ഒരു ചെറിയ തീപ്പൊരി മതി: അത്ഭുതമാകാനും ദുരന്തമാകാനും

ആമുഖം

“മനുഷ്യചിന്തകൾ സങ്കീർണ്ണമാണ്; എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ കാണാൻ കഴിയില്ല. എങ്കിലും ഭൂരിഭാഗം ആളുകളും ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെട്ട് അവർ സമാധാനം നശിപ്പിക്കുന്നു.

ഒരു വലിയ കപ്പലിനെ മുക്കാൻ ചെറിയൊരു ദ്വാരം മതിയാകും. അതുപോലെ തന്നെ, ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം തമാശയ്ക്ക് പുകവലിച്ചു തുടങ്ങിയ പലരും ഇന്ന് അതിന്റെ വലിയ അടിമകളാണ്. ഇതിന്റെ മറുപുറം ചിന്തിച്ചാൽ, ജീവിതത്തിൽ വരുത്തുന്ന ചെറിയ നല്ല മാറ്റങ്ങൾ ഒരാളെ വലിയ ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുമെന്നും കാണാം.

രണ്ട് വർഷം മുൻപാണ് ഞാൻ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയത്. നോവലുകളിൽ തുടങ്ങി, പിന്നീട് മോട്ടിവേഷൻ പുസ്തകങ്ങളിലേക്കും സയൻസിലേക്കും ആ താൽപ്പര്യം വളർന്നു. വായനയിലൂടെ ഞാൻ നേടിയ അറിവുകൾ എന്നിൽ മാത്രം ഒതുങ്ങരുത് എന്ന ആഗ്രഹമാണ് എന്നെ എഴുത്തിലേക്ക് എത്തിച്ചത്. നമുക്ക് ചുറ്റും ഉപദേശങ്ങൾക്കും മോട്ടിവേഷനും കുറവില്ല, പക്ഷേ അവ കേട്ടതുകൊണ്ട് മാത്രം മാറ്റമുണ്ടാകുമോ? ഇല്ല. ഒരു നല്ല കാര്യത്തിന് സ്വയം തുടക്കമിടുകയും, അതിനുശേഷം പ്രചോദനം (Motivation) ഉൾക്കൊള്ളുകയും ചെയ്താൽ വിജയം ഉറപ്പാണ്.”

തീപ്പൊരി

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരസ്പരം  പറഞ്ഞു തീർക്കുവാൻ സാധിക്കാതെ വന്നപ്പോൾ, ദമ്പതികൾ ഒരു മാര്യേജ് കൗൺസിലറെ കാണാൻ തീരുമാനിച്ചു, അതും കുടുംബക്കാരുടെ  നിർബന്ധത്തിന് വഴങ്ങി. കൗൺസിലർ രണ്ട് പേരെയും ഒരുമിച്ചിരുത്തി അവരുടെ പ്രശ്നങ്ങളെ  മനസ്സിലാക്കാൻ ശ്രമിച്ചു.  എന്നാൽ തമ്മിൽ കുറ്റം പറയുന്നതല്ലാതെ എന്താണ് യഥാർത്ഥ പ്രശ്‌നമെന്നോ,  എന്തിനാണ് അവർ വഴക്കുണ്ടാക്കുന്നതെന്നോ കൗൺസിലർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.  കൗൺസിലർക്കുള്ള അനുഭവം വെച്ച് ഒരു കാര്യം മനസ്സിലായി, ഇവർക്കിടയിലുള്ളത് ഒരു ചെറിയ പരിഭവമാണെന്നും അത് പരസ്പരം പറഞ്ഞു  വലുതാക്കിയതാണെന്നും.  അത് എന്താണെന്ന് മനസ്സിലാക്കാൻ, വ്യത്യസ്ത ദിവസങ്ങളിൽ രണ്ടുപേരോടും വരാൻ ആവശ്യപ്പെട്ടു. 

