
എന്റെ സുഹൃത്ത് ഓഫീസ് ജീവനക്കാരനാണ്, എല്ലാ ദിവസവും ജോലി കഴിഞ്ഞു സ്ഥിരമായി കളിക്കാൻ പോകുമായിരുന്നു. അപ്പോഴാണ് കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും, “രാജ്യങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു”. കോവിഡ് സാഹചര്യങ്ങൾ തുടർന്ന് കൂട്ടുകാരന് കളിക്കാൻ പറ്റിയില്ല, ശരീരം അനങ്ങി ഒന്നും ചെയ്തതുമില്ല. ഒരിക്കൽ ചെറിയ തലവേദന തുടങ്ങി ഡോക്ടറെ കാണിക്കാതെ ഗുളിക വാങ്ങി കഴിച്ചു, പക്ഷെ തലവേദന മാറിയില്ല. അത് സാവധാനം തലവേദനയിൽ നിന്നും തലപ്പെരുപ്പമായി മാറി. കുറച്ചു ദിവസം കഴിഞ്ഞിട്ടും തലപ്പെരുപ്പം മാറാതെ വന്നപ്പോൾ ഡോക്ടറെ കാണിച്ചു, ഡോക്ടർ കുറച്ചധികം ടെസ്റ്റുകൾ ചെയ്യാൻ ആവശ്യപ്പെട്ടു.
രക്തപരിശോധന ഫലം വന്നപ്പോൾ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാൽ മരുന്ന് എഴുതുകയും, വ്യായാമം ചെയ്യാനും, ഭക്ഷണം ക്രമീകരിക്കാനും നിർദ്ദേശിച്ചു. ഗുളിക സ്ഥിരമായി കഴിച്ചു, ആറ് ദിവസവും വ്യായാമവും ചെയ്തു ആഹാരം ക്രമീകരിച്ചു. കുറച്ചു നാൾ കഴിഞ്ഞു കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തപ്പോൾ കുറഞ്ഞതായി ഫലം. ഗുളിക തീർന്നു വ്യായാമം മൂന്ന് ദിവസമായി മാറ്റിയതോടൊപ്പം, വ്യായാമം ചെയ്യുന്ന സമയവും കുറച്ചു, കൂട്ടത്തിൽ വ്യായാമത്തിന് ശേഷം നല്ല മധുരത്തിൽ ചായയും പലഹാരവും അതുമല്ലെങ്കിൽ നല്ല മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തുടങ്ങി.
ഒരു വർഷം കഴിഞ്ഞു ഇപ്പോൾ വ്യായാമം പൂർണ്ണമായും നിർത്തി, വീണ്ടും ബുദ്ധിമുട്ടുകൾ കാരണം രക്തം പരിശോധിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ, പിന്നെ കൊളസ്ട്രോളും. ഡോക്ടറെ കാണിച്ചപ്പോൾ എല്ലാത്തിനും ഗുളിക എഴുതി എന്നിട്ട് പറഞ്ഞു പ്രമേഹം ഉണ്ട് നിങ്ങൾക്ക് ജീവിതാവസാനം വരെ ഗുളിക കഴിക്കേണ്ടി വരും, മധുരം പൂർണമായും ഒഴിവാക്കുക, ആഹാരം ക്രമീകരിക്കണം, വ്യായാമം ചെയ്യുന്നത് തുടരണം. കൂട്ടുകാരൻ ആകെ മാനസികമായി വിഷമത്തിലായി ഇനിയുള്ള ജീവിതകാലം മുഴുവൻ ഗുളിക കഴിക്കുക മാത്രമല്ല, നന്നായി ആഹാരം കഴിക്കാൻ സാധിക്കില്ല, “ജീവിതവും മാറി എന്ന പരമാർത്ഥം ( ഉൾകൊള്ളാൻ കഴിയുന്നില്ല
