
വർഷങ്ങൾക്ക് ശേഷം അവിചാരിതമായി എന്റെ ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടി. ആറുവർഷത്തെ വിവാഹജീവിതത്തിന് ശേഷം അവളെ കാണുമ്പോൾ പഴയ ആ ചിരിയും പ്രസരിപ്പും എവിടെയോ നഷ്ടപ്പെട്ടതുപോലെ. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ “ജീവിതം എങ്ങനെ പോകുന്നു?” എന്ന എന്റെ ചോദ്യത്തിന്, “അങ്ങനെ പോകുന്നു” എന്ന താല്പര്യമില്ലാത്ത മറുപടിയാണ് അവൾ നൽകിയത്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നി ചോദിച്ചപ്പോൾ അവൾ മൗനം പാലിച്ചു. ഒരാളുടെ സ്വകാര്യതയിൽ ഇടപെട്ടതിൽ എനിക്ക് വിഷമം തോന്നി ഞാൻ ക്ഷമ ചോദിച്ചു.
യാത്ര പറഞ്ഞു പിരിയുന്ന നേരത്ത് അവൾ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചു: “നീ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയോട് നിനക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം പറയുക. ആളാകാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറയരുത്. നീ നീയായി തന്നെ അവളോട് സംസാരിക്കുക.” ആ വാക്കുകളിൽ നിന്ന് തുടങ്ങിയ ചിന്തകളാണ് ഈ കുറിപ്പിന് ആധാരം.
പെർഫെക്റ്റ് ആയ മനുഷ്യരില്ല
പുരുഷന്മാർ എല്ലാവരും മോശം സ്വഭാവമുള്ളവരല്ല. എന്നാൽ പെർഫെക്റ്റ് ആയ ഒരു വ്യക്തിയും ഈ ലോകത്തില്ല. പങ്കാളി പറയുന്നത് മാത്രം അനുസരിച്ച് ജീവിക്കാൻ ഒരു ആത്മാഭിമാനമുള്ള പുരുഷനും കഴിയില്ല, എന്നതും വാസ്തവമാണ്. പക്ഷേ, വിവാഹം എന്നത് കേവലം പ്രണയം മാത്രമല്ല; അതിൽ ഉത്തരവാദിത്തമുണ്ട്, പങ്കാളിത്തമുണ്ട്, പരസ്പര ബഹുമാനമുണ്ട്. എന്റെ കാഴ്ചപ്പാട് മാത്രമേ ശരിയാകൂ എന്ന് ശാഠ്യം പിടിക്കുന്നിടത്ത് സമാധാനം അവസാനിക്കുന്നു.
വാഗ്ദാനങ്ങളും യാഥാർത്ഥ്യവും
പ്രണയിക്കുന്ന സമയത്തോ വിവാഹത്തിന് മുൻപോ സ്ത്രീകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പുരുഷന്മാർ പല വാഗ്ദാനങ്ങളും നൽകാറുണ്ട്. എന്നാൽ വിവാഹശേഷം അതിൽ പലതും വെറും വാക്കുകളായി മാറുന്നു. വാക്കിന് വില കൽപ്പിക്കുന്ന പുരുഷന്മാർ ഉണ്ടെങ്കിലും, ഒരു വലിയ വിഭാഗം വിവാഹത്തോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നു. ഇത് പങ്കാളിയിൽ വലിയ നിരാശയുണ്ടാക്കും.
പുരുഷാധിപത്യത്തിന്റെ വേരുകൾ
പല പുരുഷന്മാരും സ്വന്തം വീടുകളിൽ നിന്ന് കണ്ടു പഠിക്കുന്നത് പുരുഷാധിപത്യമാണ്. കുടുംബത്തിൽ പുരുഷൻ തീരുമാനങ്ങൾ എടുക്കുന്നവനും സ്ത്രീ വീട്ടുജോലിയും കുഞ്ഞുങ്ങളെ വളർത്തലും മാത്രം ചെയ്യേണ്ടവളുമാണെന്ന തെറ്റായ ധാരണ പലരിലുമുണ്ട്. പുരുഷൻ ജോലി ചെയ്ത് വരുമാനം കൊണ്ടുവന്നാൽ മാത്രം മതിയെന്ന ചിന്ത മാറണം. സ്ത്രീകൾ ആഗ്രഹിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല, മറിച്ച് വൈകാരികമായ പിന്തുണയും (Emotional Security) ആശയവിനിമയവുമാണ്.
