ഏകാന്തതയല്ല, ഇത് ആത്മസാക്ഷാത്കാരം: ഒറ്റയാൾ ജീവിതത്തിന്റെ സൗന്ദര്യം

എനിക്ക് നാല്പത് വയസ്സാകാറായി, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേ ? കഴിക്കാത്തതിന്റെ കാരണം എന്താണ് ? വിവാഹം എന്റെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടില്ല എന്ന വാസ്തവം കുറച്ചു കാലം മുന്നേ മനസ്സിലാക്കി, അതിനാൽ വിവാഹം കഴിക്കാൻ സാധിച്ചില്ല. ഇനി കഴിക്കുമോ എന്ന് ചോദിച്ചാൽ, ജീവിത സാഹചര്യങ്ങൾ ശരിയാകുമെങ്കിൽ നോക്കാം.

ഞാൻ ഒറ്റയ്ക്കല്ല, വീട്ടിൽ മാതാപിതാക്കളും, രണ്ട് സഹോദരന്മാരും ഉണ്ട്. എന്നെ എല്ലാവരും പറഞ്ഞു ഭയപ്പെടുത്തിയ കാര്യമാണ് വിവാഹം കഴിച്ചില്ലെങ്കിൽ ആരും കൂടെ കാണില്ല, ഒറ്റപെട്ടു പോകും. എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് മനസ്സിലാക്കിയ സത്യമാണ്, ജീവിച്ചറിഞ്ഞ കാര്യമാണ് മറ്റുള്ളവരെ പ്രീതിപ്പെടുത്തിയാൽ മാത്രമേ ആളുകൾ കൂടെ നില്ക്കു, അതെന്താ അങ്ങനെ ? കൂടുതൽ ഒന്നും വേണ്ട, നല്ല രണ്ട് സുഹൃത്തുക്കൾ മാത്രം മതി ജീവിതത്തിൽ. എന്റെ ജീവിതത്തിൽ കുറച്ചു നല്ല വ്യക്തികൾ ഉണ്ട്, അവർ തന്നെ ധാരാളം. 

നിങ്ങളും ഒറ്റയ്ക്ക്  ജീവിക്കാൻ ഭയപ്പെടുന്ന വ്യക്തിയാണോ? സമൂഹവും, മിക്ക സിനിമകളും ഒറ്റയ്ക്ക്  ജീവിക്കാൻ കഴിയില്ല, സാധാരണ ജീവിതം നയിക്കാൻ പറ്റില്ല  എന്ന കാഴ്ചപ്പാട് പരത്തുകയാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തികൾക്ക് തകരാർ ഉണ്ടെന്നാണ് സമൂഹം  കരുതുന്നത്. ഒറ്റക്ക് എന്ന് ചിന്തിക്കുന്നത് പോലും മനുഷ്യരുടെ  പേടി സ്വപ്നമാണ്. ചുരുങ്ങിയ സമയം പോലും ഒറ്റക്ക് ഇരിക്കാൻ പലർക്കും കഴിയില്ല. ജീവിച്ച സാഹചര്യം അവരെ അതിനു അനുവദിക്കുന്നില്ല. 

പ്രായമാകുമ്പോഴാണ് കൂടുതൽ ആളുകളും ഒറ്റക്കാകുന്നത്. ആദ്യം  വളരെ ബുദ്ധിമുട്ടായിരിക്കും പിന്നീട് ശീലമാകും. എന്നിരുന്നാലും ആരുമില്ല എന്ന മനോവിഷമം  അവരെ വിടാതെ പിന്തുടരും. പലപ്പോഴും  എന്തിനു ജീവിക്കുന്നു എന്ന തോന്നൽ ഉണ്ടാകും. ഒറ്റക്കാകാതിരിക്കാൻ  പലരും പല വഴികളും കണ്ടെത്തും. ഒറ്റക്കായി പോകുന്ന  വ്യക്തികളുടെ എണ്ണം സമൂഹത്തിൽ കൂടി വരുന്നു.

