സോഷ്യൽ മീഡിയയും കൗമാരക്കാരും: മാതാപിതാക്കൾ കാണാതെ പോകുന്ന സത്യങ്ങൾ

പരമ്പര

ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് എഴുതി ഫിലിപ്പ് ബാരന്റിനി സംവിധാനം ചെയ്ത, 2025 ലെ ബ്രിട്ടീഷ് കുറ്റകൃത്യ നാടക മിനി സീരീസാണ് അഡോളസെൻസ്. സ്കൂളിലെ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 13 വയസ്സുള്ള സ്കൂൾ കുട്ടിയെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നോട്ട് പോകുന്നത്. 4 ഭാഗങ്ങൾ ഉള്ള പരമ്പര, തുടർച്ചയായി ഷൂട്ട് ചെയ്തതാണ്. കഥ, സംവിധാന മികവ്, അഭിനയം, പശ്ചാത്തലം എന്നിവ കൊണ്ട് മികച്ച പരമ്പരയാണ് അഡോളസെൻസ്. സീരീസ് കുട്ടികളുടെ ഇടയിലെ സ്ത്രീ വിരുദ്ധത, സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗം, കൗമാര കാലത്തെ മാനസിക സംഘർഷങ്ങൾ എടുത്തു കാണിക്കുന്നു.

കഠിനമായ സത്യം

സീരീസ് കണ്ട് കഴിഞ്ഞവർ, അതിന്റെ ആഘാതത്തിൽ പുറത്തു കടക്കാൻ ഒരൽപം ബുദ്ധിമുട്ടാണ്. അത്രമാത്രം ഭയപ്പെടുത്തുന്ന ഒരു പരമ്പരയാണ്. സമൂഹത്തിലെ മുഴുവൻ മുതിർന്നവരും കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പരമ്പരയിലുള്ളത്. എന്റെ കുട്ടികളെ എനിക്ക് അറിയാം അവർ അങ്ങനെ ഒന്നും ചെയ്യില്ല, എന്ന് പറയുന്നവർ പലപ്പോഴും അവർ ചെയ്യുന്ന കാര്യങ്ങൾ അറിയുമ്പോൾ, അവരുടെ സ്വഭാവത്തിൽ വന്ന മാറ്റം നമ്മൾ മനസ്സിലാക്കിയില്ല എന്ന സത്യം തിരിച്ചറിയും. അഡോളസെൻസ് കാണിച്ചു തരുന്നത്, നമ്മുടെ സ്വന്തം കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ അറിയുന്നില്ല എന്ന സത്യമാണ്. പരമ്പര കണ്ട ചിലർക്കെങ്കിലും തോന്നാതിരിക്കില്ല, ഇത് വേറൊരു രാജ്യത്ത് നടക്കുന്നതല്ലെ, ഇതൊരു ടീവി ഡ്രാമ അല്ലെ, സത്യമല്ലല്ലോ, നമ്മുടെ കുട്ടികളെ ഇതൊന്നും ബാധിക്കില്ല. എങ്കിൽ മനസ്സിലാക്കുക, സോഷ്യൽ മീഡിയ അതി വിശാലമാണ്, അതിന് അതിർത്തികൾ ഇല്ല.

ഡിജിറ്റൽ ലോകത്തിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

കുട്ടികളെ വഴിതെറ്റിക്കുന്ന അല്ലെങ്കിൽ സമൂഹത്തിന് തന്നെ ദോഷകരമായ ധാരാളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിലവിലുണ്ട്. അവരുടെ അറിവില്ലായ്‌മ, ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ സാധിക്കാതെ വരുന്നതും ചൂഷണം ചെയ്യപ്പെടുകയാണ്. നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയിൽ എന്താണ് ചെയ്യുന്നത് അറിയില്ല, അവർ ഏതൊക്കെ ചാനലുകളാണ് പിന്തുടരുന്നത്, ഏതൊക്കെ ഇൻഫ്ലുൻസർ അവരെ എങ്ങനെ സ്വാധീനിക്കുന്നു, സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന കമ്മെന്റുകൾക്ക്എന്താണ് അർഥം നമ്മുക്ക് അറിയില്ല. അവർ ഉപയോഗിക്കുന്ന ഇമോജികൾക്കും, കളറിനും വരെ അർത്ഥമുണ്ട്. പരമ്പരയിൽ പറയുന്ന പല വാക്കുകളും നമുക്ക് പുതിയതാണ്, അതിന്റെ അർഥം തിരയുകയാണെങ്കിൽ ഉറപ്പാഴും അത് ഞെട്ടിപ്പിക്കും.