രണ്ട് പേരും കൗൺസിലർ പറഞ്ഞ ദിവസങ്ങളിൽ ഒറ്റയ്ക്ക് വന്ന്  അവരവരുടെ ഭാഗവും അവർ നേരിട്ട പ്രശ്നങ്ങളും പങ്കുവെച്ചു. ആദ്യം ഭാര്യയെയും രണ്ടാമത്  ഭർത്താവിനെയും വിളിച്ചു വരുത്തി സംസാരിച്ചു തീർന്നപ്പോഴാണ് എത്ര മാത്രം  ചെറിയ  കാര്യമാണെന്നും  എങ്ങനെ അത് വലുതായൊന്നും മനസ്സിലാക്കിയത്. കുടുംബ ജീവിതത്തിൽ പരിഭവങ്ങളും, പരാതികളും എല്ലാ ദമ്പതിമാർക്കും ഉണ്ടാകുന്നതാണ്. എന്നാൽ ഭാര്യക്ക്  ഒരല്പം കൂടുതലാണ്, ചില സ്ത്രീകൾക്കും  പുരുഷന്മാർക്കും അത് വളരെ കൂടുതലാണ്. ഇവിടെ പ്രശ്നം ആരംഭിക്കുന്നത് വായ് നാറ്റം കൊണ്ടാണ്, സാധാരണ ആരെങ്കിലും  കേട്ടാൽ വിശ്വസിക്കുമോ എന്നറിയില്ല, അഥവാ ശരിയാണെങ്കിൽ ഇതൊക്കെ  വലിയ കാര്യമാക്കി എടുക്കേണ്ട ആവശ്യമുണ്ടോ ? മനുഷ്യരെല്ലാവരും വ്യത്യസ്തരാണ് അവരുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, സ്വഭാവവും.  വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം  ഭാര്യ ഇക്കാര്യം ഭർത്താവിനോട് പറയാൻ തീരുമാനിച്ചതാണ്, പക്ഷെ അദ്ദേഹത്തെ വിഷമിപ്പിക്കണ്ട എന്ന് കരുതി പറഞ്ഞില്ല. പക്ഷെ പതിയെ പതിയെ ഇക്കാര്യം വലിയൊരു  ബുദ്ധിമുട്ടായി മാറി.

മാസങ്ങൾക്ക് പിന്നിട്ടു, സഹിക്കാൻ പറ്റുന്നതിലും പരിധി കഴിഞ്ഞപ്പോൾ ഭാര്യ ഇക്കാര്യം ഭർത്താവിനോട് തുറന്നു പറഞ്ഞു.  അയാളുടെ തിരിച്ചുള്ള പ്രതികരണം, ഇത്രനാളും ഒരുമിച്ച്  ജീവിച്ചിട്ട് പറയാത്ത പ്രശ്നം ഇപ്പോൾ പെട്ടെന്ന്  എവിടെ  നിന്ന് വന്നു. നിനക്ക് എന്നെ വേണ്ടെങ്കിൽ പോകാം ഞാൻ തടയില്ല, ആരുടെ കൂടെ വേണമെങ്കിലും നിനക്ക് ജീവിക്കാം. ഇത് കേട്ടപ്പോൾ ഭാര്യ ഞെട്ടി, അദ്ദേഹം കടന്ന് ചിന്തിക്കുമെന്ന് വിചാരിച്ചില്ല. അവൾ  പിന്നെ ഇക്കാര്യം അയാളോട് സംസാരിച്ചില്ല. എന്നാൽ ഭാര്യയുടെ മനസ്സിൽ  ഇക്കാര്യം പതിയെ ദേഷ്യമായി മാറി, കുറെ നാളുകൾക്ക് ശേഷം ദേഷ്യം പല ഭാവത്തിൽ പുറത്ത് വന്ന്  തുടങ്ങി. എല്ലാ കാര്യത്തിനും  കുറ്റം കണ്ടു  പിടിക്കാനും,  തർക്കിക്കാനും  ആരംഭിച്ചു. ആദ്യം അയാൾ  ഒന്നും മിണ്ടിയില്ലെങ്കിലും പിന്നീടങ്ങോട്ട് അയാളും വിട്ടുകൊടുക്കാൻ തയ്യാറായില്ല.  അതങ്ങോട്ട് വലിയ കുടുംബ  പ്രശ്നമായി  മാറി, സ്ഥിരം വഴക്കായി കയ്യാങ്കളി വരെ  എത്തിയപ്പോൾ വീട്ടുകാർ  കൗൺസിലർ അടുത്ത് പറഞ്ഞയച്ചു. നോക്കൂ, ഒരു ചെറിയ കാര്യം അത് എത്രമാത്രം വലുതായി അല്ലെങ്കിൽ വലുതാക്കി. വായ്നാറ്റം പരിഹരിക്കാൻ സാധിക്കും. ആദ്യമേ പരസ്പരം കാര്യങ്ങൾ സംസാരിച്ചു, നല്ലൊരു ഡെന്റിസ്റ്റിനെ കാണിച്ചിരുന്നെങ്കിൽ തീരാവുന്ന കാര്യമേ  ഉള്ളു.  ഇപ്പോൾ എവിടെ എത്തി  നിൽക്കുന്നു, ചെറിയ കാര്യം പറഞ്ഞു  വലുതാക്കി. 

