സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല; ഉപേക്ഷിക്കപ്പെടുമ്പോൾ നാം പഠിക്കേണ്ട പാഠങ്ങൾ

“ഓരോ പ്രണയകഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഒന്ന് എന്റെ വശം, മറ്റൊന്ന് അവളുടേത്. അവളുടെ വശം എനിക്കറിയില്ല, പക്ഷേ എന്റേത് ഞാൻ പറയാം.” എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്, ഒരാളെ ഒന്നിലധികം തവണ വിശ്വസിക്കരുത്. ഞാൻ ഒരാൾക്ക് രണ്ടാമതും അവസരം കൊടുത്തപ്പോൾ എന്നെ വീണ്ടും ഉപേക്ഷിച്ചു പോയി.

നമ്മൾ ഒരാളുമായി പ്രണയത്തിലായിരിക്കുമ്പോൾ, അവർ ബന്ധം ഉപേക്ഷിച്ചു പോകുന്നുണ്ടെങ്കിൽ പുറകെ പോകരുത്. നമ്മളെ ഉപേക്ഷിച്ചു പോകാൻ ഒരു കാരണം ഉണ്ടാകും. ഒന്നുകിൽ ആ വ്യക്തിയ്ക്ക് നമ്മളെ പഴയത് പോലെ സ്നേഹിക്കാൻ സാധിക്കാത്തത്കൊണ്ടോ, അല്ലെങ്കിൽ വേറൊരാൾ കടന്നു വന്നതുകൊണ്ടോ ആകാം. അതിൽ നമ്മളുടെ തെറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. പോകുമ്പോൾ ചോദിക്കുക എന്തിന് എന്നെ ഉപേക്ഷിക്കുന്നു ?

സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല, സിനിമയിലും കഥകളിലും പുറകെ നടന്നു ഇഷ്ടം പിടിച്ചു വാങ്ങുന്നത് കാണാം. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഒരു വ്യക്തിയെ ഒരിക്കലും നിർബന്ധിച്ചു സ്നേഹിപ്പിക്കാൻ കഴിയില്ല. പേടിപ്പെടുത്തി വാങ്ങുന്ന സ്നേഹം, സ്നേഹമല്ല. പലരുടെയും ചിന്ത ലഡ്ഡു നിർബന്ധിച്ചു കഴിപ്പിച്ചാലും മധുരമല്ലേ ? അല്ല, “അധികമായാൽ അമൃതും വിഷമാണ്. അതിമധുരം കയ്പ്പായിരിക്കും”.

                     ആദ്യപ്രണയം                                                                                                                                                

കോളേജിൽ പോകുന്നത് വീടിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ്. രാവിലെ ബസ് കുറവായതും, നിറഞ്ഞ ബസ് നിർത്താതെ പോകുന്നതും പതിവ് കാഴ്ചയാണ്. ഒരുനാൾ പുതിയ ഒരു പെൺകുട്ടിയെ ദിവസവും ബസ് സ്റ്റോപ്പിൽ കാണാൻ തുടങ്ങി. ആൺകുട്ടികൾ എല്ലാവരും അവളെ നോക്കാൻ തുടങ്ങി, കൂട്ടത്തിൽ ഞാനും. ഒരു പുതിയ പെൺകുട്ടി വന്നാൽ പേരും മറ്റ് കാര്യങ്ങളും അന്വേഷിക്കാൻ ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എന്നേക്കാൾ രണ്ട് വയസ്സ് കുറവ് വിമൻസ് കോളേജിൽ പഠിക്കുന്നു, ആവശ്യത്തിന് ഉയരം, ഉണങ്ങിയ ശരീരം, നീളമുള്ള തലമുടി, ചന്ദനക്കുറി, തലമുടിയിൽ തുളസി കതിർ, കിളി നാദം പോലുള്ള ശബ്ദം, ഭംഗിയുള്ള ചിരി, ചില ദിവസങ്ങളിൽ പട്ടു പാവാട ഉടുത്തു വരും, കൂടെ തലമുടിയിൽ മുല്ലപ്പൂവും.

