
മനുഷ്യന്റെ അടിസ്ഥാനപരമായ വൈകാരിക പ്രകടനങ്ങളിലൊന്നാണ് കരച്ചിൽ. കരഞ്ഞുകൊണ്ടാണ് ഓരോരുത്തരും ജനിക്കുന്നത്. കരയാത്ത മനുഷ്യർ ആരും തന്നെ കാണില്ല, എത്ര ധൈര്യശാലിയാണെങ്കിലും ഒന്നല്ല, ഒന്നിലധികം തവണ കരഞ്ഞവരായിരിക്കും എല്ലാവരും. വൈകാരിക ബുദ്ധി കൂടുതൽ ഉള്ളവരാണ് കരയുന്നവർ, കരയുന്നത്കൊണ്ട് അവർ ശക്തരല്ല എന്ന് കരുതരുത്. കരയുന്നത് നല്ലതാണ്, കരയുമ്പോൾ തലച്ചോർ ഓക്സിടോസിൻ, എൻഡോർഫിൻ തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടുന്നു, ഇത് നിങ്ങൾക്ക് ആശ്വാസം നൽകുന്നു.
എന്തിനാണ് കരയുന്നത്, കാരണങ്ങൾ പലതാണ്, പ്രധാനമായി ദുഃഖം, കോപം, സന്തോഷം, ഭയം എന്നീ വികാരങ്ങൾക്കുള്ള പ്രതികരണമായിട്ടാണ്. കരയുന്നത് നല്ലതല്ല എന്ന് കരുതി അടക്കി പിടിക്കുന്നവരാണ് കൂടുതൽ, സത്യമെന്തെന്നാൽ, കരച്ചിൽ ഭീരുത്വമല്ല, മറിച്ചു സമ്മർദ്ദവും വൈകാരിക പിരിമുറുക്കവും ഒഴിവാക്കാനുള്ള ആരോഗ്യകരമായ ഒരു മാർഗമാണ്. കരയുമ്പോൾ സമ്മർദ്ദത്തിന്റെ അളവ് കുറയുന്നു, ഇത് മെച്ചപ്പെട്ട ഉറക്കത്തിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായകമാകുന്നു.
നിങ്ങൾ കരയാറുണ്ടോ, ചോദിച്ചാൽ പലരുടെയും ഉത്തരം കരയാറില്ല എന്നുതന്നെയാണ്. പുരുഷന്മാരുടെ കാര്യത്തിൽ അത് ശരിയാണ് എന്തെന്നാൽ പുരുഷന്മാർ കണ്ണുനീർ പിടിച്ചു വെയ്ക്കും. അതിനർത്ഥം അവർ കരയാറില്ല എന്നല്ല ആണുങ്ങളും കരയാറുണ്ട്, കൂടുതലും ആരും കാണാതെയും, അവർ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയുടെ മുന്നിലും മാത്രം. “ആണുങ്ങൾ കരയാറില്ല ഒരിക്കലും കരയരുത് മറ്റുള്ളവർ നിന്നെ ദുർബലനായി കണക്കാക്കും”. കുഞ്ഞുനാൾ മുതൽക്കേ ആൺകുട്ടികളെ മാതാപിതാക്കളും, സമൂഹവും പറഞ്ഞു പഠിപ്പിക്കുകയാണ്.
സഹിക്കുന്നതിന്റെ പരിധി കഴിഞ്ഞും പുരുഷന്മാർ പിടിച്ചു നിൽക്കും. സ്ത്രീകൾ തികച്ചും വ്യത്യസ്തരാണ്, കരയുന്നവരാണ് കൂടുതൽ, അതിനു പ്രത്യേകിച്ച് ഒരു കാരണം ആവശ്യമില്ല. എന്നാൽ കരയാത്ത സ്ത്രീകളുമുണ്ട് (ഒരിക്കൽ പോലും എന്ന് അർത്ഥമില്ല) ഒന്ന് കരഞ്ഞു മടുത്തവർ, കരഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കിയവർ എന്ത് സംഭവിച്ചാലും കരച്ചിൽ വരാത്തവർ അഥവാ ശീലമായവർ, പിന്നെ ജന്മനാ വളരെ സ്ട്രോങ്ങ് മനസ്സുള്ള സ്ത്രീകൾ. സന്തോഷം വന്നാലും, സർപ്രൈസ് ഉണ്ടായാലും പുരുഷന്മാർ പൊതുവെ കരയാറില്ല. സ്ത്രീകൾ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ സാധ്യത കൂടുതലാണെങ്കിലും, പുരുഷന്മാർക്കും സ്ത്രീകൾക്കും സമാനമായ വികാരങ്ങളുടെ വ്യാപ്തിയും തീവ്രതയും ഉള്ളവരാണ്.