 പ്രചോദനം

പഠിക്കാൻ ഒട്ടും താൽപര്യം ഇല്ലാത്ത ഒരാൾ കൂട്ട്കാരുടെ  കൂടെ  ഓടിയും ചാടിയും കളിച്ചു നടന്നപ്പോൾ, കൂടെയുണ്ടായിരുന്ന  എല്ലാവരും നല്ല രീതിയിൽ പഠിച്ചും,  കഷ്ടപെട്ടും വിവിധ തലത്തിൽ എത്തി. പിന്നീട് ജീവിതത്തിൽ  കൂടെ നടന്ന കൂട്ടുകാർ ആരും തന്നെ ഉണ്ടായില്ല. ജീവിക്കാനായി  അയാളൊരു  ഓട്ടോ കൂലിക്ക് ഓടിക്കാൻ തുടങ്ങി. ഒരിക്കൽ ഒരു യാത്രയിൽ യാത്രക്കാരൻ തൊഴിൽ  വാർത്ത പത്രം  ഓട്ടോയിൽ നിന്നും എടുക്കാൻ മറന്നു. അയാൾ  അതെടുത്തു സൂക്ഷിച്ചു യാത്രക്കാരനെ കാണുമ്പോൾ തിരിച്ചു കൊടുക്കാൻ. യാത്രക്കാർ ഇല്ലാത്ത നേരങ്ങളിൽ അതെടുത്തു വായിക്കാൻ തുടങ്ങി,    വായിച്ചപ്പോൾ  ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീടങ്ങോട്ട് വളരെ നാൾ എടുത്തു വായിച്ചു തീർത്തു. യാത്രക്കാർ  ഇല്ലാത്ത  സമയത്ത് വീണ്ടും  വായിക്കാൻ ആഗ്രഹം തോന്നി, ഒരു  തൊഴിൽ  വാർത്ത വാങ്ങാൻ തീരുമാനിച്ചു.  പുസ്തകകടയിൽ  ചെന്നപ്പോൾ അവിടെ ഒരുപാട് പുസ്തകങ്ങൾ ഏത് വാങ്ങണമെന്നറിയില്ല. കൂടുതൽ ചോദിക്കാതെ ഒരു  ഗൈഡ് വാങ്ങി വായിച്ചു  തുടങ്ങി കൂടുതൽ  താല്പര്യം തുടങ്ങി. സ്ഥിരം ഓട്ടം ഓടുന്ന ഒരു  അധ്യാപകനോട് ചോദിച്ചു കാര്യങ്ങൾ കൂടുതൽ  മനസ്സിലാക്കി, അദ്ദേഹം വൈകുനേരം മത്സരപരീക്ഷ  ക്ലാസിനു പോകാൻ ആവശ്യപ്പെട്ടു. അതനുസരിച്ച്  ഓട്ടോക്കാരൻ ക്ലാസ്സിൽ പ്രവേശനം നേടി. 