എല്ലാപേരും അവളെ പ്രേമിക്കുന്നുണ്ടായിരുന്നു, ആകാംഷ ആയിരുന്നു ആർക്കായിരിക്കും അവളുടെ സ്നേഹം കിട്ടാനുള്ള അവസരം ലഭിക്കുക. ഒരു ദിവസം അവളുടെ കൈയിൽ എന്റെ ഒരു പുസ്തകം, ആശ്ചര്യപ്പെട്ടു അത് എന്റേതാണ് അതെങ്ങനെ അവളുടെ കൈയിൽ എത്തി. ഞാൻ ആ പുസ്തകം കൂട്ടുകാരനു വായിക്കാൻ കൊടുത്തതാണ്. ഞാൻ അവനോടു ചോദിച്ചു അവൻ പറഞ്ഞു, അവന്റെ സഹോദരി അവളുടെ ക്ലാസ്സിലാണ്. പുസ്തകം കൈമാറി കൈമാറി അവളുടെ കൈയിൽ എത്തി. കുറച്ചു ദിവസം കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് പോകുന്ന സമയം, പുറകെ ആരോ വിളിച്ചു തിരിഞ്ഞു നോക്കി അവൾ, ഞാൻ അതിശയിച്ചു അതും എന്റെ പേര് വിളിച്ചു. ഞാൻ ചോദിച്ചു എന്റെ പേര് എങ്ങനെ അറിയാം, അവൾ ചേട്ടന്റെ പുസ്തകം എന്റെ കൈയിലുണ്ട് അങ്ങനെ അറിയാം. ഞാൻ വായിച്ചു തീർന്നില്ല. അത്യാവശ്യം ഇല്ല വായിച്ചിട്ടു തന്നാൽ മതി എന്ന് ഞാൻ. എനിക്കാണെകിൽ ഇതിൽ പരം സന്തോഷം വേറെ ഇല്ല, അവളോട് സംസാരിക്കാൻ കഴിഞ്ഞല്ലോ അത് തന്നെ വലിയ ഭാഗ്യമായി കരുതി.