“ചായ” കെണിക്ക് പിന്നിലെ കണക്ക്
പാൽ + പഞ്ചസാര+ തേയില = ചായ 4 എണ്ണം. ഒരു കപ്പ് 72 കലോറി. 72 ✕ 4 = 288
വട = 2 എണ്ണം. ഒരു വട 100 കലോറി. 100 ✕ 2 = 200 കലോറി
ആകെ കലോറി 288 + 200 = 488 കലോറി
ഒരു ശരാശരി മലയാളി ദിവസത്തിൽ നാല് ചായയും രണ്ട് എണ്ണ പലഹാരവും കഴിക്കും. ഇവ രണ്ടും ചേർന്ന് 500 കലോറി, സാധാരണ കഠിനാധ്വാനം ചെയ്യാത്ത പുരുഷന് ദിവസം 2000 മുതൽ 2200 കലോറി ആവശ്യമാണ്. സ്ത്രീയ്ക്കാണെങ്കിൽ 1600 മുതൽ 2000 കലോറി വരെ ആവശ്യമാണ്. ചായയും പലഹാരവും കഴിക്കുമ്പോൾ തന്നെ 500 കലോറി ഏകദേശമാകും, രാവിലത്തെ ഭക്ഷണം, ഉച്ച ഊണ് (പൊരിച്ച മീൻ, ചിക്കൻ, ബിരിയാണി) രാത്രിയിലെ ഭക്ഷണം (ഫാസ്റ്റ് ഫുഡ്) ഇതിനിടയിൽ ചെറിയ രീതിയിൽ ഭക്ഷണം, പഴ വർഗ്ഗങ്ങൾ, ജ്യൂസ്, മധുര പലഹാരങ്ങൾ, വളരെ മധുരം അടങ്ങിയ പാനീയങ്ങൾ ഇതെല്ലാം കഴിക്കുമ്പോൾ കലോറി നമുക്ക് ആവശ്യമുള്ളതിനേക്കാൾ ഇരട്ടി അധികമാകും.
അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ അനന്തരഫലങ്ങൾ
ദിവസവും അമിതമായി ഭക്ഷണം കഴിക്കുന്നത് സാവധാനം ശരീരഭാരം വർധിപ്പിക്കും. ആവശ്യത്തിലധികം വരുന്ന ഊർജ്ജത്തെ ശരീരം ഗ്ലൈക്കോജൻ ആയും, കൊഴുപ്പായും സൂക്ഷിക്കുന്നു. അമിതവണ്ണം, പ്രമേഹം, ഫാറ്റി ലിവർ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ദഹന പ്രശ്നങ്ങൾ, ഉറക്കക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാവാം. ഒരുവിധത്തിൽ പറയുകയാണെങ്കിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണക്കാരൻ നമ്മുടെ ആഹാര രീതിയാണ്.
ജീവിതശൈലി രോഗങ്ങൾ എന്താന്നെന്ന് എല്ലാവര്ക്കും അറിയാം എന്നിട്ടും അത് എങ്ങനെ നമ്മളെ ബാധിക്കുന്നു ആർക്കും അറിയില്ല. ജീവിതശൈലി രോഗം ഉള്ളവർക്കും, വരാൻ സാധ്യത ഉള്ളവരും എനിക്ക് വരില്ല എന്ന് ചിന്തിക്കുന്നവരും ഒരേ സ്വരത്തിൽ പറയുകയാണ് മരുന്ന് കഴിച്ചാൽ മാറും. അസുഖം ഉള്ളവർ അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ കൂടെ മരുന്നും കഴിക്കും.
അപകടകരമായ മാനസികാവസ്ഥ
രോഗമുള്ളവരും ഇല്ലാത്തവരും പറയുന്ന കാര്യമാണ് ഒരു ജീവിതമല്ല ഉള്ളു, ഒരു പരിധി കഴിഞ്ഞാൽ അസുഖങ്ങൾ വരും, പ്രായം കൂടി വരുമ്പോൾ ഭക്ഷണം കൂടുതൽ കഴിക്കാൻ പറ്റില്ല, വളരെക്കാലം ജീവനോടെ കാണില്ല അതിനാൽ എല്ലാവിധ ആഹാരവും കഴിക്കുക. അസുഖം വന്നാൽ എനിക്ക് ക്യാഷ് ഉണ്ട്, ഡോക്ടർ ഉണ്ട്, മരുന്ന് ഉണ്ട്. കൊളോസ്റ്ററോൾ കൂടുമ്പോൾ ഓടാനും ജിമ്മിൽ പോകാനും തുടങ്ങും അതും കുറച്ച് നാൾ, കൊളസ്ട്രോൾ കുറഞ്ഞാൽ ഇനി ഒരിക്കലും വരില്ല എന്ന മട്ടിൽ ജീവിതം വീണ്ടും പഴയ ശൈലി.
ഡോക്ടർ വ്യായാമം ചെയ്യാൻ പറയുമെങ്കിലും മിക്കവാറും അനുസരിക്കാറില്ല. കൂടുതൽ ആളുകളും ഗുളിക കഴിച്ചു മാറ്റാൻ ശ്രമിക്കും. വ്യായാമം നല്ലതാണ് പക്ഷെ ആഹാരം നിയന്ത്രിക്കാതെ പിന്നീട് ദുഖിച്ചിട്ട് കാര്യമില്ല. ഇക്കാലത്ത് മെലിഞ്ഞാൽ എന്തെങ്കിലും അസുഖമാണെന്നും, വണ്ണവും കുടവയറും ആരോഗ്യമുള്ളതിന്റെ ലക്ഷണങ്ങളാണെന്നാണ് ആളുകൾ കരുതുന്നത്. പ്രായം കൂടി വരുന്നതിനാലാണ് വണ്ണം വെയ്ക്കാൻ കാരണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. പഞ്ചസാര നിർത്തിയാൽ ജീവിക്കാൻ സാധിക്കില്ല, ഭക്ഷണം കഴിക്കും പോലെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് മധുരമെന്ന് വിശ്വസിക്കുന്നവരുണ്ട്.
ജീവിത ശൈലി രോഗങ്ങൾ കുറക്കാൻ
- പഴങ്ങൾ
2.ധാന്യങ്ങൾ
3.പച്ചക്കറികൾ
4.നാരുകൾ
5.പ്രോട്ടീൻ
6.ആരോഗ്യകരമായ കൊഴുപ്പുകൾ
7.ജലാംശം
8.ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ
9.മത്സ്യം
ഒഴിവാക്കേണ്ടവ
- സംസ്കരിച്ച ഭക്ഷണങ്ങൾ
2. പഞ്ചസാര ഇനങ്ങൾ
3. അനാരോഗ്യകരമായ കൊഴുപ്പുകൾ
4. അമിത ഉപ്പ്
5. മദ്യം
ഉപസംഹാരം
“ആഹാരം കഴിക്കാനായി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കൂ.”
ജീവിതം ഒന്നേ ഉള്ളു അത് നന്നായി ആസ്വദിക്കണമെങ്കിൽ വലിയ അസുഖങ്ങൾ ഇല്ലാതിരിക്കണം. നോക്കൂ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട് അതിനെ എല്ലാം തരണം ചെയ്യാൻ പറ്റും. എന്നാൽ ഒരു അസുഖം വന്നാലോ അത് നമ്മളെ വേട്ടയാടും ഉറക്കം നഷ്ടപ്പെടുത്തും. ജീവിതത്തിൽ നിരന്തരമായി നടക്കുന്ന കാര്യങ്ങൾ കുറെ നാളുകൾക്ക് ശേഷം ശീലമാകും പിന്നെ അതിനെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യം വരില്ല, പക്ഷെ രോഗം അങ്ങനെയല്ല എന്നതാണ് വാസ്തവം.
ഭക്ഷണം ക്രമീകരിക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, രോഗങ്ങൾ വരുമ്പോൾ സ്വയം ചികിൽസിക്കാതെ ഡോക്ടറെ കാണുക. അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കുക.