
ഓൺലൈൻ ലോകത്ത് കുറച്ചു നേരം മാറി നിന്നാൽ എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭീതിയായ ‘ഫോമോ’ അഥവാ’ ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്’ ആധുനിക സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന ഒരു മാനസിക അവസ്ഥയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരന്തരം സജീവമായിരിക്കുന്നവരിൽ ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. താൻ ഓൺലൈനില്ലാത്ത സമയത്ത് പ്രധാനപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ നടക്കുമോ ? മറ്റുള്ളവർ ആഘോഷിക്കുന്ന അവസരങ്ങളിൽ നിന്ന് താൻ ഒഴിവാക്കപ്പെടുമോ ? എന്ന ആശങ്കയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്.
ഏതു സമയത്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാലും ഉടൻ വന്ന് ലൈക്കോ കമന്റോ ചെയ്തിട്ടു പോകുന്നവർ ഫോമോ ഉള്ളവർ ആകാനുള്ള സാധ്യത കൂടുതലാണ്. ഇവർ സോഷ്യൽ മീഡിയയിൽ അഹോരാത്രം കുത്തിയിരിക്കുകയും,തങ്ങൾ ഓൺലൈനിൽ ഇല്ലാത്ത സമയത്ത് മറ്റുള്ളവർ അവിടെ സന്തോഷിക്കുന്നുണ്ടാകും എന്ന ചിന്ത കൂടുതലാണ്. ആ ചിന്ത അവരെ അലട്ടുന്നതുകൊണ്ടാണ് എപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഒരു യാത്ര പോകുന്ന ഒരാൾ അവിടെ എത്തിയാൽ ആദ്യം ചെയ്യുന്നത്, മൊബൈൽ എടുത്ത് പുതിയ അപ്‌ഡേറ്റകൾക്കുവേണ്ടി സോഷ്യൽ മീഡിയ നോക്കുകയാണ്.
ഫോമോ ബാധിച്ചവർ നിരന്തരം ഫോൺ പരിശോധിക്കും. വേറൊരു വ്യക്തിയുമായി സംസാരിക്കുമ്പോഴും, ആഹാരം കഴിക്കുമ്പോഴും, ബാത്റൂമിലും, ക്ലാസ്സിലും, വണ്ടിയോടിക്കുമ്പോഴും, ഓഫീസ് സമയത്തും,രാത്രി ഉറങ്ങാതെയും ശ്രദ്ധ ഫോണിലാകും. ഇത് പഠനത്തെയും തൊഴിലിനെയും, ചിലപ്പോൾ ജീവിതത്തെ വരെ പ്രതികൂലമായി ബാധിച്ചെന്ന് വരാം. ഫോമോയുടെ മറ്റൊരു പ്രശ്നമാണ് മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം നിരന്തരം താരതമ്യം ചെയ്യുന്നതും, മറ്റുള്ളവർ പങ്കുവയ്ക്കുന്ന ആഘോഷങ്ങളിലും സന്തോഷങ്ങളിലും താൻ പങ്കെടുക്കാത്തതിൽ അസംതൃപ്തി തോന്നുന്നതും. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം മുഴുവനായി വിശ്വസിക്കുകയും, എനിക്ക് ഇതിനൊന്നും കഴിയുന്നില്ല അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഇതൊന്നും സംഭവിക്കുന്നില്ല, എന്ന് ചിന്തിച്ചു വിഷമിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
ഫോമോയുടെ ആഘാതങ്ങൾ
പുതിയ നോട്ടിഫിക്കേഷനുകൾക്കായി കാത്തിരിക്കുന്നതും, അവ ലഭിക്കാത്തപ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നതും ഫോമോ ബാധിച്ചവരിൽ സാധാരണയാണ്. നിത്യജീവിതത്തിൽ നിന്ന് വലിയ സംതൃപ്തി കിട്ടാത്തവരും, മോഹങ്ങൾ പലതും നടക്കാതെ പോയവരും ഫോമോയ്ക്ക് കൂടുതൽ സാധ്യതയുള്ളവരാണ്. ഇത്തരം വ്യക്തികൾ തങ്ങളുടെ ജീവിതത്തിലെ അപൂർണതകൾ മറികടക്കാനുള്ള മാർഗമായി സോഷ്യൽ മീഡിയയെ കാണുന്നു. യഥാർത്ഥത്തിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം അവരുടെ അസംതൃപ്തി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
കൗമാരക്കാരിലും യുവജനങ്ങളിലും ഫോമോ കൂടുതലായി കാണപ്പെടുന്നു. സാമൂഹിക അംഗീകാരത്തിനും സ്വീകാര്യതയ്ക്കും വേണ്ടിയുള്ള ആഗ്രഹം ഈ പ്രായക്കാരിൽ ശക്തമായതിനാൽ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾക്കായി അമിതമായി ആശ്രയിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി പലരും സോഷ്യൽ മീഡിയയിലെ വ്യാജ സന്തോഷലോകത്തേക്ക് അഭയം പ്രാപിക്കുന്നു.
ഫോമോ ബാധിച്ചവരിൽ ഉറക്കക്കുറവ്, ആശങ്ക, മാനസിക സമ്മർദം എന്നിവയും കൂടുതലായി കാണപ്പെടുന്നു. നിരന്തരമായി സോഷ്യൽ മീഡിയ പരിശോധിക്കുന്ന ശീലം ഉറക്കസമയത്തെ കുറയ്ക്കുകയും, ഇത് ദീർഘകാലം തുടരുന്നത് ശാരീരികാരോഗ്യത്തെയും ബാധിക്കും.
യഥാർത്ഥ ജീവിതത്തിലെ സാമൂഹിക ഇടപെടലുകളെക്കാൾ ഓൺലൈൻ ലോകത്തിന് പ്രാധാന്യം നൽകുന്നത് ബന്ധങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു.ഫോമോ സൃഷ്ടിക്കുന്ന നിരന്തര താരതമ്യവും
അസംതൃപ്തിയും കുടുംബബന്ധങ്ങൾ, ദാമ്പത്യബന്ധങ്ങൾ എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു. മറ്റുള്ളവരുടെ ജീവിതം കൂടുതൽ ആകർഷകമാണെന്ന തോന്നൽ കൂടുതൽ അസംതൃപ്തിക്കും തന്മൂലം ബന്ധങ്ങളിൽ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
ഫോമോയെ അതിജീവിക്കാനുള്ള മാർഗങ്ങൾ
1. ഫോമോയെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ഡിജിറ്റൽ ഡിറ്റോക്സ്.
2. ആഴ്ചയിൽ ഒരു ദിവസം പൂർണമായും സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക. ദിവസത്തിൽ ഒരു നിശ്ചിത സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുക. 3. സ്ക്രീൻ ടൈം സെറ്റ് ചെയ്യുക, മൊബൈൽ ഫോണിലെ അറിയിപ്പുകൾ ഓഫ് ചെയ്യുന്നതും,ഓട്ടോമാറ്റിക് ലോഗിൻ സെറ്റിംഗുകൾ നീക്കം ചെയ്യുക.
4. ഉറങ്ങുന്നതിന് മുമ്പുള്ള സമയം, ഭക്ഷണം കഴിക്കുന്ന സമയം, കുടുംബാംഗങ്ങളോടൊപ്പമുള്ള സമയം ഫോൺ ഉപയോഗം കുറയ്ക്കുക.
5. ധ്യാനം, യോഗ, ശ്വാസനിയന്ത്രണ വ്യായാമങ്ങൾ എന്നിവ സ്വബോധം വികസിപ്പിക്കാനും, നിലവിലെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. 6. നല്ല പുസ്തകങ്ങൾ വായിക്കുക,നടക്കാനോ, ക്രിക്കറ്റ് കളിക്കാനോ മറ്റ് വിനോദങ്ങളിൽ ഏർപ്പെടുക 7. രാവിലെ ഉണരുന്ന നേരത്തും, ഉറങ്ങുന്നതിന് തൊട്ടു മുൻപും മൊബൈൽ കഴിവതും നോക്കാതിരിക്കുക.
8. യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾക്ക് മുൻഗണന നൽകുക. പുതിയ ഹോബികൾ വികസിപ്പിക്കുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നേരിട്ടുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുക, പ്രകൃതിയുമായി ഇടപഴകുക എന്നിവ നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ഫോമോയുടെ ആഘാതങ്ങളെ കുറയ്ക്കുകയും ചെയ്യും.
9. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, മതിയായ ഉറക്കം എന്നിവയും ഫോമോയുടെ ആഘാതങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു.
ഉപസംഹാരം
ഫോമോയുടെ ലക്ഷണങ്ങൾ തിരിച്ചറിയുകയും, അത് എങ്ങനെ നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുക. സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ പലപ്പോഴും സത്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും, ആളുകൾ സ്വന്തം ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രമാണ് പങ്കുവയ്ക്കുന്നതെന്നും മനസിലാക്കുക. ഓൺലൈൻ ലോകം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും, നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്.സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിനും, അതിന് അടിമപ്പെടാതിരിക്കുന്നതിനും ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികാരോഗ്യത്തിന് ഫോമോ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെങ്കിൽ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് ഉചിതമായിരിക്കും.