കരച്ചിൽ ചിലരുടെ അടവും കൂടെയാണ്, വിശ്വാസം നേടുവാൻ, അനുകമ്പ സ്വന്തമാക്കാൻ, സഹതാപം സൃഷ്ടിക്കാൻ സഹായിക്കും. എന്നാൽ കരച്ചിൽ കുറേപേരുടെഅവസാനത്തെ വഴിയായിരിക്കും കൂടെ ഉള്ള വ്യക്തി പോകാതിരിക്കാൻ, സത്യം എത്ര ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാതിരിക്കുമ്പോൾ സ്വാഭാവികമായി കരച്ചിൽ വന്നുപോകും. കുത്തുവാക്കുകൾ കേട്ട് മടുക്കുമ്പോൾ, പരസ്യമായി അപമാനം ഏറ്റുവാങ്ങേണ്ടി വരുമ്പോൾ, ശാസന കിട്ടുമ്പോൾ, ഒറ്റപ്പെടുത്തുമ്പോൾ കരച്ചിൽ വരും.
കരച്ചിലിന്റെ പ്രധാന ഗുണങ്ങൾ
- മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
2. കണ്ണുകളെ വൃത്തിയാക്കുന്നു
3. വേദന സംഹാരിയായി പ്രവർത്തിക്കുന്നു
4. മനസ്സിന് ആശ്വാസം നൽകുന്നു
5. നല്ല ഉറക്കം ലഭിക്കും
6. ബാക്ടീരിയകളെ നശിപ്പിക്കുന്നു
കരച്ചിൽ ദീർഘകാലം അടക്കി പിടിച്ചാൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. അമിത സമ്മർദ്ദം, വിഷാദരോഗം, വൈകാരികമായ മരവിപ്പ്, രോഗപ്രതിരോധ ശേഷി കുറയുന്നു, രക്തസമ്മർദ്ദം കൂടും, ഹൃദയമിടിപ്പ് വർദ്ധിക്കും, പെട്ടെന്നുള്ള പൊട്ടിത്തെറികൾ ഇവ എല്ലാം ഉണ്ടാകാൻ കാരണമാകും.
ഉപസംഹാരം
സിനിമ കണ്ടും, സ്വന്തം കാര്യത്തിൽ അല്ലാതെ മറ്റെതെങ്കിലും സാഹചര്യം കൊണ്ടോ കരയുന്നവരാണോ, എങ്കിൽ നിങ്ങൾ വളരെ ശക്തരായ മനുഷ്യനാണ്. നിങ്ങൾക്ക് വൈകാരിക ബുദ്ധി കൂടുതലാണ്. ഒരിക്കലും കരച്ചിൽ അടിച്ചമർത്തരുത്, കരച്ചിൽ വന്നാൽ കരയുക, ആരും കാണാതെ കരയുക. കരഞ്ഞാൽ നിങ്ങളുടെ പ്രശ്നങ്ങൾ മാറില്ല, എന്നാൽ മാനസിക സംഘർഷങ്ങൾക്ക് ആശ്വാസം ഉറപ്പായും ലഭിക്കും. വികാരങ്ങൾ ആരും ഉണ്ടാക്കി എടുക്കുന്നതല്ല, മനുഷ്യസഹജമാണ് അതിനെ പിടിച്ചു വെയ്ക്കരുത്.