നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ: പുരുഷ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാം

ജൂൺ മാസം പുരുഷ മാനസികാരോഗ്യ മാസമായി  ആചരിക്കുന്നു.   ഇതിന്റെ പ്രധാന ഉദ്ദേശം പുരുഷന്മാരുടെ  മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേണ്ടിയാണ്.  പുരുഷന്മാർ അധികവും അവരുടെ മാനസിക ആരോഗ്യത്തെ  അവഗണിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ആദ്യം ബുദ്ധിമുട്ടുകൾ കാണിക്കില്ലെങ്കിലും പിന്നീടത്  നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകും. പുരുഷന്മാരുടെ മനസ്സ് പല ഘട്ടങ്ങളിലൂടെ കടന്നു പോയി ആത്മഹത്യയെ കുറച്ച് ചിന്തിക്കാൻ തുടങ്ങും.

മാനസിക സംഘർഷങ്ങൾ നിയന്ത്രണാതീതമാകുമ്പോഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നത്. കൂടെയുള്ള ഒരാൾക്കുപോലും മനസ്സിലാക്കാൻ സാധിക്കില്ല, ഡിപ്രെഷന്റെ ഒരു സൂചനയും കാണിക്കില്ല. ആത്മഹത്യ ചെയ്ത വ്യക്തികൾക്ക് സ്വഭാവത്തിൽ പലരീതിയിലും മാറ്റമുണ്ടാകും, ആ വ്യത്യാസം ഏറ്റവും അടുപ്പമുള്ള ആൾക്ക് തിരിച്ചറിയാൻ സാധിക്കും. തിരിച്ചറിഞ്ഞാൽ മാത്രം പോരാ കുറ്റപ്പെടുത്താതെ, ദേഷ്യപ്പെടാതെ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, സ്നേഹത്തോടെ ജീവിത്തിലേക്ക് തിരികെ കൊണ്ട് വരുക.

അടുത്തകാലത്തായി ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം  കൂടിവരികയാണ്.  ഇന്ത്യയിൽ കൂടുതലും പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നത്. കേരളത്തിലും  പുരുഷന്മാരാണ് മുന്നിൽ, കേരളത്തിൽ ഇത് ദേശീയ  ശരാശരിയേക്കാൾ കൂടുതലാണ്. 40 മുകളിൽ പ്രായമുള്ള  വിവാഹം കഴിഞ്ഞ പുരുഷന്മാരാണ് ആത്മഹത്യയിൽ മുന്നിൽ.

ലോകത്തിലെ മൊത്തം കണക്കെടുത്താൽ സ്ത്രീകളെക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ്.  എന്തുകൊണ്ട് ഇതാരും  അറിയുന്നില്ല, മനസ്സിലാക്കുന്നില്ല. സ്ത്രീകൾ ചെയ്താൽ വാർത്താ പ്രാധാന്യം ലഭിക്കും, പുരുഷന് വാർത്താ പ്രാധാന്യം ലഭിക്കാറില്ല.  ആരും അതിനെക്കുറിച്ച് ചർച്ചകൾ പോലും  ചെയ്യുന്നില്ല.

ആത്മഹത്യ എന്നത് വളരെ സെൻസിറ്റീവും  സങ്കീർണ്ണവുമായ  ഒരു  പ്രശ്നമാണ്, അതിന് നിരവധി കാരണങ്ങളുണ്ട്.  ആത്മഹത്യയിലൂടെയുള്ള  മരണത്തിന്റെ പിന്നിലെ കാരണങ്ങൾ എല്ലാം  നമുക്ക് ഒരിക്കലും  പൂർണ്ണമായി മനസ്സിലാക്കാൻ  കഴിയില്ല. ഒരു പ്രശ്നവും  ഇല്ലാതെ, വീട്ടുകാർക്കോ, സുഹൃത്തുക്കൾക്കോ ഒരു  സൂചനപോലും നൽകാതെ ഒരുപാട് പുരുഷന്മാർ  ആത്മഹത്യ ചെയ്യുന്നു.

സമൂഹത്തിൽ കൂടുതലും സ്ത്രീകൾക്കാണ് ഡിപ്രെഷൻ  കണ്ടുവരുന്നത്,  എന്നിട്ടും പുരുഷന്മാരാണ്  ആത്മഹത്യയിൽ മുന്നിൽ.  എന്താണ്  പുരുഷന്മാർക്ക്  സംഭവിക്കുന്നത് ഇത്രയും ധൈര്യശാലികൾ എന്ന്  അവകാശവാദം ഉന്നയിക്കുന്ന  അവരെന്തിനു ഇങ്ങനെയൊരു കടുംകൈ ചെയ്യണം. ജീവിതം മടുത്തു കൂടെയുള്ളവരും ഇനി വേണ്ട, എന്നുറപ്പിച്ചാണ് ആത്മഹത്യ ചെയ്യുന്നത്. വളരെ സമാധാനപരമായി, സന്തോഷത്തോടെ സംസാരിച്ചു കണ്ട് മടങ്ങിയവർ ആത്മഹത്യ  ചെയ്താൽ വിശ്വസിക്കാൻ കഴിയുമോ. അവനു എന്താണ് പ്രശ്നം, അതിനു ഉത്തരം നൽകേണ്ട വ്യക്തി ജീവനോടെ ഇല്ല.

