Tag: BeTheChange

  • പൗരബോധം തുടങ്ങുന്നത് നമ്മൾ ഓരോരുത്തരിൽ നിന്നാണ്

    file 00000000834c61fa8c37295b8fa02f95

    മനുഷ്യരെല്ലാം സമൂഹമായാണ് ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട, പ്രകടിപ്പിക്കേണ്ട അടിസ്ഥാനപരമായ മര്യാദകളുണ്ട് അതിനെ പറയുന്ന പേരാണ് സിവിക് സെൻസ് അഥവാ പൗരബോധം. പൗരബോധം ആധുനിക സമൂഹത്തിന്റെ മുഖക്കണ്ണാടിയാണ്.  മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് അതിനുള്ള കാരണം പരസഹായം ഇല്ലാതെ ഒരാൾക്കും ജീവിക്കാനോ അവന് ആവശ്യമുള്ളതൊന്നും ഒറ്റയ്ക്ക് നിറവേറ്റാനും സാധിക്കില്ല എന്നതുകൊണ്ടാണ്.

    നമ്മുടെ വീട്ടിൽ നിന്നും ഇറങ്ങിയാൽ നാം ഉപയോഗിക്കുന്നതെല്ലാം പൊതു സ്വത്താണ്, ഉദാഹരണത്തിന് പൊതു ഗതാഗതം, യാത്ര ചെയ്യുന്ന വഴികൾ, ഹോസ്പിറ്റൽ, ഓഫീസുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവയെല്ലാം പൊതുസ്വത്താണ് ആരുടെയും സ്വന്തമല്ല. നമുക്ക് ആവശ്യമുള്ളതുപോലെ പെരുമാറാം, ഉപയോഗിക്കാം എന്നല്ല മറിച്ചു മറ്റുള്ളവർക്കും ഉപയോഗിക്കണം വേറെ ആർക്കും ഉപദ്രവം ഉണ്ടാകരുത്. നികുതി അടക്കുന്നു എന്ന കാരണത്താൽ ഒന്നും ആരുടെയും സ്വന്തമല്ല ഓർമിക്കുക.

    ഇന്ത്യയിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ഭാരതീയൻ എന്ന നിലയിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ സംസ്ക്കാരം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് എന്നതിലും അഭിമാനം കൊള്ളുന്നു. ഇന്ത്യക്കാർ എല്ലാവരും പൗരബോധം കാത്തു സൂക്ഷിക്കുന്നുണ്ടോ? പൗരബോധമില്ലാത്തത് അറിവില്ലാത്തത് കൊണ്ടാണെങ്കിൽ ചിലർ മനപൂർവം പെരുമാറുന്നതാണ്. ഏറ്റവും മികച്ച പൗരബോധമുള്ള ഒരു രാജ്യവും ഇന്ന് നിലവിലില്ല എന്നാൽ മികച്ച പൗരബോധമുള്ള രാജ്യങ്ങൾ ഏതെന്നു പരിശോധിച്ചാൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ് നോർവേ, സ്വിറ്റ്സർലാന്റ്, ഡെൻമാർക്ക്‌, സ്വീഡൻ. ഏഷ്യയിൽ പൗരബോധമുള്ള രാജ്യങ്ങളുടെ പട്ടിക നോക്കിയാൽ മുന്നിലുള്ളത് ജപ്പാൻ, സിംഗപ്പൂർ. ഇന്ത്യയിൽ പൗരബോധം ഉള്ള സംസ്ഥാനങ്ങളിൽ മുന്നിൽ ഇടം നേടിയത് കേരളം, തമിഴ്നാട്,സിക്കിം, മിസോറം. പൗരബോധം എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ് അതിനാലാണ് മികച്ച ഒരു രാജ്യവും അതിൽ ഉൾപ്പെടാത്തത്.

    പൗരബോധം ഉള്ള ഒരാൾ മികച്ച മനുഷ്യനായിരിക്കും കാരണം ആ വ്യക്തി അയാളെയും സമൂഹത്തെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും മറ്റൊരാൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യില്ല. വിദ്യാഭ്യാസവും അറിവും ഉള്ള ഒരാൾക്ക് പൗരബോധം ഉണ്ടാകണമെന്ന് നിർബന്ധമില്ല. കാരണം ഒരു വ്യക്തി ജീവിച്ചു വളർന്ന സാഹചര്യം, സ്വഭാവം, ചിന്ത എല്ലാം ഘടകങ്ങളാണ്. നിയമം അടിച്ചേൽപ്പിച്ചു ഒരു പരിധി വരെ പൗരബോധം നിർമിച്ചെടുക്കാം. എന്നാൽ പൂർണമായി ഒരാളിൽ പൗരബോധം ഉളവാക്കണമെങ്കിൽ അവബോധം നൽകിയാൽ മാത്രമേ സാധിക്കൂ. അവബോധം വീട്ടിൽ നിന്നും ആരംഭിക്കണം അടുത്ത് സ്കൂൾ തലത്തിലും പിന്നീട് സ്വന്തം ജീവിതത്തിലും നടപ്പിലാക്കി മറ്റുള്ളവർക്ക് ഉദാഹരണമാകുക.

