സൂപ്പർ ഹ്യൂമൻ ആകാൻ 7 വഴികൾ: ആരോഗ്യമുള്ള ജീവിതത്തിന് പുതിയൊരു തുടക്കം

എന്റെ സുഹൃത്തിന് ഒരു അസുഖം ബാധിച്ചു, ഡോക്ടറിനെ കണ്ടു നിർദ്ദേശിച്ച  മരുന്ന് കഴിച്ചു, പക്ഷെ അസുഖം ഭേദമായില്ല. കുറച്ചു നാളുകൾക്ക് ശേഷം ആരോഗ്യാവസ്ഥ മോശമാകാൻ തുടങ്ങി, ഇത് അവനെ  മാനസികമായി തളർത്തി. പിന്നീട്  ആരുടെയോ നിർദ്ദേശമനുസരിച്ചു ഒരു വൈദ്യനെ കാണിച്ചു മരുന്ന് കഴിച്ചു, അസുഖം മാറിയില്ല. ഭയം കൊണ്ട് നിറഞ്ഞ അവൻ പരിചയമുള്ള ആളുകൾ  പറഞ്ഞതനുസരിച്ച് വ്യത്യസ്ത മരുന്നുകളും രീതികളും പരീക്ഷിക്കാൻ തുടങ്ങി, എന്നാൽ ഫലം കണ്ടില്ല. ഒരാൾ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങളുടെ ദൈവം യഥാർത്ഥമല്ല അതുകൊണ്ടാണ് നിങ്ങൾക്ക് അസുഖം വിട്ടുമാറാത്തത്. അവൻ  ആലോചിച്ചു ശരിയാണ് എന്തൊക്കെ ചെയ്തിട്ടും അസുഖം മാറുന്നില്ല, എന്നാൽ പിന്നെ ദൈവത്തെ മാറ്റി നോക്കാം. ദൈവങ്ങളെ മാറ്റി മാറ്റി പ്രാര്ഥിച്ചു നിരാശയായിരുന്നു ഫലം. എല്ലാം ശ്രമിച്ചു ഒന്നിലും സുഖപ്പെട്ടില്ല, മാനസികമായി തളർന്ന് ആരോഗ്യം നശിച്ചു, എല്ലാം അവസാനിച്ചു എന്ന് തീർച്ചപ്പെടുത്തി. 

അങ്ങനെയിരിക്കെ ഒരുനാൾ ആദ്യം കണ്ട ഡോക്ടറെ യാദൃശ്ചികമായി കാണാൻ ഇടയായി, കണ്ടപ്പോൾ തന്നെ അസുഖം ഭേദമില്ല എന്ന് മനസ്സിലാക്കിയ ഡോക്ടർ ഒരു ദിവസം തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടു, ആദ്യം  മടിച്ചെങ്കിലും വരാം എന്നേറ്റു. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഡോക്ടറെ കാണാൻ പോയത്, എന്റെ അസുഖം ഭേദമായില്ല, ആർക്കും എന്നെ രക്ഷിക്കാൻ പറ്റിയില്ല. അയാൾ പറയുന്നതെല്ലാം കേട്ടിരുന്ന ശേഷം ഡോക്ടർ പറഞ്ഞു എനിക്ക് നിങ്ങളെ രക്ഷിക്കാനാകും, എന്നാൽ ഞാൻ പറയുന്നത് പോലെ കേൾക്കാൻ തയ്യാറാണെങ്കിൽ മാത്രം. 

ശരീരം മരുന്നിനോട് പ്രതികരിക്കാൻ സമയമെടുത്തേക്കാം, ആദ്യം ക്ഷമയാണ് വേണ്ടത്. ഡോക്ടർ പറഞ്ഞ പ്രകാരം അവൻ മുടങ്ങാതെ  മരുന്ന് കഴിക്കാൻ തുടങ്ങി. പിന്നെ പറഞ്ഞ കാര്യങ്ങൾ കൃത്യമായി അനുസരിച്ചു, മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ അസുഖം ഭേദമായി. അസുഖം മാറിയപ്പോൾ ഡോക്ടറോട് കണ്ട് നന്ദി പറയുവാൻ വന്നപ്പോൾ ഡോക്ടർ പറഞ്ഞു, ജീവിതത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും സാധിക്കാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്തത്. അതുകൊണ്ടാണ് അസുഖം ഭേദമായത്, എന്റെ കഴിവ് കൊണ്ട് മാത്രമല്ല. മരുന്ന് മാത്രം കൊണ്ടല്ല നിങ്ങളുടെ മനഃശക്തികൊണ്ടും, ചിട്ടയായ ജീവിതവുമാണ് രോഗം മാറാൻ സഹായമായത്.

നിങ്ങൾക്ക് ഒരു സൂപ്പർ ഹ്യൂമൺ ആകണോ?

നിങ്ങൾക്കൊരു സൂപ്പർ ഹ്യൂമൻ ആകുവാൻ ആഗ്രഹമുണ്ടോ? എന്നാൽ കോമിക് കഥയിലെ അല്ലെങ്കിൽ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചല്ല ഇവിടെ വിവരിക്കാൻ പോകുന്നത്. പറക്കാനും, വില്ലന്മാരെ ഇടിച്ചു തെറിപ്പിക്കാനും, ആളുകളുടെ മനസ്സിലുള്ള കാര്യം മനസ്സിലാക്കാനും, ഒരിക്കലും മരിക്കാതെ ജീവിക്കാനും കഴിയില്ല. പിന്നെ എന്തിനാ സൂപ്പർ ഹ്യൂമൻ ആകുന്നത് ? 

സൂപ്പർ ഹ്യൂമൻ ആകുവാൻ എളുപ്പ വഴികൾ ഇല്ല. ജീവിത രീതി മാറ്റിയാൽ നിങ്ങൾക്കൊരു സൂപ്പർ ഹ്യൂമൻ ആകാൻ സാധിക്കും. 

സ്വയം പരിവർത്തനം ചെയ്യാനുള്ള 7 മാർഗ്ഗങ്ങൾ:

1. നല്ല ഉറക്കം: എല്ലാ ദിവസവും കൃത്യ സമയം  ഉറങ്ങാൻ കിടന്നാൽ നല്ല ഉറക്കം ലഭിക്കുകയും നേരത്തെ ഉണരുവാനും കഴിയും. എട്ട് മണിക്കൂർ ഉറങ്ങുക, അതുവഴി ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ സാധിക്കും. നേരത്തെ ഉണരുന്നതുകൊണ്ട് എല്ലാ ജോലികളും നേരത്തെ ചെയ്തു തീർക്കുവാൻ സാധിക്കും.  

2. യോഗ/മെഡിറ്റേഷൻ: ഇവ ശീലമാക്കുക, ഈ പരിശീലനങ്ങൾ വഴക്കം, ശക്തി, സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യും.  പോസിറ്റീവ് ആയി ചിന്തിക്കാനും, ആത്മ ധൈര്യം കിട്ടുകയും, ജീവിതത്തെ കുറിച്ച് നല്ല കാഴ്ചപ്പാടിനും സഹായിക്കും. ശരീരം ഫിറ്റ് ആകും, അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കുറയും.

3. ബ്ലാക്ക് കോഫി: ചായ, പഞ്ചസാര എന്നിവ ഒഴിവാക്കി, ബ്ലാക്ക് കോഫി (കട്ടൻ കാപ്പി) കുടിക്കുക. ബ്ലാക്ക് കോഫി കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, ഫാറ്റി ലിവർ നിന്നും രക്ഷ നേടാൻ സഹായിക്കും. ഉന്മേഷവും ജാഗ്രതയും വർധിപ്പിക്കുന്നു, മാനസികാവസ്ഥ ഉയർത്തുന്നു. ആന്റിഓക്‌സിഡന്റുകളുടെയും ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കാരണം, പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഒരു ദിവസം മൂന്ന് മുതൽ നാല് കപ്പ് ബ്ലാക്ക് കോഫി പഞ്ചസാര ഇല്ലാതെ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

4. ഭക്ഷണക്രമം: ആഹാരം കഴിക്കുവാൻ സമയം ക്രമീകരിക്കുക. രാത്രി 8 മണിക്ക് മുന്നേ ആഹാരം കഴിക്കുക പിറ്റേന്ന് രാവിലെ 9 മണിക്ക് ആഹാരം കഴിക്കുക. 13 മണിക്കൂർ ഉപവാസം നിങ്ങളുടെ ശരീരത്തിന് മികച്ചതാണ്. വണ്ണം വയ്ക്കില്ല, വണ്ണം ഉള്ളവർ ഇത് ശീലമാക്കിയാൽ വണ്ണം കുറയ്ക്കാൻ സാധിക്കും. ഉപവാസം നിങ്ങളുടെ ശരീരം ഇൻസുലിൻ ഉപയോഗിക്കുന്ന രീതി മെച്ചപ്പെടുത്താൻ ഉപകരിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. രക്തസമ്മർദ്ദവും, കൊളസ്ട്രോളും, ശരീര വീക്കവും കുറയ്ക്കാൻ സഹായിക്കും, ഭാരം കുറയുമ്പോൾ നന്നായി ശ്വസിക്കാൻ സാധിക്കും. ക്യാൻസറിനുള്ള സാധ്യത കുറയും.

ആഹാരം കഴിക്കുമ്പോൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. പഞ്ചസാര പൂർണമായും ഉപേക്ഷിക്കുക. ഉപ്പിന്റെ അളവ് കുറയ്ക്കുക, പൊരിച്ച ഭക്ഷണം കുറയ്ക്കുക, ജങ്ക് ആഹാരം ഒഴിവാക്കുക. പച്ചക്കറികളും, പഴവർഗങ്ങളും, പയര് വർഗ്ഗങ്ങളും, ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആർട്ടിഫിഷ്യൽ അല്ലെങ്കിൽ കളർ ചേർത്ത വെള്ളം കുടിക്കരുത്. നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം കഴിക്കുക, അതുവഴി ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. ആവശ്യത്തിന് ആഹാരം കഴിക്കുക, വയർ നിറയെ ആഹാരം കഴിക്കരുത്, ആവശ്യത്തിന് വെള്ളം കുടിക്കുക. 

5. ഡിജിറ്റൽ ഡിറ്റോക്സ്: രാവിലെ മുതൽ അവരവരുടെ ജോലികൾ ചെയ്യുക. ഇതിനിടയിൽ അത്യാവശ്യത്തിന് മാത്രം ഫോൺ ഉപയോഗിക്കുക. രാവിലെ ഉണർന്ന ഉടനെ ഫോൺ ഉപയോഗിക്കാതിരിക്കുക. അത് നിങ്ങളുടെ ശ്രദ്ധക്കുറവിന്  കാരണമാകും. അഞ്ച്‌ മിനിറ്റ് ഇടവേളകളിൽ ഫോൺ പരിശോദിക്കരുത്, അനാവശ്യമായ നോട്ടിഫിക്കേഷൻ എല്ലാം ഓഫ് ചെയ്യുക. ഫോണിൽ ഗെയിംസ് കളിക്കുന്നത് ഒഴുവാക്കുക, ഫോണിന് അഡിക്ട് ആകരുത്. ലോകത്തുള്ള എല്ലാ വാർത്തകളും അറിയേണ്ട ആവശ്യം നമുക്കില്ല, അതിനാൽ ആവശ്യമുള്ള ന്യൂസ് മാത്രം കാണുക. രാത്രി കിടക്കുന്നതിന് തൊട്ട് മുൻപും,  ഉറക്കം ഉണർന്ന  ഉടനെയും ന്യൂസ് കാണരുത്. നമ്മുടെ ചുറ്റുപാടുകൾക്ക് നമ്മുടെ മനസ്സ് നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

6. വ്യായാമം: ഓടാൻ പോകുകയോ ജിം പോവുകയോ ചെയ്യുക. മനസ്സിനെയും ശരീരത്തിനെയും ആരോഗ്യത്തോടെ സംരക്ഷിക്കുക ആഴ്ചയിൽ നാലു മുതൽ അഞ്ച് ദിവസം വരെ മുടങ്ങാതെ വ്യായാമം ചെയ്യുക. ദിവസത്തിൽ രണ്ട് നേരവും പല്ല് തേയ്ക്കുക. രാവിലെയോ വൈകുന്നേരമോ അല്ലെങ്കിൽ രണ്ടു നേരവും പച്ച വെള്ളത്തിൽ കുളിക്കുക. രാത്രി കിടക്കുന്നതിന് രണ്ട് മണിക്കൂറിന് മുൻപ് ഫോൺ ഉപയോഗം അവസാനിപ്പിക്കുക. രാത്രി നല്ല പുസ്തകങ്ങൾ വായിക്കാനും ശ്രമിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ പൂർണമായും ലൈറ്റ് ഓഫ് ചെയ്യുക.  

7. സാമൂഹിക ജീവിതം: എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാതെ പുറത്തോട്ട് ഇറങ്ങുക, ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക, യാത്രകൾ ചെയ്യുക, പാട്ട് കേൾക്കുക, കുറ്റം പറയാതിരിക്കുക, അമിതമായി ചിന്തിക്കരുത്, വൈരാഗ്യം വെച്ചുപുലർത്തരുത്, ആരോടും സ്വന്തമായും ദേഷ്യപ്പെടരുത്, ആരെയും പരിഹസിക്കരുത്, സ്വന്തം കാര്യം ശ്രദ്ധിക്കുക, മറ്റുള്ളവരെ സഹായിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുക, സ്കിൽ സംബന്ധ കാര്യങ്ങൾ പഠിക്കുക, അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുക. 

ഉപസംഹാരം

ഒരേ ഒരു ജീവിതം മാത്രമേ ഉള്ളു, കഴിഞ്ഞ പോയ ജീവിതവും, വരാനിരിക്കുന്ന ജീവിതവും നമുക്ക് ചിന്തിക്കേണ്ട ആവശ്യമില്ല. വർത്തമാന കാലത്തിൽ അല്ലെങ്കിൽ ഈ സമയത്ത് ജീവിക്കുക. “ജീവിതം ഒരു പുഴപോലെയാണ്, അത് ഒഴുകുകയാണ്, പിടിച്ചു നിർത്താൻ കഴിയില്ല.”     

മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒറ്റയടിക്ക് ചെയ്യാൻ സാധിക്കില്ല. പക്ഷെ ക്ഷമയോടെ  പരിശ്രമിച്ചാൽ നമുക്ക് കഴിയാത്തത് ഒന്നും തന്നെ ഇല്ല.  ശ്രമിക്കൂ ആരെയും ബോധിപ്പിക്കാനല്ല സമാധാന പൂർണമായ ഒരു ജീവിതം ഭൂമിയിൽ ജീവിച്ചു തീർക്കാൻ. ഇത്രയും ചെയ്യാൻ സാധിച്ചാൽ നിങ്ങളൊരു സൂപ്പർ ഹ്യൂമൻ ആകും.

Leave a Comment