വിവാഹശേഷമുള്ള മാറ്റങ്ങൾ
വിവാഹം കഴിഞ്ഞ പല പുരുഷന്മാരോടും വിശേഷം ചോദിച്ചാൽ “വിവാഹം വേണ്ടായിരുന്നു” എന്ന മറുപടിയാണ് ലഭിക്കാറുള്ളത്. സുഹൃത്തുക്കൾക്കും, രാഷ്ട്രീയത്തിനും, ജോലിക്കും, വിനോദങ്ങൾക്കും വേണ്ടി എത്ര സമയം വേണമെങ്കിലും മാറ്റിവെയ്ക്കും. സ്വന്തം ഭാര്യയുടെയോ മക്കളുടെയോ കാര്യങ്ങൾ അന്വേഷിക്കാൻ സമയം കണ്ടെത്തുന്നില്ല. വീട്ടിൽ വന്നാൽ സമാധാനമില്ല എന്ന പരാതി പറയുന്നവർ, ആ സമാധാനം നഷ്ടപ്പെടാൻ താനും കാരണക്കാരനാണോ എന്ന് ആത്മപരിശോധന നടത്താറില്ല.
വിവാഹത്തിന് മുൻപ് സ്വന്തം ശരീരത്തിലും, കരിയറിലും ശ്രദ്ധിച്ചിരുന്നവർ വിവാഹശേഷം അത് പാടെ ഉപേക്ഷിക്കുന്നതായി കാണാം. ജീവിതത്തിൽ ഇനി ഒന്നും നേടാനില്ല എന്ന മട്ടിലുള്ള ഈ പോക്ക് പങ്കാളിയെയും മടുപ്പിക്കും.
ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം
സ്വാതന്ത്ര്യം പോയി, വരുമാനം തികയുന്നില്ല എന്നതൊക്കെ വിവാഹിതരായ പുരുഷന്മാരുടെ സ്ഥിരം പരാതികളാണ്. എന്നാൽ വിവാഹം എന്നത് ഒരാൾ അടിച്ചേൽപ്പിച്ചതല്ല, സ്വന്തം തീരുമാനമായിരുന്നു എന്ന് ഓർക്കണം. വിവാഹത്തോടെ ജീവിതത്തിൽ വരുന്ന ത്യാഗങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. പ്രസവിക്കുന്നതുകൊണ്ട് കുട്ടികളുടെ ചുമതല സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നില്ല. അതുപോലെ തന്നെ, മാതാപിതാക്കളെ ബഹുമാനിക്കുന്നതിനൊപ്പം തന്നെ ഭാര്യക്ക് അർഹമായ സ്ഥാനവും പ്രാധാന്യവും നൽകാൻ പുരുഷന് കഴിയണം.
കുടുംബബന്ധം തകരുന്ന വഴികൾ
കുടുംബജീവിതത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന ചില പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
- തുറന്ന ആശയവിനിമയത്തിന്റെ അഭാവം.
- കുട്ടികളുടെ കാര്യത്തിലും വീട്ടുജോലിയിലും പങ്കാളിയെ സഹായിക്കാതിരിക്കുക.
- മറ്റു സ്ത്രീകളുമായി പങ്കാളിയെ താരതമ്യം ചെയ്യുക.
- സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മുന്നിൽ വെച്ച് പങ്കാളിയെ അധിക്ഷേപിക്കുക.
