
ഭൂതകാലം
“മുന്നോട്ടുള്ള ജീവിതം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു…”
അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടാണ് ഞാനും എന്റെ രണ്ടു സഹോദരങ്ങളും വളർന്നത്. അവർ തമ്മിൽ പിണങ്ങുന്നതോ തർക്കിക്കുന്നതോ ഒരിക്കൽ പോലും കണ്ടതായി ഓർക്കുന്നില്ല. ഇത് കണ്ടു വളർന്ന ഞാൻ ആഗ്രഹിച്ചത് അമ്മയെപ്പോലെ സ്വഭാവമുള്ള ഒരു പെൺകുട്ടിയെയായിരുന്നു.
പഠിപ്പെല്ലാം കഴിഞ്ഞു ജോലി ശരിയായി. അച്ഛൻ വിവാഹാലോചനയുമായി വന്നപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് ആ ഒരൊറ്റ കാര്യമാണ്—അമ്മയെപ്പോലെ സ്നേഹനിധിയായ ഒരാൾ. പെൺകുട്ടിയെ കണ്ടു, പേര് രേവതി. ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമായി, വിവാഹം ഉറപ്പിച്ചു.
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അവളുടെ സ്വഭാവം എനിക്ക് ഉൾക്കൊള്ളാൻ കഴിയാതെയായി. ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും കുറ്റം. ആദ്യമൊന്നും കാര്യമാക്കിയില്ല. അതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചു, പുതിയ വീട് വെച്ച് താമസം മാറി. അപ്പോഴേക്കും രേവതി പൂർണ്ണമായും വേറൊരു ആളായി മാറി.
പിന്നീട് എല്ലാ ദിവസവും വഴക്കായി. നാട്ടുകാരും ഓഫീസുകാരും അറിഞ്ഞു തുടങ്ങി. ആകെ നാണക്കേടായി. പലരും ചോദിച്ചു, “നിനക്ക് നിന്റെ ഭാര്യയെ നിലയ്ക്ക് നിർത്താൻ അറിയില്ലേ?” എന്ന്. ഞാൻ പറഞ്ഞാൽ അവൾ കേൾക്കില്ല എന്ന് എനിക്കല്ലേ അറിയാവൂ. ഒടുവിൽ വിവാഹബന്ധം വേർപെടുത്തിയാലോ എന്ന് ചിന്തിച്ചു തുടങ്ങി. പക്ഷേ, എല്ലാവരുടെയും മുന്നിൽ ഞാൻ തെറ്റുകാരനാകുമോ എന്ന പേടി കാരണം അത് ഉള്ളിലൊതുക്കി.
അങ്ങനെയിരിക്കെ ഒരു വഴക്കിനിടയിൽ രേവതി തന്നെ അത് തുറന്നു പറഞ്ഞു:
“എനിക്ക് മടുത്തു ഈ ബന്ധം, കുറെ കാലമായി സഹിക്കുന്നു. ഇനി വയ്യ!”
ഒരിക്കലും ഒന്നിച്ചു പോകാൻ കഴിയാത്തവർ എത്ര കാലം അഡ്ജസ്റ്റ് ചെയ്യും? വീട്ടുകാർ ഇടപെട്ടിട്ടും അവൾ വഴങ്ങിയില്ല. ഒടുവിൽ പിരിയാൻ തീരുമാനിച്ചു. പക്ഷേ കുട്ടികൾ ചെറുതായതുകൊണ്ടും അവളുടെ വീട്ടിലെ സാഹചര്യം മോശമായതുകൊണ്ടും 20 വർഷം ഞങ്ങൾ ഒരേ വീട്ടിൽ രണ്ട് മുറികളിലായി അന്യരെപ്പോലെ കഴിഞ്ഞു.
ഇന്ന് മകൾക്ക് 21-ഉം മകന് 23-ഉം വയസ്സായി. ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം ആയതുകൊണ്ട് നടപടികൾ എളുപ്പമായി. ഇനി സമാധാനമായി ജീവിക്കണം. സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടുണ്ട്, ഇവിടം ഉപേക്ഷിച്ചു പോകണം. മക്കൾക്ക് എന്നെ ഇഷ്ടമല്ല. അവരും അമ്മയും ഒന്നാണ്. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ മതി അവർക്ക്, എന്നെ വേണ്ട. ഇതെല്ലാം ചിന്തിച്ച് കോടതി വരാന്തയിൽ നിൽക്കുമ്പോഴാണ് വക്കീൽ വിളിക്കുന്നത്.
കുറ്റപത്രം
നാരായണൻ വക്കീൽ ഒരു പ്രത്യേകതയുള്ള ആളാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനക്കേസുകൾ മാത്രമേ അദ്ദേഹം ഏറ്റെടുക്കൂ. സുമേഷും രേവതിയും തമ്മിൽ ജീവനാംശത്തിനോ സ്വത്തിനോ മക്കളുടെ അവകാശത്തിനോ വേണ്ടി തർക്കമില്ലാത്തതിനാൽ അദ്ദേഹം കേസ് ഏറ്റെടുത്തു.
