ആവശ്യവും ആഡംബരവും തമ്മിലുള്ള അതിർവരമ്പുകൾ മായുമ്പോൾ: ഉപഭോക്തൃ സംസ്കാരം ഒരു വിശകലനം

ആധുനിക കാലത്ത് ജനസംഖ്യവർദ്ധനവിനനുസരിച്ച് ലോകം ഉപഭോക്തൃത്വത്തിലൂടെ അതിവേഗത്തിൽ വളരുകയാണ്. രാജ്യപുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾ സഹായിക്കുന്നു. രാജ്യം പുരോഗതി നേടുമ്പോൾ ഗവണ്മെന്റ് നേട്ടമുണ്ടാക്കുന്നു, അത് വഴി നാടിനും ജനങ്ങൾക്കും വേണ്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നു.

ഒരു കാലത്ത് ഭക്ഷണവും, വെള്ളവും, വസ്ത്രവും മാത്രമാണ് മനുഷ്യർക്ക് ആവശ്യമായിരുന്നത്. എന്നാൽ വ്യവസായവൽക്കരണത്തിനു ശേഷം പുതിയ ആവശ്യങ്ങൾ ഉടലെടുക്കുകയും, വർദ്ധിക്കുകയും, ഉപഭോക്തൃ വ്യവസ്ഥ വലുതാവുകയും ചെയ്തു. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉൽപ്പാദനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് വളരെ വേഗത്തിൽ മാറ്റം സംഭവിച്ചു. പുതിയ സാങ്കേതിക വിദ്യയും, സാധനങ്ങളും, സേവനങ്ങളും ലോകമെമ്പാടും ആവശ്യമായി വരുകയും അതിനെ സ്വന്തമാക്കാൻ എല്ലാവർക്കും അവസരം ലഭിക്കുകയും വന്ന സാഹചര്യം ഉത്പാദകർ നല്ല രീതിയിൽ പരസ്യം പ്രയോജനപ്പെടുത്തി ജനങ്ങളിൽ എത്തിച്ചു.

പാവപ്പെട്ടവൻ മുതൽ അതിസമ്പന്നൻമാർക്ക് വരെ ആവശ്യമുള്ള സാധനങ്ങളും, സേവങ്ങളും ഉത്പാദകർ നിർമ്മിക്കുന്നു. നടന്നും, മൃഗങ്ങളെ കെട്ടി വലിച്ചുള്ള വണ്ടികളും, മരങ്ങൾ വള്ളികൾ കൊണ്ട് ചേർത്ത് വെച്ച് തുഴഞ്ഞ കാലഘട്ടത്തിൽ നിന്നും സെക്കൻഡ്‌സ് പോലും വില കൽപ്പിക്കുന്ന മനുഷ്യൻ ഇപ്പോൾ സഞ്ചരിക്കാൻ ഇലക്ട്രിക്ക് സൈക്കിൾ മുതൽ സ്വകാര്യ ജെറ്റ്, സൂപ്പർയാച്ചിൽ വരെ യാത്ര ചെയ്യുന്നു. മൊബൈൽ ഫോണും, കമ്പ്യൂട്ടറും, ടീവിയും ഇല്ലാത്തൊരു ലോകം ഇനി സങ്കൽപ്പിക്കാൻ കൂടെ സാധിക്കില്ല.

അമിത ഉപഭോഗം

ഒരാൾ ആവശ്യങ്ങൾക്കപ്പുറം സാധനങ്ങളും, സേവനങ്ങളും സ്ഥിരമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ അമിത ഉപഭോഗം എന്ന് വിളിക്കാം. വിപണിയിലുള്ള എല്ലാ വസ്തുക്കളും ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? നമുക്ക് ആവശ്യമുള്ളത് മാത്രമാണോ വാങ്ങുന്നത്? ഒരേ വസ്തു ഒന്നിലധികം കൈവശം വയ്ക്കുന്നതിന് വഴി എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? പരസ്യം കാണിക്കുന്നത് പോലെ ഉള്ള ഗുണം ഉപയോഗിച്ച വസ്തുവിൽ നിന്നും കിട്ടുന്നുണ്ടോ?

