
ആമുഖം
“മനുഷ്യചിന്തകൾ സങ്കീർണ്ണമാണ്; എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ കാണാൻ കഴിയില്ല. എങ്കിലും ഭൂരിഭാഗം ആളുകളും ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെട്ട് അവർ സമാധാനം നശിപ്പിക്കുന്നു.”
ഒരു വലിയ കപ്പലിനെ മുക്കാൻ ചെറിയൊരു ദ്വാരം മതിയാകും. അതുപോലെ തന്നെ, ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം തമാശയ്ക്ക് പുകവലിച്ചു തുടങ്ങിയ പലരും ഇന്ന് അതിന്റെ വലിയ അടിമകളാണ്. ഇതിന്റെ മറുപുറം ചിന്തിച്ചാൽ, ജീവിതത്തിൽ വരുത്തുന്ന ചെറിയ നല്ല മാറ്റങ്ങൾ ഒരാളെ വലിയ ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുമെന്നും കാണാം.
രണ്ട് വർഷം മുൻപാണ് ഞാൻ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയത്. നോവലുകളിൽ തുടങ്ങി, പിന്നീട് മോട്ടിവേഷൻ പുസ്തകങ്ങളിലേക്കും സയൻസിലേക്കും ആ താൽപ്പര്യം വളർന്നു. വായനയിലൂടെ ഞാൻ നേടിയ അറിവുകൾ എന്നിൽ മാത്രം ഒതുങ്ങരുത് എന്ന ആഗ്രഹമാണ് എന്നെ എഴുത്തിലേക്ക് എത്തിച്ചത്. നമുക്ക് ചുറ്റും ഉപദേശങ്ങൾക്കും മോട്ടിവേഷനും കുറവില്ല, പക്ഷേ അവ കേട്ടതുകൊണ്ട് മാത്രം മാറ്റമുണ്ടാകുമോ? ഇല്ല. ഒരു നല്ല കാര്യത്തിന് സ്വയം തുടക്കമിടുകയും, അതിനുശേഷം പ്രചോദനം (Motivation) ഉൾക്കൊള്ളുകയും ചെയ്താൽ വിജയം ഉറപ്പാണ്.
1. തീപ്പൊരി: ഒരു ചെറിയ പ്രശ്നം വലിയ വിള്ളലാകുമ്പോൾ
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാൻ സാധിക്കാതെ വന്നപ്പോൾ, ദമ്പതികൾ ഒരു മാര്യേജ് കൗൺസിലറെ കാണാൻ തീരുമാനിച്ചു. കൗൺസിലർക്ക് ഒരു കാര്യം മനസ്സിലായി—ഇവർക്കിടയിലുള്ളത് ഒരു ചെറിയ പരിഭവമാണെന്നും അത് പരസ്പരം തുറന്നു പറയാത്തതുകൊണ്ട് വലുതായതാണെന്നും.
പ്രശ്നത്തിന്റെ തുടക്കം: യഥാർത്ഥ പ്രശ്നം ‘വായ് നാറ്റം’ ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഭാര്യ ഇക്കാര്യം ഭർത്താവിനോട് പറയാൻ കരുതിയതാണ്, പക്ഷെ അദ്ദേഹം വിഷമിക്കണ്ട എന്ന് കരുതി പറഞ്ഞില്ല. എന്നാൽ പതിയെ പതിയെ ഇക്കാര്യം വലിയൊരു ബുദ്ധിമുട്ടായി മാറി. മാസങ്ങൾക്ക് ശേഷം അവൾ ഇത് തുറന്നു പറഞ്ഞപ്പോൾ ഭർത്താവിന്റെ പ്രതികരണം വളരെ രൂക്ഷമായിരുന്നു:
“നിനക്ക് എന്നെ വേണ്ടെങ്കിൽ പോകാം, ഞാൻ തടയില്ല.”
ഇത് ഭാര്യയെ വേദനിപ്പിച്ചു. അവൾ പിന്നീട് മിണ്ടിയില്ലെങ്കിലും ആ ദേഷ്യം പല ഭാവത്തിൽ പുറത്തുവന്നു. എല്ലാ കാര്യത്തിലും കുറ്റം കണ്ടുപിടിക്കാനും തർക്കിക്കാനും ആരംഭിച്ചു. ഒടുവിൽ ഇത് വലിയ കുടുംബ പ്രശ്നമായി മാറി.