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം കൂടാനുള്ള  കാരണം,  അവർ ഒരു രീതിയിലും മറ്റുള്ളവരുമായി  പ്രശ്നങ്ങൾ പങ്കു വെയ്ക്കുന്നില്ല. മാനസിക പ്രശ്നങ്ങളെ പുരുഷന്മാർ അടിച്ചമർത്തി ജീവിക്കുകയാണ്. ഒരു പ്രൊഫഷണൽ സഹായം പോലും സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ആണുങ്ങൾ കരയാറില്ല, ധൈര്യശാലികളാണ് എന്ന്  കുഞ്ഞു നാൾ മുതൽക്കേ പറഞ്ഞു പഠിപ്പിക്കുന്നത് ഒരു കാരണമാണ്.  

കുടുംബപ്രശ്‌നങ്ങൾ  കാരണമാണ് പുരുഷന്മാർ ഏറ്റവും കൂടുതൽ  ആത്മഹത്യചെയ്യാനുള്ള കാരണം. അസുഖം,   മയക്കുമരുന്ന് ഉപയോഗവും അല്ലെങ്കിൽ മദ്യപാന  ആസക്തിയും,  കടബാധ്യത,  പ്രേമനൈരാശ്യം, ഭാര്യയുമായുള്ള  പ്രശ്നങ്ങൾ, ജോലി ഇല്ലാത്തതുകൊണ്ടും, പ്രൊഫഷണൽ  അല്ലെങ്കിൽ ഓഫീസ്  പ്രശ്നം,  എടുത്തു പറയണ്ട ഒന്നാണ് കർഷക ആത്മഹത്യ, പരീക്ഷയിൽ തോൽവി ഇവയൊക്കെയാണ് പൊതുവായ കാരണങ്ങൾ. ഒന്നും അറിയാൻ  സാധിക്കാതെ ആത്മഹത്യ  ചെയ്യുന്നവരും ഉണ്ട്. പുരുഷന്മാർ ആത്മഹത്യയ്ക്കായി തിരഞ്ഞെടുക്കുന്നത് പലപ്പോഴും തിരിച്ചുളള ജീവിതം അസാധ്യമാക്കുന്ന കടുപ്പമേറിയ മാർഗ്ഗങ്ങളാണ്. അതുകൊണ്ട് തന്നെ അവരെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണ്.”

മാനസികാരോഗ്യത്തിന് ചെയ്യേണ്ട കാര്യങ്ങൾ

മാനസികാരോഗ്യം മെച്ചപ്പെടുത്താനായി, പുരുഷന്റെ സ്വഭാവത്തിലുള്ള മാറ്റം കൂടെയുള്ളവർ  മനസ്സിലാക്കി പിന്തുണ കൊടുത്താൽ മാത്രമേ വ്യക്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ  കഴിയൂ.

  1. ഒരാൾക്ക് തന്നെപ്പറ്റി ഏറ്റവും മികച്ച അഭിപ്രായം  ഉണ്ടായിരിക്കണം
  2. എല്ലാ കാര്യത്തിലും നന്ദി  പറയുക വഴി പോസിറ്റീവ്  ആകാൻ സാധിക്കും. 
  3. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക – നാരുകൾ,  പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, അന്നജം,  ജീവകങ്ങൾ,  ധാതുക്കൾ ഇവയെല്ലാം അടങ്ങിയ ഭക്ഷണം  ശീലമാക്കുക. 
  4. വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും  നിർബന്ധമാക്കുക.  ആരോഗ്യകരമായ ജീവിതശൈലിക്ക്  നല്ല ഉറക്കം ആവശ്യമാണ്. 
  5. യോഗ അല്ലെങ്കിൽ  മെഡിറ്റേഷൻ എല്ലാദിവസവും  ചെയ്യുക.
  6. വ്യക്തിപരവും,  കുടുംബവുമായ  ബന്ധങ്ങൾ നിലനിർത്തുക, സാമൂഹിക  പ്രവർത്തനങ്ങളിൽ  ഏർപ്പെടുക, മറ്റുള്ളവരെ സഹായിക്കുക.
  7. മൊബൈൽ ഫോണിന്റെ ഉപയോഗം  പരമാവധി  കുറച്ച്,  പുസ്തകങ്ങൾ വായിക്കുക, പാട്ട് കേൾക്കുക, യാത്ര ചെയ്യുക.
  8. മദ്യപാനം, പുകവലി  ഉത്പന്നങ്ങൾ ഉപേക്ഷിക്കുക.
  9. ഭക്ഷണം പാകം ചെയ്യുന്നതും, ചെറിയ കൃഷിപണി, പൂന്തോട്ടം പരിപാലിക്കുക ഇവയെല്ലാം  മാനസിക സംതൃപ്തി നൽകുന്നതാണ്.

ഉപസംഹാരം

കേരളത്തിൽ  ഓൺലൈൻ  കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാണ്. ഉത്കണ്ഠയും  സമ്മർദ്ദവും, വിഷാദം, ട്രോമയും PTSD യും,  ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ദുഃഖ കൗൺസിലിംഗ്, കോപം കൈകാര്യം ചെയ്യൽ, ജോലിസ്ഥലത്തെ സമ്മർദ്ദവും ബേൺഔട്ടും തുടങ്ങിയ വിവിധ മാനസികാരോഗ്യ ആവശ്യങ്ങൾ  അഭിസംബോധന ചെയ്യുന്നു . ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. ഹെൽപ്പ്‌ലൈൻ 1056, 0471 – 2552056  എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയിലെ പ്രാഥമിക ദേശീയ മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ ടെലി-മനാസ് ആണ്. നമ്പർ 14416,1800-891-4416.

Leave a Comment