ഒന്ന് രണ്ട് എക്സാം എഴുതി  നിരാശയായി ഫലം. ഒരു വർഷം ക്ലാസിനു പോയി, പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രാത്രിയാകും വരാൻ, അങ്ങനെ  പഠനം നിർത്തി വായന തുടർന്നുകൊണ്ടിരുന്നു.  സ്ഥാപനം നടത്തുന്ന അധ്യാപകൻ  ഓട്ടോക്കാരനോട് പറഞ്ഞു, ക്ലാസ്സിന് വരാൻ കഴിയാത്തവർക്ക് വേണ്ടി രാത്രി ക്ലാസ് ക്രമീകരിക്കാൻ പോകുന്നു. നിങ്ങൾക്ക് നല്ല  അടിസ്ഥാനം ഉണ്ട്, അതുകൊണ്ട് പഠനം നിർത്തരുത് ജോലി  ലഭിക്കുന്നത് വരെ അല്ല അപ്പോയിന്മെന്റ്  ലെറ്റർ കൈയിൽ കിട്ടുന്നത് വരെ പഠിക്കുക.  അധ്യാപകൻ പറഞ്ഞ പ്രകാരം  പഠിക്കാൻ രാത്രി പോയി, ഒഴിവ് സമയത്തും പഠിക്കാൻ  പോയി. അങ്ങനെ നീണ്ട  2 വർഷങ്ങൾ കഴിഞ്ഞപ്പോൾ  ആദ്യമായി ഒരു ലിസ്റ്റിൽ ഇടം നേടി. വളരെ സന്തോഷം തോന്നി കൂടാതെ ധൈര്യവും, എനിക്കും സാധിക്കും എന്ന്  മനസ്സിലാക്കി പഠിച്ചു കൊണ്ടിരിന്നു. നീണ്ട 3 വർഷത്തെ  കാത്തിരിപ്പിന് ശേഷം അയാൾക്ക്‌ ഒരു ഗവണ്മെന്റ് ജോലി ലഭിച്ചു. പിന്നീട് വന്ന മിക്ക ലിസ്റ്റുകളിലും ആദ്യത്തെ 100  പേരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ  ഓട്ടോക്കാരനായിരുന്നു. ഒരു അനുമോദന ഫോട്ടോ കുറിപ്പ്  പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും അതിശയിച്ചു. പണ്ട്  കൂടെ ഉണ്ടായിരുന്നവരും, ബന്ധുക്കളും, പുറം നാടുകളിൽ ജോലി ചെയ്യുന്നവരും നമ്പർ തരപ്പെടുത്തി ഫോൺ ചെയ്തു. ഓട്ടോക്കാരൻ ഒരു  സർക്കാർ ഉദ്യോഗസ്ഥനായി പല സർക്കാർ സ്ഥാപനങ്ങളിലും മാറി  മാറി ജോലിചെയ്തു. ഒരു ചെറിയ തൊഴിൽ  വാർത്തയിൽ  നിന്നും തുടങ്ങിയതാണ്, കാലങ്ങൾ പലത് കഴിഞ്ഞപ്പോൾ  ഒരു സർക്കാർ ജീവനക്കാരനായി, അതും നിർത്താതെ പഠനം തുടങ്ങിയതുകൊണ്ട്  മാത്രം.

ഉപസംഹാരം

ചെറിയ കാര്യങ്ങൾ  ജീവിതത്തിൽ നല്ലത് വരുത്താനും,  ജീവിതം നശിപ്പിക്കാനും സാധിക്കും. ഓരോ കാര്യവും ചിന്തിച്ചു പ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജീവിതം എന്നാൽ അതിജീവനമാണ്, ഏത് സാഹചര്യത്തെയും നേരിടുക. ജീവിതം ഒന്നേ ഉള്ളു,  അതുപോലെ തന്നെ തീരുമാനങ്ങളും. ജീവിതം എങ്ങനെ  മുന്നോട്ട് പോകണം എന്നത് നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

ഒരാളോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഒരിക്കലും വൈകിപ്പിക്കരുത്, വൈകിയാൽ തെറ്റിദ്ധാരണ ഉണ്ടാകും. സമയം ആർക്കും വേണ്ടി നിൽക്കില്ല, ഒന്നും നമ്മുടെ അടുത്തേക്ക് വരില്ല, ആരും ഒന്നും പറഞ്ഞും തരില്ല, കണ്ടെത്തേണ്ട ഉത്തരവാദിത്തം നമ്മുടെ മാത്രമാണ്.

Disclaimer: This is a work of fiction. Names, characters, businesses, places, events, and incidents are either the products of the author’s imagination or used in a fictitious manner. Any resemblance to actual persons, living or dead, or actual events is purely coincidental

Leave a Comment