
വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽ, വിവാഹം കഴിക്കാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൂടാതെ വിവാഹ മോചനം നേടുന്ന ആളുകളുടെ എണ്ണവും കൂടുകയാണ്. മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടാണ് തീരുമാനങ്ങൾ എടുക്കുന്നതെങ്കിൽ, വർഷങ്ങൾ കഴിയുമ്പോൾ തീരുമാനം തെറ്റായി പോയി എന്ന് ചിന്തിക്കും. കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. മാത്രവുമല്ല മനുഷ്യന് മരുന്ന് മനുഷ്യൻ മാത്രമാണ്.
ഇന്ന് പുരുഷന്മാർ വരുമാനം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുകയാണ്. ഒന്ന് വിവാഹം കഴിക്കാനും, രണ്ട് വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും. സ്ത്രീകൾ വിദ്യാഭ്യാസത്തിനും, വരുമാനത്തിനും വേണ്ടി കഷ്ടപ്പെടുകയാണ്. വിവാഹം കഴിക്കാതെ ജീവിക്കാൻ വേണ്ടി. സ്ത്രീകൾ സ്വന്തം വീട്ടിലുള്ള സാഹചര്യമോ ചുറ്റുമുള്ള സാഹചര്യമോ അതുമല്ലെങ്കിൽ സോഷ്യൽ മീഡിയയുടെയോ, മറ്റുള്ളവരുടെ ഇൻഫ്ലുൻസ് കൊണ്ടോ വിവാഹം വേണ്ട എന്ന് വെയ്ക്കുന്നു.
വിവാഹം എന്തിനാണ്? ഒരു സമൂഹം ആവശ്യമാണോ?
എന്തിനാണ് വിവാഹം? കുഞ്ഞുങ്ങളുടെ ആവശ്യം ഉണ്ടോ? സമൂഹം എനിക്ക് ഒന്നും ചെയ്യുന്നില്ലല്ലോ, സമൂഹം വേണോ?
കുടുംബങ്ങളുടെ കൂട്ടമാണ് സമൂഹം, സമൂഹങ്ങളുടെ കൂട്ടമാണ് രാജ്യം. ഒരു രാജ്യം വളർന്നാൽ മാത്രമേ തൊഴിലുകൾ ഉണ്ടാകൂ, രാജ്യം വികസിക്കുന്നത് അവിടത്തെ ജനസംഖ്യയുടെ വളർച്ചയിലാണ്. ജനസംഖ്യ കുറയുമ്പോൾ തൊഴിലും, ക്ഷേമവും, വികസനവും കുറയും. വിവാഹവും കുഞ്ഞുങ്ങളും കുടുംബങ്ങൾക്ക് വേണ്ടി മാത്രമല്ല സമൂഹത്തിനും, രാജ്യത്തിനും വേണ്ടിയാണ്. അതുകൊണ്ടാണ് വിവാഹം രാജ്യങ്ങൾ നിയമപരമാക്കിയതും, സുരക്ഷ നൽകുന്നതും, വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതും.
ഒരു സംക്ഷിപ്ത ചരിത്രം
ചരിത്രപരമായി വിവാഹം സ്വത്ത് കൈമാറ്റത്തിനും, സഖ്യങ്ങൾ ഉണ്ടാക്കാനും, അനന്തരാവകാശം ഉറപ്പു വരുത്താനുമായിരുന്നു. പിന്നീട് മതങ്ങൾ വിവാഹത്തെ സംയോജിപ്പിക്കുകയും സഹവർത്തിക്കുകയും ചെയ്തു. വിവാഹ സമ്പ്രദായത്തിന് ഏകദേശം 5000 വർഷത്തിലേറെ പഴക്കമുണ്ട്. ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട വിവാഹം നടന്നത് ബിസി 2350 ൽ മെസൊപ്പൊട്ടേമിയയിലാണ്.
വിവാഹം എന്നതിന്റെ അർത്ഥവും ബന്ധവും
വിവാഹം ജീവിതത്തിന് അർത്ഥവും, സുരക്ഷയും, പിന്തുടർച്ചയും, ഒറ്റപ്പെടലിൽ നിന്നും മോചനവും നൽകുന്നു. വിവാഹം രണ്ട് വ്യക്തികളെ മാത്രമല്ല, രണ്ട് കുടുംബങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു പവിത്രമായ ബന്ധമാണ്.
വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നായതിനാൽ, ഭാവി ജീവിത പങ്കാളിയിൽ എന്തൊക്കെ ഗുണങ്ങൾ വേണമെന്ന് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും വിവാഹ സങ്കല്പങ്ങൾ വ്യത്യസ്തമാണ്:
- സ്ത്രീകളുടെ കാഴ്ചപ്പാട്: ഇപ്പോഴത്തെ പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം നേടി ഒരു ജോലി കിട്ടിയിട്ട് വിവാഹം കഴിക്കുന്നു. അതും അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്.
- പുരുഷന്മാരുടെ കാഴ്ചപ്പാട്: പുരുഷന്മാരുടെ കാര്യം വ്യത്യസ്തമാണ്, അവരെ ആരും നിർബന്ധിക്കാറില്ല. ആൺകുട്ടികൾക്ക് ഒരു ജോലി ലഭിച്ചാൽ അല്ലെങ്കിൽ വരുമാനം കിട്ടിത്തുടങ്ങിയാൽ, ഒന്നുകിൽ അവർ തന്നെ പറയും, മിക്കവാറും മാതാപിതാക്കൾ തന്നെ വിവാഹം നോക്കി തുടങ്ങും.