പ്രാഥമികമായി ഒരു വ്യക്തിക്ക് എന്തെല്ലാം ആവശ്യങ്ങൾ നിറവേറ്റാനുണ്ട്.

  1. ശാരീരിക ആവശ്യങ്ങൾ – ഭക്ഷണം, വെള്ളം, അഭയം
  2. സുരക്ഷാ ആവശ്യകതകൾ – നല്ല ആരോഗ്യത്തോടെയിരിക്കുക, സ്ഥിരമായ വരുമാന സ്രോതസ്സ്
    ഉണ്ടായിരിക്കുക
  3. മാനസിക ആവശ്യങ്ങൾ – സൗഹൃദം, വിശ്വാസം, സ്വീകാര്യത
  4. ബഹുമാന ആവശ്യകതകൾ – ആത്മാഭിമാനം, അന്തസ്സ്, കഴിവ്,സ്വാതന്ത്ര്യം
  5. സ്വയം യാഥാർത്ഥ്യമാക്കൽ – ഒരാൾക്ക് ആകാൻ കഴിയുന്നതെല്ലാം ആയിത്തീരുക

മുകളിൽ പറഞ്ഞതാണ് പൊതുവായ മനുഷ്യന്റെ ആവശ്യങ്ങൾ. പക്ഷേ കാലഘട്ടം മാറിയപ്പോൾ പലർക്കും പ്രത്യേകിച്ച് വികസിത സമൂഹങ്ങളിൽ, ആധുനിക ജീവിതം അധിക ആവശ്യങ്ങൾ കൊണ്ടുവന്നു. കോവിഡിന് മുൻപും മൊബൈൽ ഫോണും, ഇന്റർനെറ്റും നിലവിലുണ്ടായിരുന്നെങ്കിലും, ബഹു ഭൂരിപക്ഷം ആളുകളും പ്രയോജനപ്പെടുത്തിയില്ല. എന്നാൽ കോവിഡ് സമയത്ത് വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനും, പഠിക്കുന്നതിനും, ബന്ധം നിലനിർത്തുന്നതിനും, ഇന്റർനെറ്റിലേക്കും മൊബൈൽ ആശയവിനിമയത്തിലേക്കുമുള്ള ആക്‌സസ് ഒരു സുപ്രധാന ആവശ്യമായി മാറി.

വളരെ കാലങ്ങൾക്ക് മുൻപ് ആളുകൾ വളരെ കുറച്ച് സാധനങ്ങൾ മാത്രമേ വാങ്ങിയിരുന്നുള്ളു. ഇന്നിപ്പോൾ വേണ്ടതും, വേണ്ടാത്തതും വാങ്ങി കൂട്ടുന്നു. ഇൻഫർമേഷൻ ടെക്നോളജിയുടെ വളരെ പെട്ടന്നുള്ള കടന്നു കയറ്റം ലോകത്തെ ആകമാനം മാറ്റി മറിച്ചു. ഒരുപാട് പേർക്ക് ജോലി നൽകി, കൂടെ സാധനങ്ങളും സേവനങ്ങളും വീട്ടു പടിക്കൽ എത്താൻ ആരംഭിച്ചു. വിദ്യാഭ്യാസം തുല്യമായി എല്ലാവർക്കും കിട്ടാൻ തുടങ്ങിയതും, ഇന്റർനെറ്റ് ഉപയോഗവും, അന്യ ദേശത്തെക്കുള്ള ആളുകളുടെ ഒഴുക്കും വഴി സ്വന്തമായി വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ജനസംഖ്യ കൂടിയപ്പോൾ ഉൽപ്പാദനം വർദ്ധിപ്പിച്ചു, ഒരേ വസ്തു വിവിധ വിലയിൽ പല കമ്പനികളും പുറത്തിറക്കി, പരസ്യത്തിന്റെ അതിപ്രസരണം, തുല്യമായ പ്രതിമാസ തവണ ഏത് സാധനത്തിനും ലഭിക്കാൻ തുടങ്ങിയതും, ഇ-കൊമേഴ്‌സ് വളർച്ചയും, ഡിസ്‌കൗണ്ട് സംവിധാനം നിലവിൽ വന്നതും ജനങ്ങളെ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ചു.