രക്ഷാകർതൃത്വം: വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും

കുട്ടികളെ നല്ല മൂല്യങ്ങളോടെ വളർത്തേണ്ടത് എക്കാലത്തും പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ ആധുനിക ലോകത്ത് കുട്ടികളെ വളർത്താൻ മാതാപിതാക്കൾ വളരെയേറെ ബുദ്ധിമുട്ടുന്നു. കാരണങ്ങൾ ഒരുപാടുണ്ട്, അണുകുടുംബങ്ങളാണ് ഇപ്പോൾ കൂടുതലും, മാതാപിതാക്കൾ ജോലിക്ക് പോകുന്നവരും, അതുകൊണ്ട് തന്നെ മക്കളെ ശ്രദ്ധിക്കാൻ പലർക്കും സാധിക്കുന്നില്ല. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതാണ് കുട്ടികളിൽ സഹാനുഭൂതി, ആദരവ്, സത്യസന്ധത എന്നിവ ഉണ്ടായിരിക്കണമെന്ന്. കുട്ടികൾ തെറ്റായ വഴിയിൽ പോകുന്നതിനുള്ള ശരിയായ ഉത്തരവാദിത്തം മാതാപിതാക്കൾക്ക് തന്നെയാണ്, കുട്ടികളെ ശ്രദ്ധിക്കാത്തത് കൊണ്ടാണ്. ഒരിക്കൽ കുട്ടികൾ വളർന്നു വലുതാകുമ്പോൾ മാതാപിതാക്കളോട് തിരിച്ചു ചോദിക്കും എന്ത് കൊണ്ട് എന്നെ നേരായ രീതിയിൽ വളർത്തിയില്ല ?

മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

മാതാപിതാക്കൾ കുട്ടികൾക്ക് ശക്തമായ റോൾ മോഡലുകളാണ്. നിങ്ങൾ കുട്ടികളിൽ വളർത്താൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ നിങ്ങൾ തന്നെ കാണിച്ചുകൊടുക്കുക. പക്ഷെ അതും പറഞ്ഞു നിങ്ങളുടെ ആഗ്രഹങ്ങൾ മക്കളെ അടിച്ചേൽപ്പിക്കരുത്. മക്കളെ പേടിപ്പിച്ചും, പൂട്ടിയിട്ടും, കുറ്റം പറഞ്ഞും, താരതമ്യം ചെയ്തും, അവർക്ക് അർഹതപ്പെട്ട സ്നേഹം കൊടുക്കാതെയും, മക്കളെ ശരിയായി വളർത്താത്ത മാതാപിതാക്കളോട്, ഒരിക്കൽ അവർ ഇതിനെല്ലാം തിരിച്ചു പ്രതികരിക്കുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഒരു കുട്ടിയുടെ ചിന്തയും, സ്വഭാവവും വളർത്തുന്നത് അവന്റെ ചുറ്റുപാടാണ്.കുട്ടികൾ മാതാപിതാക്കളിൽ നിന്ന് കാണുന്ന പെരുമാറ്റങ്ങൾ അനുകരിക്കുന്നു, അതിനാൽ മാന്യമായ പെരുമാറ്റം മാതൃകാപരമായി കാണിച്ചുകൊടുക്കുന്നത് അടിസ്ഥാനപരമായ ഘട്ടമാണ്. മാതാപിതാക്കൾ മറ്റുള്ളവരുമായുള്ള ഇടപെടലിൽ ദയ, മര്യാദ, ആദരവ് എന്നിവ കാണിക്കുക, മാന്യമായ ഭാഷ ഉപയോഗിക്കുക, നന്ദി പ്രകടിപ്പിക്കുക, നിങ്ങളുടെ മാതാപിതാക്കളെ നന്നായി നോക്കുക, അത് കുട്ടികൾക്ക് കാണിച്ചു കൊടുക്കുക.

മാതാപിതാക്കൾക്ക് മാതൃകാപരമായി പെരുമാറാൻ ഗാർഹിക ജോലികളിൽ തുല്യമായ പങ്കാളിത്തം ഉൾപ്പെടുത്തുക. വീട്ടിലെ ജോലികൾ ലിംഗഭേദമില്ലാതെ വിഭജിക്കുമ്പോൾ, വീട്ടിൽ ലിംഗാധിഷ്ഠിത പങ്കുകളില്ല എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നു. പരസ്പരം ആദരവോടെ ഇടപെടുന്നത് കുട്ടികൾക്ക് മാനസികമായി സുരക്ഷിതമായ അന്തരീക്ഷം നൽകുന്നു. കൂടാതെ, മാതാപിതാക്കൾ എപ്പോഴും കുട്ടികളുടെ അഭിപ്രായങ്ങൾ ക്ഷമയോടെ കേൾക്കുമ്പോഴും അവരുടെ വികാരങ്ങളെ അംഗീകരിക്കുമ്പോഴും, കുട്ടികൾ സഹാനുഭൂതി എന്തെന്ന് പഠിക്കുന്നു. കുട്ടികൾക്ക് ഏറ്റവും അധികം വേണ്ടത് വൈകാരിക ബുദ്ധിയാണ്.

പാരന്റിംഗിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

# കുട്ടികളുടെ മൊബൈൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. കുട്ടികൾ ഫോൺ ഉപയോഗിക്കുന്ന
സമയം മാതാപിതാക്കളുടെ സാന്നിത്യം ഉറപ്പുവരുത്തുക.

# ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവ കുട്ടികളുടെ റൂമിൽ വയ്ക്കരുത്.

# കുട്ടികളെ അമിത സ്നേഹത്തോടെയോ, അടി കൊടുത്തോ വളർത്തരുത്. എല്ലാ ദിവസത്തെ കാര്യങ്ങളും
അവരോട് ചോദിച്ചു മനസിലാക്കുക

# കുട്ടികളുടെ ചെറിയ രീതിയിൽ ഉള്ള മാറ്റം പോലും ശ്രദ്ധിക്കണം, അത് അറിഞ്ഞു മനസ്സിലാക്കണം.

# കുട്ടികളെ അപരിചിതരുമായി കൂട്ടുകൂടുവാൻ അനുവദിക്കരുത്. കുട്ടികളുടെ സുഹൃത്തുക്കൾ ആരാണെന്ന്
മനസ്സിലാക്കുക.

# കുട്ടികളെ മുതിർന്ന ആളുകളുമായി കൂട്ടുകൂടാൻ അനുവദിക്കരുത്.

# കുട്ടികൾക്ക് വിദ്യാഭ്യാസത്തിനൊപ്പം അവർക്ക് താല്പര്യമുള്ള കാര്യങ്ങൾ പഠിക്കാൻ അവരെ
അനുവദിക്കുക. പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക

# കുട്ടികൾക്ക് വ്യത്യസ്തമായ കഴിവുകൾ ഉണ്ട് അത് മനസ്സിലാക്കി അതിനെ വളർത്തിയെടുക്കാൻ ശ്രമിക്കുക.

പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ വിലക്ക്

ഓസ്‌ട്രേലിയ:  2025 ഡിസംബർ 10 മുതൽ, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഔദ്യോഗികമായി നിരോധനം നടപ്പിലാക്കാൻ തുടങ്ങി. 

മലേഷ്യ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിരോധനം ഏർപ്പെടുത്താൻ സർക്കാർ പ്രഖ്യാപിച്ചു, 2026 മുതൽ ഇത് ആരംഭിക്കും.

ഫ്രാൻസ്: 2026 സെപ്റ്റംബറിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കർശന നിരോധനം ഏർപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ട്. 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് “ഡിജിറ്റൽ കർഫ്യൂ” ഏർപ്പെടുത്തുന്നതും  പരിഗണിക്കുന്നുണ്ട്, രാത്രി 10 നും രാവിലെ 8 നും ഇടയിൽ പ്ലാറ്റ്‌ഫോം ഉപയോഗം നിയന്ത്രിക്കും.

ഡെൻമാർക്ക്: 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതിനുള്ള ധാരണയിലെത്തി, 13 ഉം 14 ഉം വയസ്സുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ പ്രവേശനം അനുവദിക്കൂ. 2026 അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നോർവേ: കുറഞ്ഞ പ്രായം 15 ആയി ഉയർത്താൻ അടുത്തിടെ നിർദ്ദേശം നൽകി.

സ്പെയിൻ:  സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായം 14 ൽ നിന്ന് 16 ആയി ഉയർത്തി.

“യുകെ , ചൈന  തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചൈനയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് രാത്രികാലങ്ങളിൽ ഗെയിമിംഗും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് കർശനമായ സമയപരിധി നിലവിലുണ്ട്.

ഉപസംഹാരം

പ്രായത്തിന് അനുയോജ്യമായ ജോലികളിൽ അവരെ ഉൾപ്പെടുത്തികൊണ്ട്, കുട്ടിയിൽ ഉത്തരവാദിത്ത ബോധം വളർത്തുക. സ്വന്തം സാധനങ്ങൾ ശ്രദ്ധിക്കാനും, വീട്ടിലെ ജോലികളിൽ സഹായിക്കാനും, സ്കൂളിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും അവരെ പഠിപ്പിക്കുക. ഇത് അവരെ കൂടുതൽ സ്വതന്ത്രരും സ്വയം പര്യാപ്തരുമാക്കാൻ സഹായിക്കും, അതോടൊപ്പം മറ്റുള്ളവരോടുള്ള ബഹുമാനവും വളർത്തും.

നല്ല കുട്ടികളായി വളർത്താൻ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്, വാക്കുകൾ നിറവേറ്റാനുള്ള കഴിവ്. ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യമായി പരിഗണിക്കാൻ ശ്രമിക്കുക. ആൺകുട്ടികൾക്ക് മാത്രം കാർ കളിപ്പാട്ടങ്ങൾ , പെൺകുട്ടികൾക്ക് പാചകപാത്രങ്ങൾ എന്നിങ്ങനെ വാങ്ങി കൊടുക്കരുത്. കുട്ടികൾക്ക് അവർ താൽപര്യപ്പെടുന്ന കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കുക. കുട്ടികളാണ് അടുത്ത തലമുറ, അവരെ നന്നായി വളർത്തിയാൽ അവർക്കും, കുടുംബത്തിനും, സമൂഹത്തിനും ഉത്തമമായിരിക്കും.

Leave a Comment