- പ്രണയവിവാഹങ്ങൾ: പ്രേമിച്ചു വിവാഹം കഴിക്കുന്നവർ വളരെയധികം വ്യത്യസ്തരാണ്. അവർ പ്രായം കാര്യമാക്കാറില്ല, ജാതി, മതം, സ്റ്റാറ്റസ് ഒന്നും നോക്കാറില്ല, പ്രണയിക്കുന്നു വിവാഹം കഴിക്കുന്നു.
ശക്തമായ വിവാഹം
വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രതിബദ്ധതയുള്ള ഒരു കൂടിച്ചേരലാണ്. അത് വൈകാരിക പിന്തുണ, നിയമപരമായ പങ്കാളിത്തം, സാമൂഹിക അംഗീകാരം എന്നിവ നൽകുന്നു. വിവാഹം വ്യക്തികൾക്ക് പരസ്പരം താങ്ങും, തണലുമാണ്. വിഷമത്തിൽ, സന്തോഷത്തിൽ, തീരുമാനങ്ങൾ എടുക്കാൻ, പിന്തുണ നൽകാൻ എപ്പോഴും കൂടെ ഒരാൾ വേണമെങ്കിൽ അതിനാണ് വിവാഹം. ജീവിതം പൂർണമാകുന്നത് ദയ, സ്നേഹം, വാത്സല്യം, ബഹുമാനം എന്നിവ കൂടിച്ചേരുമ്പോഴാണ്.
വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
- വിവാഹം രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടും, ധാരണയോടും നടത്തേണ്ടതാണ്.
- വൈകാരിക പക്വത, പങ്കാളിയുമായി ജീവിത ലക്ഷ്യങ്ങൾ തിരിച്ചറിയൽ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ നേടുമ്പോഴാണ് വിവാഹത്തിന് തയ്യാറാവേണ്ടത്. ഇക്കാലത്ത് രണ്ട് പേർക്കും ജോലി ഉണ്ടെങ്കിൽ മാത്രമേ വലിയ കടമില്ലാതെ മുന്നോട്ടു പോകാൻ കഴിയു.
- വിവാഹത്തിനുമുമ്പ് നന്നായി പരസ്പരം സംസാരിച്ചു പൊരുത്തപ്പെടുക. ഒരാളെ കണ്ടിട്ടോ, കുറച്ചു സംസാരിച്ചതുകൊണ്ടോ ആരുടെയും സ്വഭാവം മനസ്സിലാക്കാൻ പറ്റില്ല.
- ആരുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു, പങ്കാളിയുടെ ജീവിതം നശിപ്പിക്കരുത്.
- ഞാൻ മാത്രമാണ് ശരി എന്ന് ചിന്തിക്കുന്നവരും, കുടുംബവും കുട്ടികളെയും നോക്കാൻ താല്പര്യമില്ലാത്തവരും വിവാഹം കഴിക്കരുത്.
സത്യസന്ധതയും സമത്വവും
സത്യസന്ധതയും മാന്യതയും പുരുഷന് മാത്രമല്ല വേണ്ടത്, സ്ത്രീയുടെയും സ്വഭാവത്തിന്റെ അടിസ്ഥാന ഗുണങ്ങളാണ്. സത്യസന്ധമായി പെരുമാറുക, നല്ല ജീവിതരീതി, വാക്കുകൾ പാലിക്കുക. ഇതൊക്കെ ജീവിത പങ്കാളിക്ക് മാനസിക സുരക്ഷിതത്വം നൽകുന്നു.
ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും തുറന്ന സംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ കഴിയും. ആശയവിനിമയം ഉള്ളവർക്ക് വികാരങ്ങളെയും, ആവശ്യങ്ങളെയും മനസ്സിലാക്കാനും, സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാനും കഴിയും.
ജീവിതത്തിൽ സന്തോഷം മാത്രമല്ല ഉള്ളതെന്ന് മനസ്സിലാക്കുക:
- സോഷ്യൽ മീഡിയയിലും, സിനിമയിലും, കഥകളിലും ജീവിതമല്ല കാണിക്കുന്നത്. അവിടെ നല്ല വശങ്ങൾ അല്ലെങ്കിൽ സന്തോഷം മാത്രമേ കാണിക്കൂ.
- യഥാർത്ഥ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, ജോലി ഭാരവും, ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. സമ്മർദം, അസുഖങ്ങൾ, പ്രായമായ മാതാപിതാക്കൾ, വേണ്ടപ്പെട്ടവരുടെ വേർപാടുകൾ എല്ലാം അനുഭവിക്കേണ്ടി വരും.
- കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും.
ജോലിയും കുടുംബവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള കഴിവ് ഒരു സന്തോഷകരമായ വിവാഹ ജീവിതം സമ്മാനിക്കും. വീടിന്റെ ചുമതല രണ്ടു പേർക്കും ഒരുപോലെയാണ്. എല്ലാ ജോലികളിലും പരസ്പരം സഹായിക്കുക. കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം അമ്മയ്ക്ക് മാത്രമുള്ളതല്ല, അച്ഛന്റേതു കൂടെയാണ്. കൂടെ ജീവിക്കാൻ പങ്കാളിയെ തേടുന്നവർ എന്തിനാണ് അതിന്റെ കൂടെ സ്ത്രീധനം വാങ്ങുന്നത്. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്.
ഉപസംഹാരം
വിവാഹം എന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമല്ല, ആരും ആരുടെയും അടിമയുമല്ല. ജീവിതത്തിൽ സ്വയം സന്തോഷിക്കാനോ, പങ്കാളിയെ സന്തോഷിപ്പിക്കാനോ ഉള്ളതല്ല. പരസ്പരം പിന്തുണ നല്കാനുള്ളതാണ്. വിവാഹ ജീവിതത്തിൽ രണ്ട് പേരും തുല്യരാണ്. വിവാഹം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെങ്കിലും അത് പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായിരിക്കണം