    നമുക്ക് ശരിയെന്ന് തോന്നുന്ന, ചെയ്തു കൊണ്ടിരിക്കുന്ന നല്ലൊരു ശതമാനം കാര്യങ്ങളും തെറ്റാണ്. അതൊന്ന് പരിശോധിക്കാം.

    1. പൊതു വഴിയിൽ തുപ്പുക, മൂത്രമൊഴിക്കുക, മാലിന്യം വലിച്ചെറിയുക.

    2. ആശുപത്രികൾ, ടിക്കറ്റ് കൗണ്ടറുകൾ മറ്റ് ഓഫീസുകളിൽ എല്ലാം ക്യൂ തെറ്റിക്കുന്നു.

    3. പൊതു ഇടങ്ങളിൽ പുകവലിക്കുക, മുറുക്കി തുപ്പുക.

    4. പൊതു ഗതാഗത സംവിധാനത്തിലും, പൊതു ഇടങ്ങളിലും തൊട്ടടുത്തുള്ള വ്യക്തികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുക, ഉച്ചത്തിൽ പാട്ട് വെയ്ക്കുക, ഉച്ചത്തിൽ വീഡിയോ പ്ലേയ് ചെയ്യുക.

    5. മറ്റൊരാളുടെ വസ്തുവിൽ കയറി പഴവർഗ്ഗങ്ങൾ പറിക്കുക, മറ്റ് സാധനങ്ങൾ എടുക്കുക.

    6. ക്ലാസ് റൂമുകൾ, പൊതുഇടങ്ങൾ, സംരക്ഷിത സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം എഴുതുക, വരയ്ക്കുക, പരസ്യം പതിക്കുക.

    7. അശ്രദ്ധമായി ഓവർ സ്പീഡിൽ വാഹനം ഓടിക്കുക, വേറൊരു വാഹനത്തിന്റെ കടത്തി വിടാതെ തടസ്സം ഉണ്ടാക്കുക, അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുക, ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുക – റോഡ് മുറിച്ചു കടക്കുക, അനുവാദമില്ലാത്ത ബുദ്ധിമുട്ടുള്ള രീതിയിൽ വാഹനം പാർക്ക് ചെയ്യുക. സിഗ്നൽ തെറ്റിക്കുക, നടപ്പാതയിലൂടെ വാഹനം പാർക്ക് ചെയ്യുക – ഓടിക്കുക, വലിയ ശബ്ദത്തിൽ ഹോൺ മുഴക്കുക, രാത്രി യാത്രയിൽ ഡിം ലൈറ്റ് ഉപയോഗിക്കാതിരിക്കുക, ആംബുലൻസിന് തടസ്സം നിൽക്കുക. തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പെട്ടെന്ന് ബ്രേക്ക് ചവിട്ടുക – വാഹനം തിരിക്കുക

    8. പൊതു ശൗചാലയങ്ങൾ നശിപ്പിക്കുക, വൃത്തിഹീനമാക്കുക.

    മുകളിൽ പറഞ്ഞതെല്ലാം എല്ലാവരും ഉൾപ്പെടില്ല മാത്രമല്ല കാലം, വിദ്യാഭ്യാസം, നിയമം മാറിയതനുസരിച്ചു പൗരബോധം വർദ്ധിക്കുന്നുണ്ട്. വീടുകളിൽ നിന്നുമാണ് പൗരബോധം പഠിപ്പിക്കേണ്ടത്. കുഞ്ഞുങ്ങളുടെ ആദ്യത്തെ അധ്യാപകർ അമ്മയും അച്ഛനുമാണ്. ഒരു പൊതു സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും, ജീവിക്കണമെന്നും പഠിപ്പിക്കേണ്ടതും, ജീവിച്ചു കാണിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കളുടേതാണ്. പിന്നീട് വിദ്യാലയങ്ങളിൽ വിശദമായി പഠിപ്പിക്കുക.

    പൗരബോധം വളർത്താൻ ഗവണ്മെന്റ് മുൻകൈ എടുക്കുക, പത്രമാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഇടങ്ങൾ, ഇൻഫ്ലുൻസർമാർ, ജനങ്ങളുടെ ആരാധ്യ വ്യക്തികൾ എല്ലാവരും പൗരബോധത്തിന്റെ ആവശ്യകത ജനങ്ങളെ പറഞ്ഞു ബോധവാന്മാരാക്കുക. പൊതു ഇടങ്ങളിൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഗവണ്മെന്റ് മാത്രമല്ല നാം ഉൾപ്പെടുന്ന ഓരോരുത്തരുടെയും കടമയാണ്. ഇന്ത്യയിൽ ജീവിക്കാൻ എല്ലാവർക്കും പൂർണ സ്വാതന്ത്ര്യമാണുള്ളത് അതിനർത്ഥം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക എന്നല്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു അത് സാധ്യമാക്കാൻ നാം ഓരോരുത്തരും പൗരബോധത്തോടെ ജീവിച്ചാൽ മാത്രമേ സാധിക്കൂ.

    Leave a Reply

    Your email address will not be published. Required fields are marked *