പിന്നീടങ്ങോട്ട് കാണുമ്പോൾ പരസ്പരം ചിരിക്കാൻ ആരംഭിച്ചു, സംസാരിക്കാൻ തുടങ്ങി. മാസങ്ങൾ കടന്നു പോയി വെറുതെ കണ്ടിട്ട് കാര്യമില്ല, ഇനിയെങ്കിലും പറയാതിരുന്നാൽ എൻറെ സ്നേഹം അറിയിക്കേണ്ട, എനിക്ക് പക്ഷെ പേടി, ആദ്യമായാണ് ഒരു പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത്, എങ്ങനെ പറയും? എന്ത് പറയും? അഥവാ പറഞ്ഞാൽ അവൾ ദേഷ്യപ്പെടുമോ അതോ മിണ്ടാതിരിക്കുമോ? ഉള്ള ചിരി കൂടെ നഷ്ട്ടമാകുമോ? എന്ത് സംഭവിക്കും അറിയില്ല, പറയാതിരുന്നാൽ വേറെ ആരെങ്കിലും വന്നു കൊണ്ട് പോകും. ഒരുപാട് ആൺകുട്ടികൾ അവളുടെ പുറകിലുണ്ട്. അത് ആലോചിച്ചപ്പോൾ ഇനി വൈകിക്കേണ്ട പറയാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ ഒരു ദിവസം ഞാൻ അവളുടെ വീട്ടിലേക്കു പോകുന്ന വഴി കാത്തു നിന്നു. സമയം ഇത്ര പതുക്കെ ആണോ എന്ന് സംശയം തോന്നി. അവൾ സിനിമയിലെ നായിക കടന്നു വരുന്നത് പോലെ അതാ വരുന്നു, എന്നെ കണ്ടതും അടുത്ത് വന്നു. എന്താ ഇവിടെ? ഞാൻ കാണാൻ വന്നതാ, ഒരു കാര്യം പറയാൻ ഉണ്ട്. തൊണ്ട വരണ്ടതുപോലെ, അവൾ എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു, പറയു എന്ന മട്ടിൽ. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയോട്, ഞാൻ നിന്നെ സ്നേഹിക്കുന്നു കുറച്ചു കാലമായി ഇതു പറയണമെന്ന് വിചാരിക്കുന്നു. ഇപ്പോൾ ഒന്നും പറയരുത് ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി. എനിക്ക് ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ്. അവൾ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് തല കുനിച്ചു. വലിയൊരു ആശ്വാസം തോന്നി എന്തായാലും എന്നെ ഇഷ്ടമാണ് ആ ചിരിയിൽ തിരികെ എന്നോട് സ്നേഹം ഉണ്ട്. എന്റെ ആദ്യത്തെ പ്രണയം, ആദ്യത്തെ പ്രൊപോസൽ എന്നെ ഒരാൾക്കു ഇഷ്ടമാകുന്നു. മെല്ലെ തിരിഞ്ഞു നടന്നു, ഇപ്പോൾ ഒന്നും തിരിച്ചു പറയാൻ അനുവദിക്കരുത്. ചിലപ്പോൾ പെട്ടന്നുള്ള തീരുമാനം തെറ്റായിപ്പോയാലോ, സമയം കൊടുക്കണം. ഞാൻ കുറച്ചു വേഗത്തിൽ തിരിഞ്ഞു നോക്കാതെ അവിടെ നിന്നും മടങ്ങി.

വീട്ടിലെത്തിയപ്പോൾ എനിക്കെന്തോ ഒരു സന്തോഷമില്ലാത്തത് പോലെ, എന്റെ മനസ്സ് മാറി ചിന്തിക്കാൻ തുടങ്ങി. ഇനി എങ്ങാനും ഇഷ്ടമില്ല എന്ന് പറയുമോ ? ആ സമയത്ത് എനിക്ക് എന്നെക്കുറിച്ചു മതിപ്പില്ല കാരണം കറുപ്പാണ്, വണ്ണമില്ല, പ്രത്യേകിച്ച് എടുത്ത് പറയാൻ ഒന്നും തന്നെ ഇല്ല. അവൾ എന്നിൽ നിന്ന് എല്ലാത്തിലും വിപരീതമാണ്. കിടന്നിട്ടു ഉറക്കം വരുന്നില്ല, എങ്ങനെയെങ്കിലും നേരമൊന്നു വെളുത്താൽ മതിയായിരുന്നു. അവളുടെ മുഖം മാത്രമാണ് എന്റെ കണ്ണിൽ, മനസ്സിൽ. ചിന്ത കാടുകയറുവാൻ തുടങ്ങി, അവൾ ചിരിച്ചു ശരിയാണ് എന്ന് കരുതി ഇഷ്ടമാകണമെന്നില്ല. ചിലപ്പോൾ അവൾക്ക് അതൊരു തമാശയായി തോന്നിയതാണെങ്കിലോ, അത് ആവാനാകും കൂടുതൽ സാധ്യത. കുറച്ചു ദിവസം മാറി നടക്കാം. എന്തായാലും അവൾക്ക് ഇഷ്ടമാകാൻ ഒരു വഴിയും ഇല്ല, ഇനി കാണാതിരിക്കുന്നതാണ് നല്ലത്. ഞാൻ കുറച്ചു ദിവസം മാറി നടന്നു.

