ഉള്ളുതുറന്ന് കരഞ്ഞോളൂ; അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും നല്ലതാണ്

കരച്ചിൽ: ദുർബലതയല്ല, മനസ്സിന്റെ കരുത്താണ്

മനുഷ്യന്റെ അടിസ്ഥാനപരമായ വൈകാരിക പ്രകടനങ്ങളിലൊന്നാണ് കരച്ചിൽ. കരഞ്ഞുകൊണ്ടാണ് ഓരോരുത്തരും ജനിക്കുന്നത്. കരയാത്ത മനുഷ്യർ ആരും തന്നെ കാണില്ല, എത്ര ധൈര്യശാലിയാണെങ്കിലും ഒന്നല്ല, ഒന്നിലധികം തവണ കരഞ്ഞവരായിരിക്കും എല്ലാവരും. വൈകാരിക ബുദ്ധി കൂടുതൽ ഉള്ളവരാണ് കരയുന്നവർ, കരയുന്നത് കൊണ്ട് അവർ ശക്തരല്ല എന്ന് കരുതരുത്.

എന്തുകൊണ്ട് കരയണം?

കരയുന്നത് നല്ലതാണ്. കരയുമ്പോൾ തലച്ചോർ ഓക്സിടോസിൻ (Oxytocin), എൻഡോർഫിൻ (Endorphins) തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടുന്നു, ഇത് നിങ്ങൾക്ക് ആശ്വാസം നൽകുന്നു. പ്രധാനമായും ദുഃഖം, കോപം, സന്തോഷം, ഭയം എന്നീ വികാരങ്ങൾക്കുള്ള പ്രതികരണമായിട്ടാണ് കരച്ചിൽ ഉണ്ടാകുന്നത്.

കരച്ചിൽ ഭീരുത്വമല്ല, മറിച്ച് സമ്മർദ്ദവും വൈകാരിക പിരിമുറുക്കവും ഒഴിവാക്കാനുള്ള ആരോഗ്യകരമായ ഒരു മാർഗമാണ്. കരയുമ്പോൾ സമ്മർദ്ദത്തിന്റെ അളവ് കുറയുന്നു, ഇത് മെച്ചപ്പെട്ട ഉറക്കത്തിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായകമാകുന്നു.

പുരുഷന്മാരും കരച്ചിലും

നിങ്ങൾ കരയാറുണ്ടോ എന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം കരയാറില്ല എന്നുതന്നെയാണ്. പുരുഷന്മാരുടെ കാര്യത്തിൽ അത് ഒരു പരിധിവരെ ശരിയാണ്, എന്തെന്നാൽ പുരുഷന്മാർ കണ്ണുനീർ പിടിച്ചു വെയ്ക്കും. അതിനർത്ഥം അവർ കരയാറില്ല എന്നല്ല. ആണുങ്ങളും കരയാറുണ്ട്—കൂടുതലും ആരും കാണാതെയും, അവർ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയുടെ മുന്നിലും മാത്രം.

“ആണുങ്ങൾ കരയാറില്ല, ഒരിക്കലും കരയരുത്, മറ്റുള്ളവർ നിന്നെ ദുർബലനായി കണക്കാക്കും.”

കുഞ്ഞുനാൾ മുതൽക്കേ ആൺകുട്ടികളെ മാതാപിതാക്കളും സമൂഹവും ഇങ്ങനെ പറഞ്ഞു പഠിപ്പിക്കുകയാണ്. സഹിക്കുന്നതിന്റെ പരിധി കഴിഞ്ഞാലും പുരുഷന്മാർ പിടിച്ചു നിൽക്കും.

സ്ത്രീകളും വികാരപ്രകടനങ്ങളും

സ്ത്രീകൾ തികച്ചും വ്യത്യസ്തരാണ്, കരയുന്നവരാണ് കൂടുതൽ. അതിന് പ്രത്യേകിച്ച് ഒരു കാരണം ആവശ്യമില്ല. എന്നാൽ കരയാത്ത സ്ത്രീകളുമുണ്ട്—ഒന്ന് കരഞ്ഞു മടുത്തവർ, കരഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കിയവർ, എന്ത് സംഭവിച്ചാലും കരച്ചിൽ വരാത്തവർ അഥവാ ശീലമായവർ, പിന്നെ ജന്മനാ വളരെ സ്ട്രോങ്ങ് മനസ്സുള്ള സ്ത്രീകൾ.