ആധുനിക കാലഘട്ടത്തിൽ നല്ല ജീവിതത്തിനും, മികച്ച വരുമാനത്തിനുമായി മക്കൾ അന്യനാടുകളിലേക്ക്  പോകുന്നതാണ് മാതാപിതാക്കൾ ഒറ്റയ്ക്ക് ആകാൻ കാരണം. അമേരിക്കക്കാരും, യൂറോപ്പുകാരും പൊതുവെ മക്കളെ ആശ്രയിച്ചല്ല ജീവിക്കുന്നത്, അതിനാൽ നല്ലൊരു ശതമാനം പ്രായമായവരും ഒറ്റക്ക് ജീവിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ മാതാപിതാക്കളുടെ ആഗ്രഹവും, ചിന്തയും മക്കൾ നോക്കണം, മക്കളുടെ ഉത്തരവാദിത്തമാണ് മാതാപിതാക്കളെ പരിപാലിക്കണമെന്നത്. ഫോൺ ഒരു പരിധി വരെ വ്യക്തികളെ ഒറ്റയ്ക്ക് ആകാതെ രക്ഷപ്പെടുത്തുന്നുണ്ട്, അത് താൽക്കാലികം മാത്രമാണ്, ദീർഘ കാലയളവിൽ  അഡിക്ഷനും, ഒറ്റയ്ക്കാണ് എന്ന  വിഷമവും വർദ്ധിപ്പിക്കും.

എന്തിനാണ് ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കുന്നത് ?

“ഒറ്റയ്ക്കായിപ്പോകുമോ എന്ന ഈ ഭയത്തെ ‘മോണോഫോബിയ’ അല്ലെങ്കിൽ ‘ഓട്ടോഫോബിയ’ എന്നാണ് വിളിക്കുന്നത്. മുൻകാല ആഘാതങ്ങൾ, കുറഞ്ഞ ആത്മാഭിമാനം, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.” സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും മാത്രമല്ല വിവാഹം സമൂഹത്തിൽ ഒറ്റക്കാകാതിരിക്കാൻ വേണ്ടിയാണ്.  

ഇന്ത്യയിൽ ഒറ്റയ്ക്ക് ജീവിക്കുന്നവരേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത് ബന്ധുക്കൾ ഉള്ളവരാണ്. ആരും ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല, ചുറ്റുപാടും  ഒരാൾപോലും ഒറ്റക്ക് ജീവിക്കുന്നില്ല, ഒറ്റയ്ക്ക് ജീവിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന കാഴ്ചപ്പാടാണ് കല്യാണം കഴിക്കാൻ  പ്രേരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ  എല്ലാവരും ഒറ്റക്കാണ്, നമ്മൾ ഒറ്റക്കാണ് കൂടുതൽ സമയവും ചെലവിടുന്നത്.

ഒറ്റയ്ക്ക് ജീവിക്കാൻ  സ്വമേധയാ ഉള്ള തിരഞ്ഞെടുപ്പാണെങ്കിൽ മാനസികാരോഗ്യത്തിനും, ക്ഷേമത്തിനും ഗുണം ചെയ്യും. ഇത് ആത്മപരിശോധന,  വ്യക്തിഗത വളർച്ച, വൈകാരിക നിയന്ത്രണം എന്നിവയെ സഹായിക്കുന്നു. എന്നാൽ ഒറ്റയ്ക്കായി പോകുന്നത് മാനസികമായി നല്ലതല്ല. ആരുടെയെങ്കിലും ഇൻഫ്ലുവെൻസ് കൊണ്ടോ ,എന്തെങ്കിലും സാഹചര്യത്തിലോ ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിക്കരുത്. ഏകാന്തത എന്നാൽ ഒറ്റപെടലാണ്, ഒറ്റയ്ക്ക് എന്നത് ഉറച്ച തീരുമാനമാണ്, ഒരു അനുഭവമാണ്.