ഒരേ തരത്തിലുള്ള വസ്തുവിന് തന്നെ പല വിലയും, ഗുണവുമാണ്. സാധാരണ കാൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും ഒരു ഫോൺ 6000 രൂപ മുതൽ ലഭിക്കും. അതെ ഫോൺ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൂടിയ വിലയിൽ വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ എത്ര ആളുകൾ കുറഞ്ഞ പൈസയ്ക്ക് ഫോൺ വാങ്ങും. കുറഞ്ഞ വരുമാനം ഉള്ളവരും ഒരു ലക്ഷം വരെ ഉള്ള ഫോൺ ആണ് ഉപയോഗിക്കുന്നത്, അത് EMI ഉപയോഗിച്ചാണ് വാങ്ങുന്നത്. ഓരോ വർഷവും പുതിയ മോഡൽ വിപണിയിൽ വരുമ്പോൾ ഉപയോഗിക്കുന്ന ഫോണിന് ഒരു കുഴപ്പവും ഇല്ലെങ്കിൽ പോലും മാറ്റി പുതിയത് വാങ്ങുന്നു.

പലരുടെയും വീക്ഷണകോണിൽ വില കൂടിയ ഫോൺ അവരുടെ ഐഡന്റിറ്റി നിശ്ചയിക്കുന്നു. ഫോൺ മാത്രമല്ല ധരിക്കുന്ന ഡ്രസ്സ്, വാച്ച്, ഷൂ, ചെരുപ്പ്, ബാഗ്, ബെൽറ്റ്, തൊപ്പി, കാർ, ബൈക്ക്… തുടങ്ങിയവ. രണ്ട് സിം ഉപയോഗിക്കാനുള്ള സൗകര്യമുള്ള ഫോൺ നിലവിലുണ്ടെങ്കിലും രണ്ടും മൂന്നും ഫോൺ കൈവശം വെക്കുന്നതിനു പുറമെ ഒരു ടാബും. നല്ല സാമ്പത്തികമുള്ളവന് വാങ്ങുന്നതിൽ തെറ്റില്ലെങ്കിലും ഭൂമിയിലുള്ള ലിമിറ്റഡ് സോഴ്സ് നിന്നും ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ ആണെന്നും ഇതെല്ലാം പിന്നീട് ഭൂമിയെ നശിപ്പിക്കുന്ന മാലിന്യം മാത്രമെന്നും ഓർമ്മിക്കുക. വരുമാനമില്ലാത്തവർ അവരുടെ സാമ്പത്തിക സ്ഥിതി വഷളാക്കുകയാണ്.

വികസിത സമൂഹത്തിൽ, സാമ്പത്തിക സ്ഥിതി മെച്ചമുള്ള വ്യക്തികളിൽ ഭൂരിഭാഗം പേരും അമിതമായി സാധനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നവരാണ്. ഷോപ്പിംഗ് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്, ആഴ്ച തോറും ഷോപ്പിംഗ് നടത്തുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. മനുഷ്യരെ സാധനങ്ങൾ വാങ്ങൽ പ്രേരിപ്പിക്കുന്നതിൽ പരസ്യങ്ങൾക്ക് വലിയ പങ്കാണുള്ളത്. സാധാരണക്കാരൻ ടെലിവിഷനിൽ പരസ്യം കണ്ടിട്ടാണ് പുതിയ സാധനങ്ങൾ വാങ്ങിയത്, അപ്പോഴാണ് ഇന്റർനെറ്റിന്റെയും, സൂപ്പർമാർക്കറ്റിന്റെയും, ഇ-കൊമേഴ്‌സ്സിന്റെയും, ഇൻഫ്ലുൻസർമാരുടെയും കടന്നുവരവ്.