സന്തോഷം വന്നാലും സർപ്രൈസ് ഉണ്ടായാലും പുരുഷന്മാർ പൊതുവെ കരയാറില്ല. സ്ത്രീകൾ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ സാധ്യത കൂടുതലാണെങ്കിലും, പുരുഷന്മാരും സ്ത്രീകളും സമാനമായ വികാരങ്ങളുടെ വ്യാപ്തിയും തീവ്രതയും ഉള്ളവരാണ്.

കരച്ചിൽ: ഒരു പ്രതിരോധ മാർഗം

കരച്ചിൽ ചിലരുടെ അടവും കൂടെയാണ്. വിശ്വാസം നേടുവാൻ, അനുകമ്പ സ്വന്തമാക്കാൻ, സഹതാപം സൃഷ്ടിക്കാൻ ഇത് സഹായിക്കും. എന്നാൽ കരച്ചിൽ കുറേപേരുടെ അവസാനത്തെ വഴിയായിരിക്കും—കൂടെയുള്ള വ്യക്തി പോകാതിരിക്കാൻ, സത്യം എത്ര ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാതിരിക്കുമ്പോൾ സ്വാഭാവികമായി കരച്ചിൽ വന്നുപോകും. കുത്തുവാക്കുകൾ കേട്ട് മടുക്കുമ്പോൾ, പരസ്യമായി അപമാനം ഏറ്റുവാങ്ങേണ്ടി വരുമ്പോൾ, ശാസന കിട്ടുമ്പോൾ, ഒറ്റപ്പെടുത്തുമ്പോൾ കരച്ചിൽ വരും.

കരച്ചിലിന്റെ പ്രധാന ഗുണങ്ങൾ

  1. മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.
  2. കണ്ണുകളെ വൃത്തിയാക്കുന്നു.
  3. വേദന സംഹാരിയായി പ്രവർത്തിക്കുന്നു.
  4. മനസ്സിന് ആശ്വാസം നൽകുന്നു.
  5. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
  6. ബാക്ടീരിയകളെ നശിപ്പിക്കുന്നു.

അടക്കിപ്പിടിച്ചാൽ സംഭവിക്കുന്നത്

കരച്ചിൽ ദീർഘകാലം അടക്കി പിടിച്ചാൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. ഇത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും:

  • അമിത സമ്മർദ്ദം, വിഷാദരോഗം.
  • വൈകാരികമായ മരവിപ്പ്.
  • രോഗപ്രതിരോധ ശേഷി കുറയുന്നു.
  • രക്തസമ്മർദ്ദം കൂടുന്നു, ഹൃദയമിടിപ്പ് വർദ്ധിക്കുന്നു.
  • പെട്ടെന്നുള്ള പൊട്ടിത്തെറികൾ.

ഉപസംഹാരം

സിനിമ കണ്ടോ മറ്റേതെങ്കിലും സാഹചര്യങ്ങൾ കൊണ്ടോ കരയുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ വളരെ ശക്തരായ മനുഷ്യനാണ്. നിങ്ങൾക്ക് വൈകാരിക ബുദ്ധി കൂടുതലാണ്. ഒരിക്കലും കരച്ചിൽ അടിച്ചമർത്തരുത്. കരച്ചിൽ വന്നാൽ കരയുക, ആരും കാണാതെയാണെങ്കിലും കരയുക. കരഞ്ഞാൽ നിങ്ങളുടെ പ്രശ്നങ്ങൾ മാറില്ലായിരിക്കാം, എന്നാൽ മാനസിക സംഘർഷങ്ങൾക്ക് ആശ്വാസം ഉറപ്പായും ലഭിക്കും. വികാരങ്ങൾ മനുഷ്യസഹജമാണ്, അതിനെ പിടിച്ചു വെയ്ക്കരുത്.

Leave a Comment