ഏകാന്തതയുടെ ഗുണങ്ങൾ

  • ജീവിതത്തിന് എപ്പോഴും ഒരു അച്ചടക്കവും  ഉത്തരവാദിത്തവും  ഉണ്ടാകും. 
  • വായന ശീലം വളർത്തും, പുതിയ കാര്യങ്ങൾ പഠിക്കാൻ  താല്പര്യം കാണിക്കും. 
  • ഏകാന്തതയിൽ ജീവിക്കുന്ന ഒരാൾക്ക് സ്വയം  ശ്രദ്ധിക്കാനും, മനസ്സിലാക്കാനും, ചിന്തിക്കാനും സമയം കിട്ടും. 
  • കുറഞ്ഞ സമ്മർദ്ദവും, ഉയർന്ന  സ്വാതന്ത്ര്യവും ലഭിക്കും.  
  • സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നും മോചനം ലഭിക്കുമ്പോൾ ഉത്കണ്ഠയും, വിഷാദവും കുറയുന്നു. 
  • മനസ്സിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമ്പോൾ പുതിയ ആശയങ്ങൾ ജനിക്കുന്നു. 
  • മറ്റുള്ളവരുടെ സ്വാധീനമില്ലാത്ത നമ്മുടെ യഥാർത്ഥ വികാരങ്ങളെയും,  ചിന്തകളെയും, ലക്ഷ്യങ്ങളെയും കുറിച്ച് ആഴത്തിൽ നിരീക്ഷിക്കാൻ കഴിയുന്നു.  

ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ആരെയും കുറിച്ച് ചിന്തിക്കേണ്ട ആവശ്യം  ഇല്ല, ഉത്കണ്ഠപ്പെടേണ്ട സാഹചര്യം വരുന്നില്ല. സ്വന്തം കാര്യം മാത്രം നോക്കുക. വിവാഹം കഴിക്കാതിരിക്കുന്നത് അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് ഓരോ വ്യക്തികളുടെയും വ്യക്തിപരമായ കാര്യമാണ്. അത് ജീവിതത്തിൽ നിന്നുള്ള  ഒളിച്ചോട്ടമല്ല, സ്വന്തം കാര്യം നോക്കുക എന്നത് സ്വാർത്ഥതയും അല്ല. ജീവിതം  ഒന്നേ ഉള്ളു ഓരോ  വ്യക്തികളും അവരവരുടെ ആഗ്രഹവും ഇഷ്ടങ്ങളും അനുസരിച്ച് ജീവിക്കട്ടെ.  പ്രശ്നങ്ങൾ ഉള്ള ജീവിതത്തേക്കാൾ നല്ലത്  ഒറ്റയ്ക്ക് ജീവിക്കുന്നതാണ്. 

ഉപസംഹാരം

മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച്  ജീവിക്കുന്നതിനേക്കാൾ എത്രയൊ ഭേദമാണ്, ഏകാന്തതയിൽ ജീവിക്കുന്നത്. യഥാർത്ഥത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നവർ അപാര ധൈര്യശാലികളാണ്. ഒറ്റയ്ക്ക് സിനിമ കാണാൻ  പോകാനും, റെസ്റ്റാറന്റിൽ  ഭക്ഷണം കഴിക്കാനും, യാത്രകൾ ചെയ്യാനും, ജീവിക്കാനും  ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ കുറച്ചൊന്നുമല്ല, നല്ല ധൈര്യം വേണം. ഭൂരിപക്ഷം ജനങ്ങൾക്കും ഒറ്റക്ക് ജീവിക്കാൻ പേടിയാണ്, ചിലർക്ക് അസൂയയാണ് ഒറ്റയ്ക്ക് ജീവിക്കുന്നവരെ കാണുമ്പോൾ.

Leave a Comment