ഒരു വ്യക്തി സാധനം വാങ്ങുമ്പോൾ അത് തനിക്ക് ആവശ്യമാണോയെന്ന് ചിന്തിക്കാറില്ല. പരസ്യം കണ്ട്, ഇൻഫ്ലുൻസമാരുടെ പ്രേരണയിൽ, ശമ്പളം കിട്ടുമ്പോൾ എന്തെങ്കിലും വാങ്ങിയേ പറ്റു അത് നിർബന്ധമാണ്, ഡിസ്‌കൗണ്ട് ലഭിക്കും എന്ന് കേൾക്കേണ്ട താമസം ഉടനടി വാങ്ങുകയാണ്. ക്യാഷ് കൊടുത്തു സാധനം വാങ്ങുന്നതിനു പകരം ഇപ്പോൾ ക്രെഡിറ്റ് കാർഡും, EMIയും ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നു. നിശ്ചിത വരുമാനമുള്ളവരാണ് നല്ലൊരു ശതമാനം ആളുകളും, വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വന്നാൽ എന്ത് സംഭവിക്കും. പിന്നീട് ഇതെല്ലാം കൊണ്ടെത്തിക്കുന്നത് കടക്കെണിയിലും. 2022–23ലെ മൊത്ത ആഭ്യന്തര സമ്പാദ്യ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 29.7% ആയി കുറഞ്ഞു. ഇന്ത്യൻ ജനതയുടെ സമ്പാദ്യം മൊത്തത്തിൽ കുറഞ്ഞുവരികയാണ്. സമ്പാദ്യം കുറയാൻ കാരണങ്ങളിൽ ഒന്നാണ് വർദ്ധിച്ചുവരുന്ന ഉപഭോക്തൃത്വം.

ലോകം പട്ടിണിയിൽ നിന്നും പതിയെ കര കയറുന്നു വളരെ സംതൃപ്തി നൽകുന്ന കാര്യമാണ്. പക്ഷെ നമ്മൾ അമിതമായി ഉത്പാദിപ്പിച്ചു വെറുതെ കളയുന്ന ആഹാര സാധനങ്ങൾക്ക് കണക്കില്ല. ഉപഭോക്തൃ സംസ്‍കാരത്തിലെ വലിയൊരു കണ്ണിയാണ് ഭക്ഷ്യസംസ്കാരം. ഹോട്ടലിൽ നിന്നും, വീടുകളിലും, പൊതു പരിപാടികൾക്കുമായി പാകം ചെയ്യുന്ന ആഹാരം നല്ലൊരു ശതമാനവും മാലിന്യമായി മാറുന്നു. ഒരു വശത്ത് ഒരു നേരെത്തെ ആഹാരം ഇല്ലാതെ ആളുകൾ വിഷമിക്കുമ്പോൾ, മറു വശത്ത് ആഹാരം പാഴാകുകയാണ്. മനുഷ്യർക്ക് ആവശ്യമുള്ളതിനേക്കാൾ ഭക്ഷണത്തിന് വേണ്ട സാധനങ്ങൾ കൃഷി ചെയ്യുന്നു.

ഉപഭോഗം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗമായി മാത്രമല്ല ആളുകൾ ഇപ്പോൾ കാണുന്നത്, വൈകാരികമായ സംതൃപ്തിയുടെ ഒരു ഉറവിടമായാണ്. അതായത് ഒരു വസ്തു ഉപയോഗിച്ചാലും, ഉപയോഗിച്ചില്ലെങ്കിലും അതിനെ സ്വന്തമാക്കാൻ ആഗ്രഹിക്കും. ഡിസ്‌കൗണ്ട്, പരിമിത അളവിൽ സാധനങ്ങൾ പുറത്തിറക്കുക, ആളുകൾ ആരാധിക്കുന്ന വ്യക്തികളെ കൊണ്ട് പരസ്യം നിർമിക്കുകയോ, അവലോകനം നടത്തുകയോ ചെയ്യുന്നത് വഴി വസ്തുക്കൾ വാങ്ങാൻ നിർബന്ധിക്കുന്നു.