പാഠം: ആദ്യമേ പരസ്പരം കാര്യങ്ങൾ സംസാരിക്കുകയും ഒരു ഡെന്റിസ്റ്റിനെ കാണുകയും ചെയ്തിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ കാര്യം കൃത്യസമയത്ത് കൈകാര്യം ചെയ്യാത്തത് എത്ര വലിയ തകർച്ചയിലേക്കാണ് നയിച്ചത് എന്ന് നോക്കൂ.
2. പ്രചോദനം: ഒരു കഷണം പത്രത്തിൽ നിന്ന് തുടങ്ങിയ മാറ്റം
പഠിക്കാൻ ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരാൾ, തന്റെ കൂട്ടുകാരെല്ലാം വലിയ നിലയിൽ എത്തിയപ്പോൾ ജീവിതം വഴിമുട്ടി ഓട്ടോ ഓടിക്കാൻ തുടങ്ങി. ഒരിക്കൽ ഒരു യാത്രക്കാരൻ ഓട്ടോയിൽ മറന്നുവെച്ച ‘തൊഴിൽ വാർത്ത’ പത്രമാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്.
മാറ്റത്തിന്റെ ഘട്ടങ്ങൾ:
- വായനയുടെ തുടക്കം: ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ ഇരുന്നപ്പോൾ അയാൾ അത് വായിച്ചു തീർത്തു. പിന്നീട് പുസ്തകങ്ങളോടും ഗൈഡുകളോടും താൽപ്പര്യമായി.
- ഗുരുവിന്റെ സഹായം: സ്ഥിരം ഓട്ടം പോകുന്ന ഒരു അധ്യാപകന്റെ ഉപദേശപ്രകാരം അയാൾ മത്സരപരീക്ഷാ ക്ലാസിൽ ചേർന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും രാത്രി ക്ലാസുകളിൽ പങ്കെടുത്തു.
- സ്ഥിരോത്സാഹം: ആദ്യത്തെ കുറച്ച് പരീക്ഷകളിൽ പരാജയപ്പെട്ടെങ്കിലും അധ്യാപകൻ നൽകിയ ധൈര്യത്തിൽ അയാൾ പഠനം തുടർന്നു. “അപ്പോയിന്റ്മെന്റ് ലെറ്റർ കൈയിൽ കിട്ടുന്നത് വരെ പഠിക്കുക” എന്നതായിരുന്നു ലക്ഷ്യം.
വിജയം: നീണ്ട 3 വർഷത്തെ കാത്തിരിപ്പിന് ശേഷം അയാൾക്ക് ഗവൺമെന്റ് ജോലി ലഭിച്ചു. പിന്നീട് വന്ന മിക്ക ലിസ്റ്റുകളിലും ആദ്യ 100 റാങ്കിനുള്ളിൽ ആ ഓട്ടോക്കാരൻ ഇടംപിടിച്ചു. ഒരു ചെറിയ പത്രക്കഷ്ണത്തിൽ നിന്ന് തുടങ്ങിയ ആഗ്രഹം നിരന്തരമായ പരിശ്രമത്തിലൂടെ വലിയൊരു നേട്ടമായി മാറി.
ഉപസംഹാരം
ചെറിയ കാര്യങ്ങൾ ജീവിതത്തിൽ നല്ലത് വരുത്താനും ജീവിതം നശിപ്പിക്കാനും സാധിക്കും. ഓരോ കാര്യവും ചിന്തിച്ചു പ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജീവിതം എന്നാൽ അതിജീവനമാണ്, ഏത് സാഹചര്യത്തെയും നേരിടുക. ജീവിതം ഒന്നേയുള്ളൂ, അതുപോലെ തന്നെ തീരുമാനങ്ങളും. ജീവിതം എങ്ങനെ മുന്നോട്ട് പോകണം എന്നത് നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഒരാളോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഒരിക്കലും വൈകിപ്പിക്കരുത്, വൈകിയാൽ തെറ്റിദ്ധാരണ ഉണ്ടാകും. സമയം ആർക്കും വേണ്ടി നിൽക്കില്ല, ഒന്നും നമ്മുടെ അടുത്തേക്ക് വരില്ല, ആരും ഒന്നും പറഞ്ഞും തരില്ല. കണ്ടെത്തേണ്ട ഉത്തരവാദിത്തം നമ്മുടെ മാത്രമാണ്.
Disclaimer: This is a work of fiction. Names, characters, businesses, places, events, and incidents are either the products of the author’s imagination or used in a fictitious manner. Any resemblance to actual persons, living or dead, or actual events is purely coincidental