മഹത്തായ വിവാഹ ചർച്ച: ആധുനിക സ്ത്രീകൾ എന്തുകൊണ്ട് ‘വേണ്ട’ എന്ന് പറയുന്നു

എന്തുകൊണ്ട് ഇപ്പോഴത്തെ സ്ത്രീകൾ, പെൺകുട്ടികൾ വിവാഹത്തിനു  മടിക്കുന്നു. വീട്ടുകാരും ബന്ധുക്കളും എത്ര നിർബന്ധിച്ചിട്ടും വിവാഹത്തിന് തയ്യാറാവുന്നില്ല. പലർക്കും ഉള്ള സംശയമാണ് ഫെമിനിസ്റ്റുകൾ  ആയതുകൊണ്ടാണോ? സ്വന്തമായി വരുമാനം  ഉണ്ടാക്കുന്നതുകൊണ്ടാണോ? അവർക്ക് പുരുഷന്മാരുടെ  സഹായം  ആവശ്യമില്ലെ? ഉത്തരവാദിത്തം സമൂഹത്തിന് തന്നെയാണ്, ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ കാരണമാണ്.

സാമൂഹിക യാഥാർത്ഥ്യത്തിന്റെ നിഴൽ

എത്രയോ ഉദാഹരണങ്ങൾ ദിവസേന പത്രത്തിലൂടെ,  ന്യൂസിലൂടെ, സോഷ്യൽ മീഡിയയിലൂടെ കാണുന്നു, കേൾക്കുന്നു. സ്ത്രീധന പീഢനമായി ബന്ധപ്പെട്ട എത്രയെത്ര കാര്യങ്ങൾ നടക്കുന്നു. കുറച്ചധികം ആളുകൾ ചിന്തിക്കുന്നത് പുതിയ തലമുറയിലെ പെൺകുട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന്. മുൻപ് ഇതെന്നും ഇല്ലല്ലോ, ഞങ്ങൾ ആരും ഇതൊന്നും കേട്ടിട്ടില്ലല്ലോ, ഞങ്ങളുടെ കുടുബത്തിലെ സ്ത്രീകൾക്ക്  ഇങ്ങനെ ഒരു പ്രശ്നവും ഇല്ല. ഇങ്ങനെ  ചിന്തിക്കുന്നവരോട് എല്ലാകാലത്തും  ഏതു രാജ്യത്തും സ്ത്രീകൾ പ്രശ്നങ്ങൾ  അഭിമുഖീകരിച്ചിട്ടെ ഉള്ളു. അവർ പലവിധ  കാരണങ്ങളാൽ  പുറത്തു പറയുന്നില്ല.

ഇപ്പോഴത്തെ പെൺകുട്ടികൾ പ്രശ്നങ്ങൾ മാതാപിതാക്കളോടും മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു. പൊതുവായി വീട്ടുകാർ  പറയും നീ  ഭൂമിയോളം ക്ഷമിക്ക് കുറച്ച്‌ കാലം കഴിഞ്ഞു എല്ലാം ശരിയാകും. ശരിയാകുമോ എല്ലാം ശീലമാകുന്നു. ഒരുപാട് പെൺകുട്ടികൾ വിവാഹം കഴിഞ്ഞതിനുശേഷം ആത്മഹത്യ ചെയ്യുന്നു. നല്ലൊരു ശതമാനം നിവർത്തിയില്ലാതെ സഹിച്ചു  മുന്നോട്ടു പോകുന്നു. കുറച്ചു പേർ മാറി താമസിക്കുന്നു. സ്ത്രീകൾ  മിക്കവാറും മക്കളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്.  സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡിങ് ആണ്, വിവാഹം കഴിച്ച  സ്ത്രീകളോട് ചോദിക്കുന്ന ചോദ്യമാണ്, വിവാഹം  കഴിക്കുന്നതാണോ,  കഴിക്കാതിരിക്കുന്നതാണോ നല്ലത് ? ഭൂരിഭാഗം  പേരുടെയും അഭിപ്രായം,  കല്യാണം കഴിക്കരുത്. അത് അവരുടെ  അനുഭവമാണ്.

അമ്മയുടെ ദുരവസ്ഥ കണ്ടാണ് പല പെൺകുട്ടികളും വളരുന്നത്, ഇതു കണ്ടു വളരുന്ന പെൺകുട്ടികൾ വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്തതിൽ  അത്ഭുതപ്പെടേണ്ട  കാര്യമില്ല.  കേരളത്തിൽ  വിവാഹനിരക്കുകൾ കുത്തനെ താഴ്ന്നുകൊണ്ടിരിക്കുന്നു. 2016 മുതൽ  വിവാഹമോചന അപേക്ഷകൾ  40%  വർദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം,  തൊഴിൽശ്രദ്ധ, സാമ്പത്തിക സ്വാതന്ത്ര്യം, പാരമ്പര്യമായ സാമൂഹ്യഘടനയിലെ മാറ്റങ്ങൾ,മറ്റുള്ളവരുടെ അനുഭവങ്ങൾ ഇവയെല്ലാം മാറി ചിന്തിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