സമൂഹത്തിൽ ഉയർന്ന വരുമാനത്തിൽ ജീവിക്കുന്ന വ്യക്തികളെ പോലെ തന്നെയും ആളുകൾ ശ്രദ്ധിക്കണമെങ്കിൽ വിലകൂടിയ, വളരെ കുറച്ചു ആളുകൾ ഉപയോഗിക്കുന്ന സാധനങ്ങൾ വാങ്ങുക എന്ന ചിന്തയെ പരസ്യ കമ്പനികൾ സിനിമയുടെയും, സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെയും, ഇൻഫ്ലുവെൻസർമാരിലൂടെയും മാർക്കറ്റ് ചെയ്ത് ജനങ്ങളിൽ എത്തിക്കുന്നു.

ഉപഭോക്തൃത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാരമാണ് മിനിമലിസം.

മിനിമലിസം

ആവശ്യം vs ആഗ്രഹം: ഒരു സാധനം വാങ്ങുന്നതിന് മുൻപ് ഇത് എനിക്ക് അത്യാവശ്യമാണോ അതോ വെറും ആഗ്രഹമാണോ? എന്ന് ചിന്തിക്കുക.

ഗുണനിലവാരം: കുറഞ്ഞ വിലയ്ക്ക് പല സാധനങ്ങൾ വാങ്ങുന്നതിന് പകരം, കൂടുതൽ കാലം ഈടുനിൽക്കുന്ന ഗുണമേന്മയുള്ള ഒരു സാധനം വാങ്ങുക.

മാലിന്യ നിർമ്മാർജ്ജനം: ഭക്ഷണം പാഴാക്കാതിരിക്കാനും, ഉപയോഗശൂന്യമായ സാധനങ്ങൾ പുനരുപയോഗം ചെയ്യാനും ശ്രദ്ധിക്കുക

ഉപസംഹാരം

ഇന്നത്തെ കാലത്തെ വലിയ വെല്ലുവിളികളിൽ ഒന്നാണ് അമിത ഉപഭോഗം. ഇത് വ്യക്തിഗതമായും, കുടുംബപരമായും, സാമ്പത്തികപരമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരിക്കലും സന്തോഷം വസ്തുക്കളിൽ നിന്നല്ല കിട്ടുന്നത് അനുഭവങ്ങളും,ബന്ധങ്ങളിൽ നിന്നുമാണ്. അമിത ഉപഭോഗം പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുകയാണ്. ഭൂമിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മനുഷ്യർക്ക് ആവശ്യമുള്ള സാധനങ്ങൾ നിർമിക്കുന്നത്. അടുത്ത തലമുറയ്ക്ക് ഒന്നും അവശേഷിപ്പിക്കാതെ ലാഭത്തിനു വേണ്ടി വളരെ പെട്ടെന്ന് വസ്തുക്കൾ നിർമിക്കുന്നു. ഇത് പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു.

സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് പണം വിപണിയിൽ ഇറങ്ങേണ്ടത് അത്യാവശ്യമാണെങ്കിലും, അത് സുസ്ഥിരമായ രീതിയിലായിരിക്കണം. നിരന്തരം ഉപഭോഗം ചെയ്യുന്നത് വഴി വിനാശകരമായ വിഭവ ചൂഷണത്തിനും, മലിനീകരണത്തിനും കാരണമാകുന്നു. മുതലാളിത്തം വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഉപഭോക്തൃത്വത്തിന് പ്രതിഫലം നൽകുകയും ചെയ്യുന്നു, ഇത് അമിത ഉപഭോഗത്തിലേക്കും ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വാങ്ങുന്നതിലേക്കും പ്രേരിപ്പിക്കുന്നു.”

Leave a Comment