- അമിതമായ മദ്യപാനം, പുകവലി, അശ്ലീല വീഡിയോകൾക്ക് അടിമയാകുക.
- വഴക്കിനിടയിൽ ‘വിവാഹമോചനം’ എന്ന വാക്ക് ആയുധമാക്കുക.
- മക്കളെ ഓർത്താണ് കൂടെ കഴിയുന്നത് എന്ന് പറഞ്ഞ് പങ്കാളിയെ മാനസികമായി തളർത്തുക.
പരിഹാരങ്ങൾ എന്ത്?
ഒരു പുരുഷൻ തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണം. കുടുംബത്തെ സംരക്ഷിക്കുക എന്നത് വെറും സാമ്പത്തിക സഹായമല്ല. മറിച്ച് അവർക്ക് സമയം നൽകുക എന്നതുകൂടിയാണ്. അച്ഛൻ അമ്മയെ സ്നേഹിക്കുന്നത് കണ്ടുവേണം മക്കൾ വളരാൻ. ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒരു മാര്യേജ് കൗൺസിലറുടെ സഹായം തേടാൻ മടിക്കരുത്.
വിവാഹത്തിന് മുൻപ് തന്നെ പങ്കാളി തനിക്ക് യോജിച്ചതല്ല എന്ന് തോന്നിയാൽ ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ അതിൽ നിന്ന് പിൻമാറുക. വിവാഹശേഷമാണ് പ്രശ്നങ്ങളെങ്കിൽ കൗൺസിലിംഗിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. എന്നിട്ടും മുന്നോട്ട് പോകാൻ കഴിയില്ലെങ്കിൽ, പരസ്പരം കലഹിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് മാന്യമായ വിവാഹമോചനമാണ്.
ജീവിതത്തിൽ എല്ലാവരും നേരിടുന്ന അല്ലെങ്കിൽ ആർക്കും അറിയാത്ത കാര്യമാണ് എങ്ങനെ ജീവിക്കണമെന്ന്. പറഞ്ഞു കൊടുക്കുന്നവർക്കും അവരുടെ ജീവിതത്തിലെ അറിവേ ഉള്ളു. അവിടെയാണ് ഒരു വിവാഹ കൗൺസിലറുടെ പ്രാധാന്യം. മനഃശാസ്ത്രത്തിലോ അനുബന്ധ മേഖലയിലോ ബിരുദം നേടി, തുടർന്ന് മാര്യേജ് ആൻഡ് ഫാമിലി തെറാപ്പി അല്ലെങ്കിൽ കൗൺസിലിംഗ് സൈക്കോളജി പോലുള്ള ഒരു സ്പെഷ്യലൈസേഷനിൽ ബിരുദാനന്തര ബിരുദം നേടി ഇന്റേൺഷിപ്പ് കഴിഞ്ഞു എക്സ്പീരിയൻസുള്ള ആളുകളാണ് വിവാഹ കൗൺസിലർമാർ. പാർട്ണർമാർ തമ്മിലുള്ള പ്രശ്നത്തിൽ മാതാപിതാക്കളും, ബന്ധുക്കളും,പരിചയക്കാരും ഇടപെടും, തമ്മിൽ സംസാരിച്ചു കാര്യങ്ങൾ തീരെ വഷളാക്കും.
വിവാഹ ജീവിതത്തിൽ ആരും ആരുടെയും അടിമയല്ല. രണ്ടുപേരും തുല്യരാണ്. അഹംഭാവം വെടിഞ്ഞ്, പരസ്പരം തോൽപ്പിക്കാൻ ശ്രമിക്കാതെ, ഒരുമിച്ച് നീങ്ങുമ്പോഴാണ് കുടുംബം എന്ന സ്വപ്നം പൂർണ്ണമാകുന്നത്. ഓർക്കുക കുടുംബ പ്രശ്നങ്ങൾക്ക് ഇടയിൽ കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്. ഒരു ജീവിതമേയുള്ളൂ, അത് സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുക