലാം നമുക്ക്‌ കാണാൻ ഉള്ളതാണ്. മനുഷ്യനെ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ചിന്തിക്കാനും, തീരുമാനങ്ങൾ എടുക്കാനും ഓർമ്മിക്കാനും ഉള്ള കഴിവാണ്. അതെ ഓർമ്മിക്കാൻ യാത്ര ചെയ്യൂ.

Leave a Comment