
ഓർമവെച്ച നാൾ മുതൽ ഞാനൊരു സിനിമ പ്രേമിയാണ്, അച്ഛനും അമ്മയും സിനിമ കാണാൻ തീയേറ്ററിൽ പോകാറില്ല, അതിനാൽ ഞാൻ ബന്ധുക്കളുടെ കൂടെയാണ് സിനിമ കാണാൻ പോയിരുന്നത്. വയസ്സ് കൂടിയപ്പോൾ അച്ഛന്റെ സമ്മതത്തോടെ, എന്റെ ഒരു ബന്ധു അദ്ദേഹം എന്നെ തീയേറ്ററിൽ കൊണ്ട് പോയി സിനിമ ടിക്കറ്റ് എടുത്ത് അകത്തു കയറ്റി വിടും. പിന്നീട് ഞാൻ ഒറ്റയ്ക്ക് സിനിമ കാണാൻ പോയി തുടങ്ങി.
കുറച്ച് വർഷങ്ങൾ കഴിഞ്ഞു സിനിമ തിയേറ്ററിന്റെ മുന്നിൽ എത്തുമ്പോൾ എനിക്ക് ഭയം തോന്നുന്നു. ആരൊക്കെ കൂടെ ഉണ്ടായാലും എനിക്ക് ഭയം വ്യക്തമായി അനുഭവപ്പെടാൻ തുടങ്ങി. ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ ഭയം കൂടുതലാണ്, എത്ര ചിന്തിച്ചിട്ടും എനിക്ക് കാര്യം മനസ്സിലാകുന്നില്ല. പേടി കൂടുന്നതല്ലാതെ കുറയുന്നില്ല, കാരണവും മനസ്സിലാകുന്നില്ല, ഞാൻ ചിന്തിക്കാൻ തുടങ്ങി, എങ്ങനെ ചിന്തിച്ചിട്ടും ഒരു കാരണവും കണ്ടെത്താൻ സാധിച്ചില്ല.
ഒരിക്കൽ ഞാൻ കൂട്ടുകാരുമൊത്തു സിനിമ കാണാൻ പോയി, അവിടെ എത്തിയപ്പോൾ ടിക്കറ്റ് കൊടുത്തു തുടങ്ങിയില്ല, പുറത്തു കാത്തിരുന്നപ്പോൾ ഒരു കാഴ്ച കണ്ടു, ഞാൻ ശരിക്കും ഞെട്ടി. അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ എന്തിനാണ് പേടിക്കുന്നത്. അവിടെ നിന്നിരുന്ന ചെറുപ്പക്കാർ ഒരു സ്കൂൾ വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നു.
ഞാൻ പണ്ട് ഒറ്റയ്ക്ക് സിനിമയ്ക്ക് പോയി തുടങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, രണ്ട് ചെറുപ്പക്കാർ എന്നെ തടഞ്ഞു നിർത്തി, എന്റെ കൈയിൽ നിന്നും പണം പിടിച്ചു വാങ്ങി. ആ സംഭവം എന്നെ വല്ലാതെ പേടിപ്പെടുത്തി, അതിനു ശേഷം കുറച്ചു കാലത്തേക്ക് സിനിമ കാണാൻ പോയില്ല. എന്റെ ഓർമകളിൽ നിന്നും സംഭവം ഞാൻ മറന്നു പക്ഷെ പേടി എന്നിൽ ഉണ്ടായിരുന്നു.
അമിഗ്ദല: ഭയത്തിന്റെ കാവൽക്കാരൻ
ഭയം ഉണ്ടാകുന്നതിലും, പ്രകടിപ്പിക്കുന്നതിലും അമിഗ്ദല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചുറ്റുപാടുകളിലെ അപകടങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ അമിഗ്ദല നമ്മെ സഹായിക്കുന്നു. ബദാം ഘടന കാരണം ബദാം എന്നർത്ഥമുള്ള അമിഗ്ദല എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അമിഗ്ദല എന്ന പേര് രൂപപ്പെട്ടത്. ഹിപ്പോകാമ്പസിന് തൊട്ടുമുമ്പായി (മുന്നിൽ) മധ്യഭാഗത്തുള്ള ടെമ്പറൽ ലോബിലാണ് അമിഗ്ദല സ്ഥിതി ചെയ്യുന്നത്. ഹിപ്പോകാമ്പസിനെപ്പോലെ, തലച്ചോറിന്റെ ഓരോ അർദ്ധഗോളത്തിലും ഒന്ന് സ്ഥിതിചെയ്യുന്ന ഒരു ജോടിയാക്കിയ ഘടനയാണ് അമിഗ്ദല.
വികാരത്തിന്റെയും, ഓർമ്മയുടെയും പല വശങ്ങളെയും മധ്യസ്ഥമാക്കുന്ന ഒരു ന്യൂറൽ നെറ്റ്‌വർക്കായ ലിംബിക് സിസ്റ്റത്തിന്റെ ഭാഗമാണ് അമിഗ്ദല. അമിഗ്ദാലയ്ക്ക് രണ്ട് പ്രധാന ഭാഗങ്ങളുണ്ട് ബാസൊലാറ്ററൽ കോമ്പ്ലക്സുകൾ (BLA) ഭയത്തെ തിരിച്ചറിയാനും പഠിക്കാനും സഹായിക്കുന്നു. സെൻട്രൽ ന്യൂക്ലിയസ്(CeA) ഭീതിപ്പെടുത്തുന്ന സാഹചര്യത്തിൽ ശരീരപ്രതികരണം ഉണർത്തുന്നു. കോപം, ആനന്ദം, ഭയം തുടങ്ങി എല്ലാ വികാരങ്ങളും പ്രോജസ്സ് ചെയ്യുന്നതിനും അവയെ നിയന്ത്രിക്കുന്നതിനും അമിഗ്ദാല സഹായിക്കുന്നു.
ഉത്കണ്ഠ തോന്നുന്നത് എന്തുകൊണ്ട്?
തലച്ചോറിലെ രണ്ട് വ്യത്യസ്ത മേഖലകളായ കോർട്ടെക്സിലും, അമിഗ്ദലയിലുമാണ് ഉത്കണ്ഠ ഉണ്ടാകുന്നത്. ചിന്തകളിലൂടെയും, ചിത്രങ്ങളിലൂടെയുമാണ് ഉത്കണ്ഠ കോർട്ടെക്സിൽ രൂപപ്പെടുന്നത്. ഒരു അപകടസാധ്യതയുള്ള അവസ്ഥയെ മനസ്സിലാക്കാനും, ശരീരത്തെ അതിനായി തയ്യാറാക്കാനും അമിഗ്ദാല പ്രധാന പങ്ക് വഹിക്കുന്നു. വികാരഭരിതമായ സംഭവങ്ങൾ കൂടുതൽ നമ്മളെ ബാധിക്കാൻ കാരണം അമിഗ്ദാലയുടെ ഇടപെടലാണ്. അതാണ് നമ്മളെ ചില അനുഭവങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ ഇടയാക്കുന്നത്.
കോർട്ടെക്സിലാണ് ഉത്കണ്ഠ തുടങ്ങുന്നതെങ്കിലും, ഉത്കണ്ഠയുടെ പ്രതികരണത്തിന് അമിഗ്ദല ആവശ്യമാണ്. ഉത്കണ്ഠ ചില സമയം ജാഗ്രത നൽകുമെങ്കിലും, മോശം അവസ്ഥയിൽ ജീവിതത്തെ ആശയകുഴപ്പത്തിലാക്കും. നമ്മുടെ മിക്ക ഉത്കണ്ഠകളും അനാവശ്യമാണ്, ഉദാഹരണത്തിന് നമ്മൾ വീട്ടിലേക്ക് പോകുന്ന റോഡ് വഴി ഒരു ആംബുലൻസ് കടന്നു പോകുന്നുണ്ടെങ്കിൽ ഉറപ്പായും പേടിക്കും, വേണ്ടപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന് ചിന്തിക്കും. എന്നാൽ ഒന്നും സംഭവിക്കില്ല പേടിച്ചതും, ചിന്തിച്ചു കൂട്ടിയതുമായ കാര്യങ്ങൾ എല്ലാം വെറുതെയാകും. അകാരണമായി നിങ്ങൾ പേടിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, മുൻപ് എപ്പോഴോ നടന്ന പേടിപ്പെടുത്തിയ സംഭവങ്ങൾ ഓർമയിൽ നിന്നും മറഞ്ഞാലും നമ്മുടെ അമിഗ്ദാല സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഭയപ്പെടുന്നത്.
നമ്മുടെ തലച്ചോർ മനസ്സിലാക്കിയ പേടിപ്പെടുത്തുന്ന വിവരങ്ങൾ എല്ലാം അമിഗ്ദല സൂക്ഷിക്കുന്നുണ്ട്. അതിനുള്ള കാരണം അപകടകരമായ സാഹചര്യങ്ങൾ തിരിച്ചറിയുമ്പോൾ ശരീരം അതിനോട് പ്രതികരിക്കാൻ വേണ്ടിയാണ്. എല്ലാ മനുഷ്യരും പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ഒരു നായ കടിക്കാൻ വന്നാൽ ഒരാൾ പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കും, അല്ലെങ്കിൽ ഓടും അതുമല്ലെങ്കിൽ പൊരുതും. ഉത്കണ്ഠ സെറിബ്രൽ കോർട്ടെക്സിലാണ് ആരംഭിക്കുന്നതെങ്കിലും അമിഗ്ദലയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില ഉത്കണ്ഠകൾ അമിഗ്ദലയുമായി നേരിട്ട് ബന്ധമുണ്ട് പക്ഷെ കോർട്ടെക്സിന് ഓർമയിൽ അത് സൂക്ഷിച്ചിട്ടില്ല.
ചില പ്രത്യേക സാഹചര്യങ്ങളിൽ അമിഗ്ദാല ശരീരത്തിന്റെ കൺട്രോൾ ഏറ്റെടുക്കുന്നു. മദ്യം അമിഗ്ദലയ്ക്കുള്ളിലെ വികാരങ്ങളുടെ പ്രോസസ്സിംഗിനെ തടസ്സപ്പെടുത്തുന്നു, അതിനാൽ ഒരു വ്യക്തിക്ക് മറ്റൊരാളുടെ പെരുമാറ്റത്തെ തെറ്റായി വ്യാഖ്യാനിക്കാൻ സാധിക്കും. പേടിപ്പെടുത്തുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ധൈര്യത്തോടെ നേരിടുകയാണെങ്കിൽ, പേടിയെ നമുക്ക് കീഴ്പ്പെടുത്താം. പക്ഷെ പൂർണമായും അമിഗ്ദാല നിയന്ത്രിക്കാൻ സാധ്യമല്ല.
നടന്ന് പോകുമ്പോൾ പെട്ടെന്ന് ഒരു വസ്തു കാണുമ്പോൾ പേടിക്കുന്നു, നിൽക്കുന്നു അത് എന്താണെന്ന് തലച്ചോർ മനസ്സിലാക്കുന്നതിന് മുൻപ് അമിഗ്ദാല അപായ സൂചന നൽകി പ്രതികരിക്കുന്നു. യഥാർത്ഥത്തിൽ ഒരു വള്ളി തറയിൽ കിടക്കുന്നതാകാം അല്ലെങ്കിൽ ഒരു പാമ്പ് തന്നെ ആയിരിക്കാം. പുരാതന കാട്ടിൽ ജീവിച്ച മനുഷ്യനെ അപകടങ്ങൾ നിന്നും രക്ഷപെടാൻ സഹായിച്ചതും, മനുഷ്യൻ അതിജീവിച്ചതും അമിഗ്ദാലയുടെ ഇടപെടലാണ് അഥവാ ഭയം ഉള്ളതുകൊണ്ടാണ്. ഭയം ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ, ഇടി മിന്നൽ ഉള്ള സമയം പുറത്തു ഇറങ്ങി നടക്കും, വന്യ മൃഗങ്ങളെ പേടിക്കില്ല, തീ പേടിക്കില്ല, അപകടകരമായ സാഹചര്യങ്ങൾ വന്നാൽ പ്രതികരിക്കില്ല. ഒരു വിധത്തിൽ ഭയം നമ്മളെ അതിജീവിക്കാൻ സഹായിക്കുന്നു. എന്നാൽ അമിത ഭയം മാനസികമായും, ശാരീരികമായും നല്ലതല്ല. ആധുനിക സമൂഹത്തിൽ അമിഗ്ദലയുടെ മിക്ക പ്രതികരണവും അനാവശ്യമാണ്.
എങ്ങനെ നിയന്ത്രിക്കാം?
മൈൻഡ്‌ഫുൾ ബ്രീത്തിംഗ്: ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമിഗ്ദലയുടെ അമിത സജീവത കുറയ്ക്കാൻ സഹായിക്കും.
നേരിടുക: ഭയപ്പെടുത്തുന്ന സാഹചര്യങ്ങളെ ധൈര്യപൂർവ്വം നേരിടുമ്പോൾ തലച്ചോർ പുതിയ പാഠങ്ങൾ പഠിക്കുകയും ഭയം കുറയുകയും ചെയ്യും.
ധ്യാനവും യോഗയും: പതിവായുള്ള പരിശീലനം തലച്ചോറിന്റെ ഘടനയിൽ തന്നെ പോസിറ്റീവായ മാറ്റങ്ങൾ വരുത്തും
ഉപസംഹാരം
അമിഗ്ദല ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ്. കഴിഞ്ഞു പോയ കാര്യങ്ങളെ പറ്റി ഓർത്തു പേടിക്കുന്നു, നടക്കാത്ത കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു ഭയപ്പെടുന്നു. ചിന്തകൾക്ക് നിങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന തിരിച്ചറിവ് വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എല്ലാവർക്കും. നെഗറ്റീവ് ചിന്തകൾ വന്നാൽ പേടിക്കാതെ അതിനെ തിരിച്ചറിഞ്ഞു കൂടുതൽ ആഴത്തിലുള്ള ചിന്തയിലേക്ക് കടക്കാതെ മാറ്റി ചിന്തിക്കുക. ദീർഘമായി പതിയെ ശ്വാസം എടുക്കുക പുറത്തു വിടുക. ഒരു രണ്ടു മൂന്ന് മിനിറ്റ് ചെയ്യുക. മെഡിറ്റേഷൻ ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്.
സ്നേഹം, പ്രണയം പോലുള്ള പോസിറ്റീവായ വികാരങ്ങൾ അമിഗ്ഡാലയുടെ പ്രവർത്തനം കുറയ്ക്കാൻ സഹായിക്കുന്നു. പോസിറ്റീവ് ആയി ജീവിച്ചാൽ ജീവിതം പോസിറ്റീവ് ആയിരിക്കും. ഭയം നമ്മുടെ നിഴൽ പോലെയാണ്, നമ്മൾ ഓടിയൊളിക്കാൻ ശ്രമിക്കുന്തോറും അത് പുറകെ വരും; എന്നാൽ ധൈര്യത്തോടെ തിരിഞ്ഞുനിന്ന് അതിനെ അഭിമുഖീകരിച്ചാൽ ആ നിഴൽ പതിയെ മാഞ്ഞുപോകുന്നത് നമുക്ക് കാണാം. ഓർക്കുക, നിങ്ങളുടെ ഭയത്തേക്കാൾ വലുതാണ് നിങ്ങളുടെ മനക്കരുത്ത്. ഓരോ ചെറിയ ചുവടുവെപ്പിലൂടെയും നമുക്ക് ഭയത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനും ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിക്കും.