1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13B പ്രകാരം സംയുക്ത ഹർജി സമർപ്പിച്ചു. കോടതി ആറുമാസത്തെ സമയം അനുവദിച്ചു. ആറുമാസം കഴിഞ്ഞു, കേസ് നമ്പർ 135/2025: സുമേഷ് VS രേവതി.
ജഡ്ജിയുടെ ചോദ്യത്തിന് രണ്ടുപേരും ഒരേ സ്വരത്തിൽ മറുപടി നൽകി: “ഞങ്ങൾ വിവാഹമോചനത്തിന് തയ്യാറാണ്.” കോടതി അത് അംഗീകരിച്ചു. നിയമപരമായി അവർ ഇനി പങ്കാളികളല്ല.
മോചനം
കോടതിയിൽ നിന്നിറങ്ങി കാറിൽ കയറിയപാടെ രേവതി കരഞ്ഞുകൊണ്ട് സഹോദരി രാഗിണിയോട് പറഞ്ഞു: “അന്ന് ആലോചന വന്നപ്പോഴേ എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതാണ്. ആരും കേട്ടില്ല. അയാൾക്ക് ഗവണ്മെന്റ് ജോലി ഉള്ളതുകൊണ്ട് എല്ലാവരും നിർബന്ധിച്ചു. എന്റെ 24 വർഷം അയാളുടെ കുഞ്ഞുങ്ങളെയും നോക്കി ഞാൻ കളഞ്ഞു.”
പഠിപ്പുണ്ടായിട്ടും അയാൾ ജോലിക്ക് വിട്ടില്ലെന്ന് രേവതി പരിഭവിച്ചു. ഒരു പത്തു രൂപയ്ക്ക് പോലും കണക്ക് പറയേണ്ടി വന്ന അവസ്ഥ. മക്കളെ വളർത്താൻ താൻ പെട്ട പാട് തനിക്ക് മാത്രമേ അറിയാവൂ എന്ന് അവൾ വിശ്വസിച്ചു. മക്കൾ തന്റെ കൂടെ നിൽക്കുന്നതാണ് ഏക ആശ്വാസം.
“അമ്മയ്ക്ക് ഇത് നേരത്തെ ആകാമായിരുന്നില്ലേ?” എന്ന് മകൾ മാളു ചോദിച്ചപ്പോൾ അവൾക്ക് സമാധാനമായി.
മനസ്സുകൊണ്ട് നേരത്തെ പിരിഞ്ഞതാണ്, ഇപ്പോൾ നിയമപരമായും അവസാനിച്ചു. ഇനി സ്വന്തം വീട്ടിൽ പോയി അമ്മയെ നോക്കി സമാധാനമായി ഉറങ്ങണം. സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാറ്റസ് ഇടണം: ‘Finally Free’.
ആളൊഴിഞ്ഞ വീട്
മാളു തന്റെ ചേട്ടൻ കണ്ണനെ വിളിച്ചു. രണ്ടുപേരും മാനസികമായി തകർന്നിരിക്കുകയായിരുന്നു.
കണ്ണൻ: “നമ്മളെ സ്നേഹിക്കാൻ അമ്മയ്ക്കോ അച്ഛനോ സമയം ഉണ്ടായിരുന്നോ? അവർക്ക് പരസ്പരം വഴക്കിടാൻ അല്ലായിരുന്നോ താല്പര്യം?” മാളു: “നമ്മൾ കാരണം ഇത്രയും കാലം സഹിച്ചു എന്നാണ് അവർ പറയുന്നത്.” കണ്ണൻ: നമ്മുടെ ബാല്യവും കൗമാരവും നഷ്ടപ്പെട്ടത് ആര് തിരിച്ചു തരും? രണ്ടും അഹംഭാവത്തിന്റെ പുറത്താണ് ജീവിച്ചത്. ആരും താഴ്ന്നു കൊടുക്കാൻ തയ്യാറായില്ല.”
അച്ഛനെ അമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നുവെന്നും, വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്ന് കരുതി വീട്ടുകാർ നിർബന്ധിച്ചതാണെന്നും അമ്മൂമ്മ വഴി മാളു അറിഞ്ഞിരുന്നു. പക്ഷേ ഒന്നും ശരിയായില്ല.
മാളു: “ചേട്ടാ, എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ്. ഞാൻ അത് പണ്ടേ തീരുമാനിച്ചതാണ്.” കണ്ണൻ: “എനിക്കും… ഇവരുടെ ജീവിതം കണ്ട് എന്റെ മനസ്സ് മരവിച്ചു പോയി.”
ഫോൺ കട്ടായി. മുറിയിൽ നിശബ്ദത മാത്രം. ആ വീട്ടിൽ ഇനി വഴക്കുകളുണ്ടാകില്ല, പക്ഷേ ആരും ഉണ്ടാവുകയുമില്ല.
Disclaimer: ഇതൊരു സാങ്കൽപ്പിക കഥ മാത്രമാണ്. ഏതെങ്കിലും വ്യക്തികളുമായോ, സംഭവങ്ങളുമായോ, സ്ഥലങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല.