ദാമ്പത്യത്തിലെ വിള്ളലുകളും അവിഹിത ബന്ധങ്ങളും: ഒരു സാമൂഹിക വിശകലനം

വിവാഹത്തിന്റെ പരിണാമവും വിവാഹേതര ബന്ധങ്ങളുടെ യാഥാർത്ഥ്യവും

ചരിത്രപരമായി വിവാഹം സ്വത്ത് കൈമാറ്റത്തിനും, സഖ്യങ്ങൾ ഉണ്ടാക്കാനും, അനന്തരാവകാശം ഉറപ്പു വരുത്താനുമായിരുന്നു. പിന്നീട് മതങ്ങൾ വിവാഹത്തെ സംയോജിപ്പിക്കുകയും സഹവർത്തിക്കുകയും ചെയ്തു. വിവാഹ സമ്പ്രദായത്തിന് ഏകദേശം 5000 വർഷത്തിലേറെ പഴക്കമുണ്ട്. ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട വിവാഹം നടന്നത് ബിസി 2350 ൽ മെസൊപ്പൊട്ടേമിയയിലാണ്.

മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതൽക്കെ വിവാഹേതര ബന്ധങ്ങളും നിലവിലുണ്ട്. അവിഹിത ബന്ധങ്ങളെ തടയുന്നതിന് വേണ്ടി പണ്ട് കാലം മുതൽക്കേ നിയമങ്ങൾ നിലവിലുണ്ടായിരുന്നു. രണ്ട് വ്യക്തികൾ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം എന്ന ഉടമ്പടിയിൽ ഒപ്പ് വെച്ചാൽ വേറെ ഒരാൾക്കും അവിടെ സ്ഥാനമില്ല, മനസ്സ് കൊണ്ടും ശരീരം കൊണ്ടും. വ്യക്തികൾ തമ്മിൽ വിവാഹബന്ധം വേർപെടുന്നത് വരെ വേറൊരു ബന്ധം നിയമപരമായും, ധാർമികപരമായും തെറ്റ് തന്നെയാണ്. ആധുനിക സമൂഹത്തിൽ ഇതൊക്കെ തെറ്റല്ല എന്ന ധാരണ നിലനിൽക്കുന്നതും, ഇതിനെതിരായി സമൂഹം ശക്തമായി പ്രതികരിക്കാത്തതും അവിഹിത ബന്ധങ്ങൾ വളരാൻ കാരണമാണ്.

വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയതിനു ശേഷം സ്ത്രീകളുടെ ശ്രദ്ധ കൂടുതൽ കുട്ടികളിലേക്ക് തിരിയുന്ന സാഹചര്യം ചൂഷണം ചെയ്തുകൊണ്ടാണ് പല പുരുഷന്മാരും വിവാഹേതര ബന്ധത്തിലേക്ക് കടക്കുന്നത്. സ്ത്രീകൾ പൊതുവെ കുട്ടികളെ വളർത്തുന്നതിനിടയിൽ ഭർത്താവുമായി മാനസികമായി അകൽച്ച സംഭവിക്കുന്നു. രണ്ട് പേരും പരസ്പരം കാര്യങ്ങൾ പങ്കിടാതെ ജീവിതം മുന്നോട്ട് പോകുമ്പോൾ, മൂന്നാമതൊരു വ്യക്തി ആരുടെയെങ്കിലും ജീവിതത്തിൽ കടന്ന് വരുന്നു.

പുരുഷന്മാർ പൊതുവെ വളരെ വേഗത്തിൽ, കാഴ്ചയിൽ, ഹോർമോണിന്റെ പിൻബലത്തോടെ സ്ത്രീകളിൽ ആകൃഷ്ടനാകുന്നു. സ്ത്രീകൾ സാവധാനത്തിൽ തിരഞ്ഞെടുക്കുന്നവരാണ്, വൈകാരികമായി ചിന്തിച്ചു, സന്ദർഭത്തിനു അനുസരിച്ചു തീരുമാനമെടുക്കുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കൂടുതലും സ്ത്രീകളാണ് വഞ്ചിക്കുന്നവർ, സത്യാവസ്ഥ എന്നാൽ കൃത്യമായ ഒരു കണക്കും ഇല്ല. പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ചു ഒരല്പം കൂടുതലാണ് വഞ്ചനയിൽ.

99 ശതമാനം വിവാഹേതര ബന്ധങ്ങളും നിലനിൽക്കാറില്ല. വിവാഹേതര ബന്ധങ്ങൾ ആദ്യം മധുരിക്കും, പിന്നെ കയ്ക്കും, അടുത്തായി തുപ്പിക്കളയാൻ ശ്രമിക്കും. സ്ത്രീകളുടെ ഏകാന്തതയും, ജീവിത പ്രശ്നങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് പലരും കടന്നു വരുന്നത്. ഫോണിന്റെ വരവ് വ്യക്തികൾക്ക് അവർക്ക് യോജിച്ച ആളുകളെ കണ്ടെത്താനും, സംസാരിക്കാനും, ബന്ധം സ്ഥാപിക്കാനും കൂടുതൽ എളുപ്പമാക്കി. ഒരു കാലത്ത് സൗഹൃദം പതിയെ അവിഹിതമായി മാറിയിരുന്നെങ്കിൽ, ഇപ്പോൾ ഡേറ്റിംഗ് ആപ് വഴിയും അല്ലാതെയും വ്യക്തികളെ തിരഞ്ഞെടുക്കുകയാണ്. കൂടുതലും പുരുഷന്മാരാണ് ബന്ധങ്ങൾ തേടി പോകുന്നത്, സ്ത്രീകൾ സാഹചര്യങ്ങൾക്ക് അനുസരിച്ചു തീരുമാനമെടുക്കും.

നിയമപരമായ വീക്ഷണം

വിവാഹേതര ബന്ധങ്ങൾക്ക് എതിരെ എല്ലാ രാജ്യങ്ങളിലും നിയമവും, ശിക്ഷയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഭൂരിഭാഗം രാജ്യങ്ങളും നിയമങ്ങൾ റദ്ദ് ചെയ്തു. ചില രാജ്യങ്ങളിൽ നിയമം ഇപ്പോഴും ശക്തമായി പിന്തുടരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 497 പ്രകാരം കുറ്റകരമായിരുന്നു. മലയാളിയായ ജോസഫ് ഷൈൻ, ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം, 1862 ലെ ഐപിസി സെക്ഷൻ 497 ന്റെയും ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) സെക്ഷൻ 198(2) ന്റെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു.

മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുന്നതിലൂടെ ഐപിസി സെക്ഷൻ 497 വ്യഭിചാരത്തെ കുറ്റകരമാക്കി. പ്രധാനമായി, സ്ത്രീകളെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിവാഹിതനായ പുരുഷൻ അവിവാഹിതയായ സ്ത്രീയുമായി ബന്ധത്തിലായിരിക്കുമ്പോൾ ഈ വകുപ്പ് ബാധകമല്ലായിരുന്നു. വ്യഭിചാരത്തിന് ഭർത്താവിന് മാത്രമേ പരാതി നൽകാൻ കഴിയൂ എന്ന് സിആർപിസി സെക്ഷൻ 198(2) വ്യവസ്ഥ ചെയ്തു. ഐപിസി സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്ന് 2018 ൽ സുപ്രീം കോടതി ഏകകണ്ഠമായി വിധിച്ചു.

പക്ഷേ വിവാഹേതര ബന്ധങ്ങൾ കണ്ടുപിടിക്കപെട്ടാൽ വിവാഹമോചനത്തിന് കോടതിയെ സമീപിക്കാവുന്നതാണ്. വിവാഹേതര ബന്ധങ്ങൾ നാല് കുടുംബങ്ങളുടെ ഭാവി മാത്രമല്ല കുട്ടികളുടെ ജീവിതം തുലാസിലാക്കുകയാണ്. വിവാഹ മോചന കേസ് കോടതിയിൽ എത്തുന്നതിലൂടെ കുട്ടികളുടെ സംരക്ഷണാധികാരം ചോദ്യം ചെയ്യപ്പെടുന്നു, ജീവനാംശം ആവശ്യപ്പെടുന്നു. വിവാഹമോചനം വിവാഹേതര ബന്ധത്തിന്റെ പേരിൽ ആണെങ്കിൽ സ്ത്രീയ്ക്ക് ജീവനാംശം ഒരിക്കലും ലഭിക്കില്ല. വിവാഹേതര ബന്ധം സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നത് മാത്രമല്ല ജോലി,വ്യക്തി ബന്ധങ്ങൾ, സമാധാനം എല്ലാം നഷ്‍ടമാക്കും.

സാങ്കേതികവിദ്യയുടെ പങ്കും മാറുന്ന ജീവിതശൈലികളും

നാൾക്കു നാൾ വിവാഹേതര ബന്ധത്തിന്റെ പേരിലുള്ള വിവാഹ മോചന കേസുകൾ കൂടുകയാണ്. കൂടാതെ കൗണ്സിലിംഗ് പോകുന്ന ആളുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതല്ലാതെ കോടതിയിലും, കൗണ്സിലിംഗിനും പോകാതെ പിരിഞ്ഞു ജീവിക്കുന്ന ദമ്പതിമാരും ഒരുപാടുണ്ട്. കുടുബ ജീവിതത്തിലെ താളപ്പിഴകൾക്ക് ആഘാതം അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്. ചെറു പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് നേരിടേണ്ടി വരുന്ന ആഘാതങ്ങൾ ജീവിതകാലം മുഴുവൻ അവരെ വേട്ടയാടും. കുറച്ചു വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിക്കാത്തവരായിരുന്നു ഒളിച്ചോട്ടത്തിൽ മുൻപന്തിയിൽ എങ്കിൽ, ഇപ്പോൾ വിവാഹം കഴിഞ്ഞ സ്ത്രീകളാണ്. പ്രായത്തിൽ കുറഞ്ഞ ചെറുപ്പക്കാരോടൊപ്പം ഒളിച്ചോടുന്ന സ്ത്രീകളും കുറവല്ല. അതുപോലെ തന്നെ അവിഹിത ബന്ധം പുലർത്തുന്നവർ ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് തിരിച്ചറിവ് കൊണ്ട് വീട്ടുകാരെയും സമൂഹത്തെയും പേടിച്ചു ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.

മൊബൈൽ ഫോൺ ജനപ്രിയമായതിന് ശേഷമാണ് വിവാഹേതര ബന്ധങ്ങളുടെ ഗ്രാഫ് ഉയർന്നത്. ആധുനിക സമൂഹത്തിൽ പുരുഷന്മാരെ പോലെ സ്ത്രീകളും സ്വന്തം കാലിൽ നില്ക്കാൻ ആരംഭിച്ചതും, അവരവരുടെ ആഗ്രഹങ്ങൾക്ക് മാത്രമല്ല അത്യാഗ്രഹങ്ങൾക്കും മുൻഗണന നൽകിയതും, സ്വകാര്യതയും ഒരു കാരണമാണ്. സ്മാർട്ട് ഫോണുകളും, സോഷ്യൽ മീഡിയയും, ഡേറ്റിംഗ് ആപ്പുകളുടെ വരവോടെ പുതിയ കൂട്ടുകാരെ തിരയുകയാണ്. ജോലി സ്ഥലത്തെ വിവാഹേതര ബന്ധങ്ങളും വർധിക്കുകയാണ് അതിനു കാരണം തൊഴിൽ സംസ്കാരമാണ്. സഹപ്രവർത്തകരുമായി ഗണ്യമായ സമയം ചെലവഴിക്കുന്നു, ദിവസേനയുള്ള പ്രശ്നങ്ങളും വിജയങ്ങളും പങ്കിടുന്നത്, ശക്തമായ വൈകാരിക ബന്ധങ്ങളും അടുപ്പവും സൃഷ്ടിക്കുന്നു. പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ല അല്ലെങ്കിൽ അവഗണിക്കുന്നു എന്ന തോന്നലോ അതുമല്ലെങ്കിൽ വേറൊരാളെ അറിയുവാനുള്ള ആഗ്രഹത്തിൽ നിന്നുമാണ് അവിഹിത ബന്ധങ്ങൾ തുടങ്ങാനുള്ള കാരണങ്ങൾ. സ്ത്രീകൾക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിൽ പുരുഷന്മാർക്ക് കാരണങ്ങൾ വേണമെന്നില്ല.

വിവാഹേതര ബന്ധങ്ങൾ തുടങ്ങാനുള്ള കാരണങ്ങൾ

  1. വ്യക്തിപരമായ തിരഞ്ഞെടുപ്പ്
  2. ആശയവിനിമയത്തിന്റെ കുറവ്
  3. ശാരീരികമോ വൈകാരികമോ ആയ ആവശ്യങ്ങൾ നിറവേറ്റാത്തത്
  4. അഹങ്കാരവും വിരസതയും
  5. അവസരവും അടുപ്പവും
  6. സാംസ്കാരികവും സാമൂഹികവുമായ ഘടകങ്ങൾ
  7. പ്രതികാരം അല്ലെങ്കിൽ കോപം
  8. മോശം പരിഹാര കഴിവുകൾ

എങ്ങനെ ഒഴിവാക്കാം

  1. സത്യസന്ധമായ ആശയവിനിമയം
  2. വൈകാരിക ബുദ്ധി
  3. പരസ്പര ബഹുമാനം
  4. കൗൺസിലിങ്
  5. നമ്മുടെ നിയന്ത്രണത്തിൽ ഒന്നുമില്ല എന്ന തിരിച്ചറിവ്
  6. അതിരുകൾ നിശ്ചയിക്കുക

ഉപസംഹാരം

ചെറിയ അല്ലെങ്കിൽ താല്കാലിയ സന്തോഷങ്ങൾക്ക് പുറകെ പോകുമ്പോൾ ഓർക്കുക നഷ്ട്ടപ്പെടാൻ ഒരുപാട് ഉള്ളവരാണ്, പിന്നീട് ജീവിതം ഒരിക്കലും പഴയത് പോലെ ആവുകയില്ല. മനസ്സിന് മുറിവേറ്റാൽ ജീവിതകാലം മുഴുവൻ ഒരു വേദനയായി അവശേഷിക്കും. വിവാഹം കഴിഞ്ഞ നിങ്ങളെ തേടി വരുന്ന പ്രണയങ്ങൾ ഒന്ന് പോലും യഥാർഥ പ്രണയം ആവണമെന്നില്ല. ഒരേ സമയം രണ്ടു പേരെ ഒരിക്കലും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല. നിങ്ങളുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും പങ്കാളിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.

നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയിൽ താൽപര്യമില്ലെങ്കിൽ, നിങ്ങൾ ആഗ്രഹിച്ച ജീവിതമല്ല ലഭിച്ചതെങ്കിൽ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല, ഒരു മാര്യേജ് കൗൺസിലറുടെ ഉപദേശം തേടുക എന്നിട്ടും ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ ബന്ധം വേർപെടുത്തുക. ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കട്ടെ ജീവിതം ഒന്നേ ഉള്ളു, ഒരാളുടെ മാത്രം ആഗ്രഹങ്ങൾക്ക് അനുസരിച്ചു ജീവിതം മുന്നോട്ട് പോകാൻ കഴിയില്ല. ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യുന്നതിനും പരിധി ഉണ്ട്, പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ ജീവിതം മനോഹരമായിരിക്കും. മനുഷ്യന്റെ ഏറ്റവും നല്ല ഗുണമേന്മ കുറ്റം പറയാതിരിക്കുക എന്നതാണ്.

Leave a Comment