ദിവസങ്ങൾക്ക് ശേഷം എന്റെ കൂട്ടുകാരന്റെ സഹോദരി എന്നെ തിരക്കി വന്നു. അവൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ട്, കോളേജിനു മുന്നിൽ വരുമോ എന്ന് ചോദിച്ചു. ഞാൻ കൂടുതൽ ഒന്നും അലോചിച്ചില്ല, എന്തു വന്നാലും ഇനി തടുക്കാൻ പറ്റില്ല, വരുന്നത് വരട്ടെ, ഞാൻ വരാമെന്നു പറഞ്ഞു. പിറ്റേന്നു അവളെ കാണാൻ കോളേജിന്ന് മുന്നിൽ പോയി, അവൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. വളരെ വികാരനിര്ഭരമായി എന്നോട് എന്തിനാ ഇങ്ങനെ കാണിക്കുന്നത്. ഇഷ്ടമെന്ന് പറഞ്ഞിട്ട് എന്തിനാണ് മാറി നടക്കുന്നത്. എനിക്ക് തിരിച്ചു പറയാനുള്ള അവസരം തരാതെ, കേൾക്കുക പോലും ചെയ്യാതെ, എന്ത് മാത്രം വിഷമമായി എന്നറിയാമോ ? കാണാതെ, എത്രമാത്രം ഇഷ്ടമാണെന്നു അറിയാമോ, ഞെട്ടിപ്പോയി ഞാനതു പ്രതീക്ഷിച്ചില്ല അവളുടെ കണ്ണ് നിറയുന്നു. കരയരുത് എന്ന് പറഞ്ഞിട്ട്, ഞാൻ എന്തിനു ഒളിച്ചു നടന്നു എന്ന് പറഞ്ഞു കൊടുത്തു. ഒരടി കയ്യിൽ എന്നിട്ടവൾ പറഞ്ഞു ഞാൻ ചിന്തിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. എന്തിനാണ് ഒരാൾ പറയാത്ത കാര്യങ്ങൾ മനസ്സിൽ ചിന്തിച്ചു കൂട്ടുന്നത്. എന്നോട് ഒരു കാര്യം ചോദിച്ചു അതിനുള്ള മറുപടി ഞാനല്ലേ തരേണ്ടത്. പരിഭവം പറഞ്ഞു തീർത്തു, കാർമേഘം മാറി നീലാകാശത്തിൽ തൂവെള്ള മഞ്ഞു കണക്കെ മേഘം. ഭൂമിയിൽ എങ്ങും പ്രണയത്തിന്റെ പുഷ്പങ്ങൾ വിരിഞ്ഞു. പൂക്കളെ തലോടിക്കൊണ്ട് തണുത്ത കാറ്റ് അതിലൂടെ സുഗന്ധം ചുറ്റുപാടും പരക്കുന്നു.

ഞങ്ങൾ രണ്ടു പേരും വളരെ സന്തോഷത്തിൽ ആദ്യത്തെ പ്രണയത്തിൽ ജീവിക്കാൻ ആരംഭിച്ചു. ഞങ്ങളുടെ വീടുകളിൽ അന്ന് ലാൻഡ് ഫോൺ ഉണ്ടായിരുന്നു, അത് വഴിയാണ് സംസാരിച്ചിരുന്നത്, ലാൻഡ് ലൈൻ ആയതുകൊണ്ടും വീടുകളിൽ ഇപ്പോഴും ആരെങ്കിലും ഉണ്ടാകുമെന്നതുകൊണ്ടും, കൂടുതൽ സംസാരിക്കാൻ കഴിയാറില്ല. ചെറിയ പിണക്കങ്ങളും, ഇണക്കവുമായി രണ്ടു വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം അവൾ എന്നെ ലാൻഡ് ഫോണിൽ വിളിച്ചിട്ടു പറഞ്ഞു, നമുക്ക് ഇവിടെ വെച്ച് ബന്ധം അവസാനിപ്പിക്കാം, എനിക്ക് ബന്ധം മുന്നോട്ടു പോകാൻ താല്പര്യമില്ല. ഞാൻ ചോദിച്ചു നീ എന്താ തമാശ പറയുകയാണോ? അവൾ അല്ല എനിക്ക് മുന്നോട്ട് പോകാൻ താല്പര്യമില്ല. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല, എന്നെ ശല്യം ചെയ്യരുത്, ഫോൺ കട്ട് ചെയ്തു. എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി, കൈ അനങ്ങുന്നില്ല, ഞാൻ തിരിച്ചു വിളിച്ചു എൻഗേജ്ഡ്, പിന്നെയും പിന്നെയും വിളിച്ചു എൻഗേജ്ഡ്, എത്ര വട്ടം വിളിച്ചു അറിയില്ല. എന്താ ഇപ്പോൾ സംഭവിച്ചത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒരു നിമിഷം അവളെ ആദ്യം കണ്ട നേരം മുതൽ ഇപ്പോൾ വരെ മിന്നി മാഞ്ഞു. പക്ഷെ ഒന്ന് മനസ്സിലായി, കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയാണ്,എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഞാൻ പൊട്ടി കരയാൻ തുടങ്ങി.

                                              പ്രണയത്തിന്റെ രണ്ടാം അധ്യായം

ഇനി ആരെയും പ്രണയിക്കില്ല എന്നുള്ള ഉറച്ച തീരുമാനത്തിലെത്തി ഞാൻ, അതിന് കാരണം ഭയമാണ്. ഒരിക്കൽ കൂടെ ഹൃദയം തകരാൻ വയ്യ, അതിന്റെ വേദന വലുതാണ്, രാത്രി ഉറങ്ങാൻ നേരവും ഉണരുമ്പോഴും അവളുടെ ഓർമകളാണ് ഇപ്പോഴും അലട്ടുന്നത്. അന്ന് എന്നെ വേണ്ട എന്ന് പറഞ്ഞതിന് ശേഷം അവളെ വിളിക്കുവാനോ, കാണണോ, അന്വേഷിക്കാനോ പോയില്ല. ഒന്നര വർഷങ്ങൾക്ക് ശേഷം ഒരു ദിവസം ബസ് സ്റ്റാൻഡിൽ വെച്ച് അവളെ കണ്ടു, ഞാൻ മുഖം കാണിക്കാതെ മാറി നിന്നു. ഹൃദയം ഇടിക്കാൻ തുടങ്ങി, ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി, അവളുടെ മുഖം ഒരു പൂർണ്ണ ചന്ദ്രനെപ്പോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ചിന്തകളിൽ നിന്നും രക്ഷപെടാൻ വേറെ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി, മനസ്സിൽ പാട്ടു പാടാൻ തുടങ്ങി, എന്ത് ചെയ്തിട്ടും ഒരു പ്രയോചനവും ഇല്ല അവൾ മാത്രമേ ഉള്ളു എന്നിലിപ്പോൾ.

പുറകിൽ നിന്നൊരു കിളിനാദം ഞാൻ മറക്കാൻ ആഗ്രഹിച്ച നാദം, തിരിഞ്ഞു നോക്കാതിരിക്കാനായില്ല. പതിയെ തിരിഞ്ഞു, ചിരിക്കരുത് എന്ന് കരുതിയതാണ് കഴിഞ്ഞില്ല, ചിരിച്ചു അവളും. അപ്പോൾ മനസ്സിലായി ഞാൻ മാറി നിന്നിട്ടും അവൾ എന്നെ കണ്ടെത്തി. എന്നെ ഓർമ ഉണ്ടോ എന്ന് ചോദിച്ചു? ഞാൻ, മറക്കാൻ പറ്റുമോ. പിന്നെ കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടിയില്ല. മനസ്സിൽ ഒരു നൂറ് ചോദ്യങ്ങൾ ചോദിക്കാതെ വയ്യ. വിരോധമില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, അവൾ ചോദിക്കു, എന്തിനാ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത്? എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാക്കാൻ, ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ആലോചിച്ചപ്പോൾ തോന്നി പുതിയ ആരെങ്കിലും ജീവിതത്തിൽ വന്നു കാണും, അല്ലെങ്കിൽ വീട്ടുകാർ ഏതോ പയ്യനെ കണ്ടു വെച്ച് കാണും, അതാ എന്നെ വേണ്ട എന്ന് വെച്ചത്. നീ മാത്രമല്ല ഇ ലോകത്ത് പെണ്ണ് ഒരുപാട് പെൺകുട്ടികൾ വേറെ ഉണ്ട്, എന്നിട്ടും ഞാൻ എന്തിനാ നിന്നെ ഇത്ര അധികം ഇഷ്ടപ്പെടുന്നത്. എങ്ങനെ ചിന്തിച്ചിട്ടും ഉത്തരം കിട്ടിയില്ല പക്ഷെ ഒന്നറിയാം നിനക്കെന്നെ ഇഷ്ടമല്ല.

അവൾ, അതിനു ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടില്ല, ബന്ധം വേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ശരി, എങ്കിൽ എന്താ കാരണം എന്ന് കൂടെ പറയു. അതിനു പ്രത്യേകിച്ച് കാരണം ഒന്നുമില്ല, എനിക്ക് ഇപ്പോഴും നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഞാൻ എന്തിനാണ് ഇപ്പോൾ ഇതു പറയുന്നു എന്ന് വിചാരിച്ചാൽ, എനിക്ക് എന്നെ അല്ലെങ്കിൽ നിന്നെ വഞ്ചിക്കാൻ കഴിയില്ല. എനിക്ക് പറഞ്ഞു വിശ്വസിപ്പിക്കാൻ അറിയില്ല, സത്യമായിട്ടും എനിക്ക് അന്നും, ഇന്നും ഇഷ്ടമാണ്, ഇനി എപ്പോഴും ഇഷ്ടമായിരിക്കും. എന്നോട് വേറെ ഒന്നും ചോദിക്കരുത് ഇത്രയും കേട്ടപ്പോൾ, ഇപ്പോഴും ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ മതിമറന്നുപോയി. അനുഭവിച്ച വേദനകൾ എല്ലാം മറന്നു പോയി. “സ്നേഹിക്കപ്പെടുക എന്നത് വലിയ കാര്യമാണ്, അതും നമ്മൾ ഇഷ്ടപ്പെടുന്ന ആൾ നമ്മളെ തിരിച്ചു സ്‌നേഹിക്കുമ്പോൾ“.

അന്ന് മൊബൈൽ ഫോൺ ഇന്നത്തെ പോലെ എല്ലാവരുടെയും കൈയിൽ ഇല്ല. ചെറിയ കീപാഡ് ഫോൺ ഇറങ്ങിയ സമയത്ത് ഞാനും ഒന്ന് വാങ്ങി, എനിക്കും Nokia ഫോൺ ഉണ്ടായിരുന്നു. പോകുന്നതിനു മുൻപേ അവൾക്ക് നമ്പർ കൊടുത്തിട്ടാണ് പോയത്, അവൾക്ക് സ്വന്തമായി ഫോണില്ല. വീട്ടിലെത്തിയിട്ട് അവൾ എന്നെ വിളിച്ചു. ഞാൻ ചോദിച്ചു എന്നെ ഇനിയും ഉപേക്ഷിച്ചിട്ട് പോകുമോ? ഒരിക്കലും ഇല്ല മറുപടി. ഒരു ദിവസം മാത്രം 5, 6 തവണ വിളിക്കും, കുറച്ചു കാലത്തെ കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു ഞങ്ങൾക്ക്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പഴയതിനേക്കാൾ കൂടുതൽ ബലമായി ബന്ധം. ഇപ്പോഴാണ് ഞാൻ ശരിക്കും പേടിക്കാൻ തുടങ്ങിയത്, ഇനി എന്നെ വിട്ട് പോയാൽ എനിക്ക് എന്ത് സംഭവിക്കും എന്ന് എനിക്കറിയില്ല, അതെന്നെ വല്ലാതെ പേടിപ്പിക്കുന്നു, അനാവശ്യമായി ചിന്തിപ്പിക്കുന്നു. ഞാനതു അവളോട് പറയുകയും ചെയ്തു, ഒന്നല്ല ഒരുപാട് തവണ, അപ്പോഴെല്ലാം അവളുടെ ഉത്തരം നിനക്കെന്നെ വിശ്വാസമില്ല അല്ലെ? ഒരു കാരണം പറയാതെ എന്നെ ഉപേക്ഷിച്ചിട്ട് പോയതാണ് എന്ന് പറയാൻ എനിക്ക് ഭയം.

അങ്ങനെ വര്ഷം ഒന്ന്‌ കടന്നു പോയി, പേടിച്ചതുപോലെ തന്നെ സംഭവിച്ചു, ഒരു ദിവസം ഫോൺ വിളിച്ചിട്ടു കാണാൻ പറ്റുമോ, ഞാൻ കൂടുതൽ കടന്നു ചിന്തിക്കാത്തതുകൊണ്ട് അവളെ കാണുവാൻ പോയി. അന്ന് ഫോണിൽകൂടെ പറഞ്ഞ കാര്യം ഇന്ന് നേരിട്ട് എന്റെ മുഖത്ത് നോക്കി വീണ്ടും ആവർത്തിച്ചു. എനിക്ക് ഇ ബന്ധം മുന്നോട്ടു കൊണ്ട് പോകാൻ താല്പര്യമില്ല. പെട്ടെന്ന് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല, അവൾ എന്തൊക്കൊയോ പറയുന്നുണ്ട് എനിക്ക് മനസ്സിലാകുന്നില്ല. ഇനിയും കാരണം ചോദിച്ചിട്ടു കാര്യമില്ല തോന്നിയതുകൊണ്ടാകണം ഞാൻ കൂടുതൽ ഒന്നും മിണ്ടിയില്ല. ഒരു കാര്യത്തിൽ ആശ്വാസമുണ്ട്, ഇപ്പോഴും ഇഷ്ട്ടമല്ല എന്ന് പറഞ്ഞിട്ടില്ല.

പോകുന്നതിനു മുൻപേ ഒരു ശരിയായ വിട ഞാൻ പറഞ്ഞു. ഇനി ഒരിക്കലും കാണാതിരിക്കട്ടെ, നീ എന്തിനു എന്നെ ഉപേക്ഷിക്കുന്നു, ഇനി എനിക്ക് അറിയണ്ട. എന്റെ കണ്ണ് നിറഞ്ഞു തന്നെ പറഞ്ഞു, കണ്ണ് നിറയുന്നത് കണ്ടിട്ട് അവൾ പറഞ്ഞു കരയരുത് ആളുകൾ ശ്രദ്ധിക്കുന്നു. ഇല്ല കരയുന്നില്ല എന്റെ സ്വാഭാവികമായ വിഷമം പുറത്തുവന്നതാണ്. കൂടുതൽ ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കാതെ പതിയെ അവളിൽ നിന്നും, അവളുടെ ജീവിതത്തിൽ നിന്നും നടന്നകന്നു എന്നെന്നേക്കുമായി. വർഷങ്ങൾ വീണ്ടും പലതു കഴിഞ്ഞു ഇന്നും എന്നെ എന്തിന് ഉപേക്ഷിച്ചു എന്ന കാരണം അറിയില്ല, ഒന്നറിയാം അവളുടെ കല്യാണം കഴിഞ്ഞു.

Leave a Comment