ഉള്ളുരുകുന്ന വീടുകൾ: കുടുംബ കടബാധ്യത എന്ന നിശബ്ദ കൊലയാളി

പുലർച്ചെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഉണർന്നപ്പോൾ, സുഹൃത്ത് വിളിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ, വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്തു. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ, അറിയില്ല കത്ത് പോക്കറ്റിൽ ഉണ്ട് പോലീസ് വന്നു പരിശോധിച്ചാൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.

ഉടനെ സംഭവ സ്ഥലത്ത് പോയി. തലേ ദിവസം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും മാറ്റി നിർത്തിയതിനു ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പോലീസ് വന്നു കത്ത് വായിച്ചു, അതിൽ പറയുന്നത് കടം താങ്ങാവുന്നതിന് അപ്പുറമാണ് ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഞങ്ങൾക്ക് ആർക്കും തന്നെ ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ കടം കൊടുത്ത ആളുകൾ ഓരോരുത്തരായി വരാൻ തുടങ്ങി. ചിലർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു, ചിലർ ദേഷ്യപ്പെട്ട് കടം ആര് വീട്ടും എന്നായി. എല്ലാവരും നിസ്സഹായരായി നിൽക്കുന്ന അവസ്ഥ.

കേരളത്തിലെ കടബാധ്യത: ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യം

ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കടബാധ്യത. ഇന്ത്യയെ പോലെ വലിയ ജനസംഖ്യ ഉള്ള രാജ്യത്ത്, ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതും കടബാധ്യതയാണ്. കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽ “കുടുംബ കടബാധ്യതയുള്ള” സംസ്ഥാനമാണ്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് കേരളത്തിന്റെ കുടുംബ കടബാധ്യത.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും, ആരോഗ്യത്തിലും, ജീവിതനിലവാരത്തിലും കേരളം ഇന്ത്യയിൽ ഒന്നാമതാണ്. എന്നാൽ ജീവിതരീതി മാറിയപ്പോൾ ജീവിത ചെലവുകൾ വർദ്ധിച്ചു. സാധനങ്ങൾക്കും സേവനങ്ങൾക്കും ഉയർന്ന തുക കൊടുക്കുന്നു. കരുതിയതിനേക്കാൾ ചെലവുകൾ വരുമ്പോൾ ലോൺ എടുക്കാൻ തുടങ്ങുന്നു. മറ്റൊരാൾ എന്ത് വാങ്ങുന്നുവോ അയാളെക്കാൾ കൂടിയത് വാങ്ങണം എന്ന വാശി കടക്കെണിയിലേക്ക് നയിക്കുന്നു.

നമ്മൾ സ്വയം നിർമ്മിക്കുന്ന കെണികൾ

മലയാളികളുടെ കൈയിലാണ് സ്വർണ്ണത്തിന്റെ മുഖ്യപങ്കും. അത്യാവശ്യങ്ങൾക്ക് സ്വർണ്ണം പണയപ്പെടുത്തിയാണ് പണം കണ്ടെത്തുന്നത്. എന്നാൽ പണയപ്പെടുത്തിയതിനു ശേഷം വായ്പ തിരിച്ചടക്കുന്നില്ല. മൊബൈൽ ഫോൺ മുതൽ കാർ വരെ ഇൻസ്റ്റാൾമെന്റിൽ എടുക്കുന്നു. വീട് വെയ്ക്കാനും, വിവാഹം നടത്താനും, പഠിക്കാനും ലോൺ. ഇതെല്ലാം അടക്കുന്നത് മിക്കവാറും ഒരാളായിരിക്കും. രണ്ടിൽ കൂടുതൽ ആളുകൾ ജോലിക്ക് പോയിട്ട് പോലും കടം നികത്താൻ കഴിയാത്ത അവസ്ഥയാണ്.