കേരളത്തിലെ സാംസ്കാരിക മാറ്റം

പെൺകുട്ടികളുടെ ജീവിതലക്ഷ്യങ്ങൾ പൂർണ്ണമായും മാറിയിരിക്കുന്നു.  കേരളം എന്നും സ്ത്രീകളുടെ  നിലനിൽപ്പിന് വേണ്ടി നിന്ന ചരിത്രമാണ്  ഉള്ളത്. പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു  സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ.  അതുകൊണ്ട് തന്നെയാണ് കേരളം സ്ത്രീകളുടെ  വിദ്യാഭ്യാസത്തിൽ  മുന്നിൽ നിൽക്കുന്നത്. കേരളത്തിൽ സ്ത്രീ സാക്ഷരതാ നിരക്ക് 92%  ആണ്, 2011 കണക്കനുസരിച്ച്. പുതിയ  സെൻസസ് എടുക്കുമ്പോൾ 92% എന്നത് ഉയരും. 

വിദ്യാഭ്യാസം, സ്വാതന്ത്ര്യം, പുതിയ ലക്ഷ്യങ്ങൾ

പെൺകുട്ടികൾ വിദ്യാഭാസം നേടിയപ്പോൾ പുരുഷന്മാർ ചെയ്യുന്ന  എല്ലാ ജോലികളും പെൺകുട്ടികളും ചെയ്യാൻ തുടങ്ങി.  പെൺകുട്ടികളുടെ  ജീവിത രീതികളും, ചിന്തകളും മാറി. അവർ ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങി,  ബിസിനസ്സ് ചെയ്യുന്നു, കൂടുതൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങി. മറ്റ് സാഹചര്യങ്ങളെ  കാണുമ്പോൾ ഒറ്റക്ക് ജീവിക്കാൻ  തീരുമാനമെടുക്കുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ  കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ  അപേക്ഷിച്ചു  മുന്നിലാണ്. അങ്ങനെയുള്ളപ്പോൾ ഒറ്റക്ക്  ജീവിക്കാൻ വേറെ  ബുദ്ധിമുട്ടില്ല, പിന്നെ വേറെ കൂട്ട് എന്തിന് ?

മടിക്ക് പിന്നിലെ കണക്ക്

2018 മുതൽ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ സ്ത്രീ പ്രൊഫൈലുകളുടെ എണ്ണം 57% കുറഞ്ഞിട്ടുണ്ട്. വിവാഹത്തിന് പകരം  വ്യക്തിസ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകുന്ന ഇക്കാലത്ത്, വിവാഹം വേണ്ട എന്ന  തീരുമാനമെടുക്കുന്നു.  ജീവിതം ഒന്നേ  ഉള്ളു, അത്  എന്തിനു  വെറുതെ  പണയപ്പെടുത്തി  ജീവിക്കുന്നു.  പുതിയ  പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്  സ്ത്രീകൾ വിവാഹം കഴിച്ചില്ലെങ്കിലും തുണ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്നാണ്. കുറച്ചധികം സ്ത്രീകൾക്കെങ്കിലും അവരുടെ മാനസികാരോഗ്യത്തെ  ബാധിക്കുന്നുണ്ടെങ്കിലും, ചുറ്റുപാടുമുള്ള സാഹചര്യം കണക്കിലെടുക്കുമ്പോൾ  അവർ  തങ്ങളുടെ  തീരുമാനങ്ങൾക്ക്  വിലനൽകുന്നു.  2030 ആകുമ്പോൾ പകുതിയിൽ  കുറയാതെ  സ്ത്രീകൾ  വിവാഹം കഴിക്കില്ല  എന്നാണ് അനലിസ്റ്റുകൾ  കണക്കാക്കുന്നത്.

എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ വിവാഹമോചനങ്ങൾ ഏറ്റവും കൂടുതലാണ്. ഇതിന്  കാരണം പെൺകുട്ടികൾക്കും,  മാതാപിതാക്കളും ഉയർന്ന വിദ്യാഭ്യാസവും, ചിന്താഗതിയും, ജോലി സാധ്യത  കൂടുതൽ ഉള്ള നഗരങ്ങളിൽ ജീവിക്കുന്നു എന്നുള്ളതാണ്. വിദ്യാഭ്യാസത്തിലെ വ്യത്യാസം, സ്ത്രീധനം,  സാമൂഹ്യ  മാധ്യമങ്ങളുടെ ഉപയോഗം, വിവാഹം വേണ്ടാ  തീരുമാനത്തിലെത്താൻ കാരണമാകുന്നു. ഇപ്പോഴത്തെ മാതാപിതാക്കൾ പെൺകുട്ടികളെ വിവാഹത്തിന്  നിർബന്ധിക്കാറില്ല.

ഉപസംഹാരം

പെൺകുട്ടികളുടെ വിവാഹവിമുഖത ഒരു  സാമൂഹ്യരോഗം അല്ല മറിച്ച് സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക  പ്രതിരോധമാണ്,  സമാധാനത്തോടെ ജീവിക്കാനുള്ള  ആഗ്രഹമാണ്. വിദ്യാഭ്യാസം, സാമ്പത്തികസ്വാതന്ത്ര്യം, ഗാർഹിക ഹിംസയെക്കുറിച്ചുള്ള അവബോധം  എന്നിവ  ഈ  പ്രവണതയെ ത്വരിതപ്പെടുത്തുന്നു.

Leave a Comment