കടം പെരുകാനുള്ള പ്രധാന കാരണങ്ങൾ:

  1. വരുമാനത്തിന് അനുസരിച്ചു ജീവിക്കാൻ സാധിക്കാത്തത്.
  2. ഒരു കടം തീരുന്നതിനു മുൻപേ വേറെ വായ്പകൾ എടുക്കുന്നത്.
  3. പണമുള്ളവൻ ജീവിക്കുന്നത് പോലെ അനുകരിക്കാൻ ശ്രമിക്കുന്നത്.
  4. ആവശ്യമില്ലാത്ത സാധനങ്ങൾ ഓഫറുകൾ കണ്ട് വാങ്ങി കൂട്ടുന്നത്.
  5. ലക്ഷങ്ങൾ മുടക്കി വീട് വെച്ച് സമാധാനം നഷ്ടപ്പെടുത്തുന്നത്.
  6. ആഡംബര വിവാഹത്തിനായി വലിയ തുക കടം വാങ്ങുന്നത്.

പണം കൈകാര്യം ചെയ്യേണ്ട രീതി

ജീവിതത്തിൽ നമ്മൾ പഠിക്കാൻ ശ്രമിക്കാത്ത അല്ലെങ്കിൽ ആരും പറഞ്ഞു തരാത്ത വിഷയമാണ് പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നത്. അത് പഠിക്കാത്ത എല്ലാവരും സാമ്പത്തിക പ്രതിസന്ധി നേരിടും. മറ്റുള്ളവരെ കാണിക്കാൻ ചെലവഴിക്കുന്ന ഓരോ രൂപയും തിരിച്ചടക്കേണ്ട ബാധ്യത നമ്മുടേത് മാത്രമാണ്.

സാമ്പത്തിക ഭദ്രതയ്ക്കായി ശ്രദ്ധിക്കേണ്ടവ:

  • നിക്ഷേപം: പണം വെറുതെ സേവിങ്സ് ആയി ഇടുന്നതിനു പകരം ശരിയായ രീതിയിൽ ഇൻവെസ്റ്റ് ചെയ്യുക.
  • SIP (Systematic Investment Plan): നല്ലൊരു SIP പ്ലാൻ തിരഞ്ഞെടുത്ത് മാസം കൃത്യമായി തുക അടക്കുക.
  • മിതത്വം: അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടാതിരിക്കുക, പകരം ആവശ്യമുള്ളത് മാത്രം വാങ്ങുക.
  • സുരക്ഷിത നിക്ഷേപം: പണം പെട്ടെന്ന് ഇരട്ടിപ്പിക്കാൻ നോക്കാതെ ഗവണ്മെന്റ് അംഗീകരിച്ച ബാങ്കുകളിൽ നിക്ഷേപിക്കുക.
  • ജാഗ്രത: വിദേശ ജോലി വാഗ്ദാനങ്ങളിലും മറ്റും വീണ് അപരിചിതർക്ക് വലിയ തുകകൾ നൽകാതിരിക്കുക.

ഉപസംഹാരം

പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. സാമ്പത്തികമായി തകർന്നിരിക്കുമ്പോൾ സഹായിക്കാൻ ആരും കാണില്ല എന്ന സത്യം മനസ്സിലാക്കുക. എല്ലാ കാര്യവും എനിക്കറിയാം എന്ന ചിന്ത മാറ്റുക. പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് ഒരുപാട് പുസ്തകങ്ങൾ ഇന്ന് ലഭ്യമാണ്. നല്ല വിദഗ്ദ്ധർ പങ്കുവെയ്ക്കുന്ന പോഡ്‌കാസ്റ്റുകളും വീഡിയോകളും കണ്ട് സാമ്പത്തിക സാക്ഷരത നേടുക.

തിരിച്ചടക്കാൻ കഴിയാത്ത കടം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനുമാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് ആഡംബരത്തേക്കാൾ സമാധാനത്തിന് മുൻഗണന നൽകുക.

Subscription Form

Leave a Comment